വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ അയാൾ വാനിനകത്തേക്ക് കയറിവന്നു; തെന്നിന്ത്യൻ സംവിധായകനെതിരെ നടി

9 months ago 8

Shalini Pandey

ശാലിനി പാണ്ഡേ | ഫോട്ടോ: Instagram

ചെന്നൈ: ദക്ഷിണേന്ത്യൻ സംവിധായകനെതിരെ ​ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് നടി ശാലിനി പാണ്ഡേ. താൻ വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ വാനിലുള്ളിലേക്ക് സംവിധായകൻ കയറിവന്നുവെന്ന് അവർ ഫിൽമിജ്ഞാനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇദ്ദേഹം കയറിവരുന്നതിനുമുൻപ് കതകിൽ തട്ടുകപോലും ചെയ്തിരുന്നില്ല. കരിയറിന്റെ ആരംഭഘട്ടത്തിൽ സ്വയരക്ഷയ്ക്കുവേണ്ടി ചില അതിരുകൾ നിശ്ചയിക്കേണ്ടിവന്നുവെന്നും അവർ പറഞ്ഞു.

നല്ല പുരുഷന്മാർക്കൊപ്പം മാത്രമല്ല കരിയറിൽ ജോലി ചെയ്തിട്ടുള്ളതെന്ന് ശാലിനി പാണ്ഡേ പറഞ്ഞു. വെറുപ്പ് തോന്നിക്കുന്ന പുരുഷന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഓൺ-സ്ക്രീനിലും ഓഫ്-സ്ക്രീനിലും ക്രൂവിനുള്ളിലെ കാര്യങ്ങളെക്കുറിച്ചുമാണ് താൻ സംസാരിക്കുന്നത്. നിങ്ങൾക്ക് അതിരുകൾ ഉണ്ടായിരിക്കണം. സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്ന് വന്നയാളല്ലെന്നും പരിപൂർണമായും പുറത്തുനിന്നുള്ളയാളാണ് താനെന്നും ശാലിനി വ്യക്തമാക്കി.

"എന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു ദക്ഷിണേന്ത്യൻ സിനിമ ചെയ്യുകയായിരുന്നു. ഞാൻ വാനിനകത്ത് വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ടുകപോലും ചെയ്യാതെ സംവിധായകൻ അകത്തേക്ക് കയറിവന്നു. അയാൾ അകത്തുകടന്ന ഉടനെ ഞാൻ അലറി. ഈ സംഭവം നടക്കുമ്പോൾ എനിക്ക് 22 വയസായിരുന്നു. അയാൾ പുറത്തുപോയതിനുശേഷം പലരും പറഞ്ഞു, ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നെന്ന്. ആളുകളോട് പൊട്ടിത്തെറിക്കുന്നതിനുപകരം അത്തരം കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി." ശാലിനി പറഞ്ഞു.

ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തനിക്ക് സന്തോഷമുണ്ടെന്നും ശാലിനി പാണ്ഡേ പറഞ്ഞു. നിങ്ങൾക്ക് അതിരുകൾ ഉണ്ടായിരിക്കണം. സ്ത്രീകളെ തരംതാണവരായി കണക്കാക്കുന്ന പുരുഷന്മാരെയും താൻ നേരിട്ടിട്ടുണ്ട്. യാഥാർത്ഥ്യവും അതാണെന്നും ശാലിനി കൂട്ടിച്ചേർത്തു.

മഹാരാജ് എന്ന ബോളിവുഡ് ചിത്രത്തിലാണ് ശാലിനി പാണ്ഡേ അടുത്തിടെ വേഷമിട്ടത്. ആമിർ ഖാന്റെ മകനായ ജുനൈദ് ഖാനാണ് ചിത്രത്തിലെ നായകൻ. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡ്ലി കടൈ ആണ് ശാലിനിയുടെ പുതിയ ചിത്രം. അർജുൻ റെഡ്ഡി, മഹാനടി, 118 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ശാലിനി പാണ്ഡേ. ഈയിടെ ഡബ്ബാ കാർട്ടൽ എന്ന വെബ്സീരീസിലും അവർ വേഷമിട്ടിരുന്നു.

Content Highlights: Shalini Pandey Accuses South Indian Director of Harassment

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article