
കെ.പി. ഉമ്മറും ശിവാജി ഗണേശനും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
മല്ലയുദ്ധവും വാള്‍പ്പയറ്റും കുതിരയോട്ടവും നൃത്തവും പാട്ടുമൊക്കെയായി വെള്ളിത്തിരയെ ഉത്സവമാക്കിയ വടക്കന്‍പാട്ട് ചിത്രങ്ങള്‍ 'ഉദയ'യില്‍നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന കാലത്തുതന്നെയാണ് 'നവോദയ'യുടെയും പിറവി. വടക്കന്‍പാട്ടുകഥകളെ അധികരിച്ചുള്ള ചലച്ചിത്രാവിഷ്‌കാരങ്ങളുടെ ആലോചനകള്‍ തുടങ്ങുമ്പോള്‍ തന്നെ 'ഉദയ'യുടെ അമരക്കാരന്‍ കുഞ്ചാക്കോയുടെ മനസ്സില്‍ തെളിഞ്ഞ പേരുകളിലൊന്നായിരുന്നു ത്യാഗരാജന്റേത്. ഉദയയുടെ നെടുംതൂണായിരുന്ന കുഞ്ചാക്കോയുടെ സഹോദരന്‍ അപ്പച്ചന്‍ നവോദയ എന്ന ചലച്ചിത്രപ്രസ്ഥാനത്തിന് തുടക്കമിടുമ്പോള്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തിയവരിലൊരാളും ത്യാഗരാജനായിരുന്നു. അതോടെ മലയാള സിനിമയില്‍ നവോദയ നടത്തിയ വിപ്ലവകരമായ പല മാറ്റങ്ങളുടെയും ഭാഗമായി ത്യാഗരാജനും മാറി.
ഉദയയുടെ എഴുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണച്ചുമതല വഹിച്ച അപ്പച്ചന്‍ നവോദയയ്ക്കു വേണ്ടിയൊരുക്കിയ ആദ്യചിത്രം കടത്തനാട്ടു മാക്കമായിരുന്നു. ഉദയ ചിത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു കടത്തനാട്ടു മാക്കം. പ്രേംനസീറും ഷീലയും ജയനും ജയഭാരതിയും കെ.പി. ഉമ്മറും അടൂര്‍ഭാസിയും ഉള്‍പ്പെടെയുള്ള അഭിനേതാക്കളെല്ലാം നവോദയയ്ക്ക് വലിയ പിന്തുണയാണ് നല്‍കിയത്. കടത്തനാട്ടു മാക്കത്തിന്റെ വിജയത്തെ തുടര്‍ന്നാണ് മലയാളസിനിമയില്‍ നവോദയയുടെ വിപ്ലവങ്ങള്‍ ആരംഭിക്കുന്നത്. ഈയൊരു മാറ്റത്തിനു കാരണക്കാരന്‍ അപ്പച്ചന്റെ മൂത്തമകന്‍ ജിജോ ആയിരുന്നു. സാങ്കേതികമായി നവോദയ കൊണ്ടുവന്ന മാറ്റങ്ങള്‍ മലയാളത്തിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പുവില്‍ നിന്ന് തുടങ്ങുന്നു. എണ്ണൂറോളം സിനിമാശാലകളാണ് അന്ന് കേരളത്തില്‍ ഉള്ളത്. അതില്‍ത്തന്നെ സിനിമാസ്‌കോപ്പ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ലെന്‍സുകളുള്ള തിയേറ്ററുകള്‍ ഇരുപത്തിയഞ്ചില്‍ താഴെ. എന്നിട്ടും അസാദ്ധ്യമായത് ഒന്നുമില്ലെന്ന ജീജോയുടെ നിലപാടിനൊപ്പം അപ്പച്ചനും നിന്നു: 'മലയാളത്തില്‍ ആദ്യമായി ഒരു സിനിമാ സ്‌കോപ്പ് ചിത്രം വരുന്നു. തച്ചോളി അമ്പു. സിനിമ വിജയിപ്പിക്കാന്‍ ചലച്ചിത്രേ്രപമികള്‍ മുന്നോട്ടു വരണം.'
അപ്പച്ചന്‍ പറഞ്ഞുകൊടുത്ത കഥാസന്ദര്‍ഭങ്ങള്‍ക്ക് മല്ലയുദ്ധവും വാള്‍പ്പയറ്റുമായി അമ്പരപ്പിക്കുന്ന സംഘട്ടനരംഗങ്ങള്‍ ത്യാഗരാജന്‍ കമ്പോസ് ചെയ്തു. ഒപ്പം കുതിരയോട്ടവും മുതലയുമായുള്ള ഏറ്റുമുട്ടലുമൊക്കയായി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കുറെ സാഹസികരംഗങ്ങളും. ചിത്രത്തിലെ നായകന്‍ പ്രേംനസീറാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ, തച്ചോളി അമ്പുവിലെ തച്ചോളി ഒതേനനാവാന്‍ അപ്പച്ചന്‍ ഒരാളെ കണ്ടുവെച്ചിരുന്നു. അതിഥിതാരമായി തമിഴകത്തു നിന്ന് അയാള്‍ എത്തി. ശിവാജി ഗണേശന്‍! തച്ചോളി അമ്പുവിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച പ്രധാനഘടകങ്ങളിലൊന്നായിരുന്നു ശിവാജി ഗണേശന്റെ സാന്നിദ്ധ്യം. ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കി ഒറ്റ ദിവസത്തേക്കാണ് ശിവാജിയെ തച്ചോളി അമ്പുവില്‍ അഭിനയിക്കാനായി അപ്പച്ചന്‍ കൊണ്ടുവന്നത്. ഇടുക്കിയിലെ കുളമാവിലെ സെറ്റിലേക്ക് ഗാംഭീര്യത്തോടെ ശിവാജി കടന്നുവന്നു. കലാ സംവിധായകന്‍ എസ്. കൊന്നനാട്ട് തയ്യാറാക്കിയ അങ്കത്തട്ടിലേക്ക് കയറി അദ്ദേഹം ചോദിച്ചു:
'ത്യാഗരാജനെവിടെ?'
'ആന്ധ്രയില്‍ വിട്ലാചാര്യരുടെ പടത്തിന്റെ ഷൂട്ടിങ്ങിനു പോയതാണ്.'
കളരിപ്പയറ്റിന്റെ ചുവടുകള്‍ പറഞ്ഞുകൊടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന ഗോപാലന്‍ ഗുരുക്കളാണ് മറുപടി പറഞ്ഞത്. നരസിംഹരാജു അഭിനയിക്കുന്ന ജഗന്‍മോഹിനി എന്ന സിനിമയിലെ ഫൈറ്റ് ചിത്രീകരണത്തിനായി അപ്പച്ചനോട് രണ്ടുദിവസത്തെ അവധി വാങ്ങി ആന്ധ്രയിലെ ലൊക്കേഷനിലായിരുന്നു അപ്പോള്‍ ത്യാഗരാജന്‍. ശിവാജി ഗണേശന്റെ ഒതേനനും കെ.പി. ഉമ്മറിന്റെ കതിരൂര്‍ ഗുരുക്കളും തമ്മിലുള്ള അങ്കത്തിന്റെ സംവിധാനചുമതല തന്റെ സഹായികളായ ഷാഹുല്‍ ഹമീദിനെയും രാജ്കുമാറിനെയും ഏല്‍പ്പിച്ചാണ് അദ്ദേഹം ആന്ധ്രയിലേക്ക് പോയത്.

പിച്ചളയില്‍ വാര്‍ത്ത ഭാരം കൂടിയ പരിചയായിരുന്നു അങ്കത്തിനായി കൊണ്ടുവന്നത്. ശിവാജിയുടെയും ഉമ്മറിന്റെയും കൈത്തണ്ടയോടു ചേര്‍ത്ത് തുകലിന്റെ ഒരു ബെല്‍റ്റ് ഇട്ടിരുന്നു. അങ്കത്തിനിടയില്‍ പരിച കൈയില്‍നിന്ന് ഊരിപ്പോകാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍. രണ്ടു ദേശങ്ങളെ സാക്ഷിയാക്കി അങ്കം തുടങ്ങി. ക്ലോസപ്പ് ഷോട്ടുകള്‍ മുഴുവനായി ഛായാഗ്രാഹകന്‍ യു. രാജാഗോപാല്‍ ക്യാമറയില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. അങ്കത്തിന് അകമ്പടിയായ ചെണ്ടമേളത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഒരു നിമിഷം ശിവാജി ഗണേശന്‍ അഭിനയം മറന്നു. ഇടതുകാല്‍ പൊക്കി ഒരു കൈയില്‍ പരിചയും മറുകൈയില്‍ ഉറുമിയുമായി കെ.പി. ഉമ്മറിനെ നേരിടുമ്പോള്‍ പരിചയുടെ ഭാരം താങ്ങാനാവാതെ ശിവാജി കൈകുത്തി വീണു. ഒരു കൊടുങ്കാറ്റിന്റെ അവസാനംപോലെ ഷൂട്ടിങ്ങ് സെറ്റാകെ പെട്ടെന്ന് നിശ്ശബ്ദമായി. എല്ലാവരും ശിവാജിയുടെ അരികിലേക്ക് ഓടിവന്നു.
'കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടല്ലോ...'
ഗോപാലന്‍ ഗുരുക്കള്‍ പറഞ്ഞു. വേദന കടിച്ചമര്‍ത്തി ശിവാജി എഴുന്നേറ്റു. ഉടനെ അപ്പച്ചനടക്കം പലരും ചേര്‍ന്ന് മൂവാറ്റുപുഴയിലുള്ള ഒരു ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. അങ്കത്തിന്റെ ക്ലോസപ്പ് ഷോട്ടുകള്‍ മുഴുവന്‍ നേരത്തേ ചിത്രീകരിച്ചതുകൊണ്ട് ലോങ് ഷോട്ടുകള്‍ മാത്രമേ എടുക്കാനുണ്ടായിരുന്നുള്ളൂ. അന്ന് വൈകുന്നേരമാകുമ്പോഴേക്കും ശിവാജിക്ക് ഷാഹുലും ഉമ്മറിന് രാജ്കുമാറും ഡ്യൂപ്പിട്ട് അങ്കത്തിന്റെ ലോങ്ങ് ഷോട്ടുകളെല്ലാം സഹസംവിധായകന്‍ സ്റ്റാന്‍ലി ജോസ് ചിത്രീകരിച്ചു. കുളമാവിലെ അങ്കത്തട്ടില്‍നിന്ന് ഷൂട്ടിങ് സംഘം പിരിയുമ്പോള്‍ സ്റ്റീല്‍കമ്പി വെച്ച കൈയുമായി ശിവാജി ഗണേശന്‍ മദ്രാസിലേക്കു മടങ്ങി.
ഓണത്തിന് തച്ചോളി അമ്പു പ്രദര്‍ശനത്തിനെത്തിക്കാനുള്ള കഠിനപ്രയത്നമായിരുന്നു നവോദയ നടത്തിയത്. പക്ഷേ, ഷൂട്ടിങ്ങിനിടയില്‍ ശിവാജിക്കു പറ്റിയ അപകടം എല്ലാവരിലും ആശങ്ക സൃഷ്ടിച്ചു. ശിവാജിയുടെ ഭാഗങ്ങളൊഴിച്ച് ബാക്കി സീനുകള്‍ ധൃതഗതിയില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരുന്നു. ശിവാജി ഗണേശന് അപകടം പറ്റിയ വാര്‍ത്ത പിറ്റേ ദിവസം തമിഴ് പത്രത്തിലൂടെയാണ് ത്യാഗരാജനറിയുന്നത്. തമിഴിലെ എല്ലാ പത്രങ്ങളും ഈ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം കൊടുത്തു. മാത്രമല്ല കെ.പി. ഉമ്മറിനോടൊപ്പം സ്റ്റണ്ട് ചെയ്യുമ്പോഴാണ് നിലത്തുവീണ് കൈ ഒടിഞ്ഞതെന്നുകൂടി അവര്‍ ചേര്‍ത്തിരുന്നു. അതോടെ ശിവാജിയുടെ ആരാധകര്‍ ഉമ്മറിന്റെ മദ്രാസിലുള്ള വീട് കല്ലെറിഞ്ഞു തകര്‍ത്തു.
ശിവാജിക്ക് ഷൂട്ടിങ്ങിനിടയില്‍ സംഭവിച്ച അപകടത്തിന്റെ പേരില്‍ നിര്‍മ്മാതാവിനെതിരെ വധഭീഷണി ഉണ്ടായിട്ടും മകന്‍ ജിജോയ്ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ശിവാജി ഗണേശനെ കാണാന്‍ അപ്പച്ചന്‍ മദ്രാസില്‍ വന്നു. അല്‍പ്പം ഭയത്തോടെയാണ് ശിവാജിക്കു മുമ്പില്‍ അവര്‍ എത്തിയതെങ്കിലും അപ്പച്ചനെയും മറ്റും സ്നേഹത്തോടെയാണ് ശിവാജി സ്വീകരിച്ചത്.
'ഏറെ നാളായി വിശ്രമിക്കണമെന്ന് കരുതിയിട്ട്. ഇങ്ങനെയൊരു വീഴ്ചയുണ്ടായപ്പോള്‍ അതിന് സമയം കിട്ടി.'
ചിരിച്ചുകൊണ്ട് ശിവാജി ഇങ്ങനെ പറഞ്ഞപ്പോഴാണ് അപ്പച്ചന് അല്‍പ്പമെങ്കിലും ആശ്വാസമായത്. ചികിത്സ കഴിഞ്ഞാലുടനെ പടം തീര്‍ക്കാമെന്ന് ശിവാജി ഉറപ്പു നല്‍കി. ആ വാക്കു മാത്രം വിശ്വസിച്ച് തച്ചോളി അമ്പുവിന്റെ ഷൂട്ടിങ്ങുമായി അപ്പച്ചന്‍ മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. കാരണം വാക്ക് ശിവാജി ഗണേശന്റേതാണ്. അത് വെറും വാക്കാവില്ലെന്ന് അപ്പച്ചനറിയാമായിരുന്നു.
ചികിത്സ കഴിഞ്ഞിറങ്ങിയ ശിവാജിയെ അപ്പച്ചന്‍ വീണ്ടും കാണാന്‍ ചെല്ലുമ്പോള്‍ ത്യാഗരാജനും ഒപ്പമുണ്ടായിരുന്നു.
'ഇവന്‍ അന്ന് കൂടെയുണ്ടായിരുന്നെങ്കില്‍ എന്റെ ശരീരത്തില്‍ ഒരു പോറല്‍ പോലും ഏല്‍ക്കില്ലായിരുന്നു.'
ത്യാഗരാജനെക്കുറിച്ച് ശിവാജി അപ്പച്ചനോട് പറഞ്ഞു. ആ വിശ്വാസ്യത ശിവാജിയില്‍ പെട്ടന്നുണ്ടായതല്ല. ശിവാജിക്കുവേണ്ടി അധികം ഫൈറ്റുകളൊന്നും ത്യാഗരാജന് ചെയ്യേണ്ടതായി വന്നിട്ടില്ല. എന്നാലും. അപകടം പിടിച്ച ഒരു സീനിലും ആര്‍ട്ടിസ്റ്റിനെ അഭിനയിപ്പിക്കാന്‍ തയ്യാറാവാത്ത ത്യാഗരാജനില്‍ അത്രയേറെ വിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്. ഷൂട്ടിങ്ങിനായി ശിവാജിയെ ഇനിയും കേരളത്തിലേക്ക് കൊണ്ടുവരേണ്ടെന്ന് അപ്പച്ചന്‍ നേരത്തേ തീരുമാനിച്ചിരുന്നു. മദ്രാസിലെ ഏതെങ്കിലും സ്റ്റുഡിയോയില്‍ വെച്ച് ശിവാജിയുടെ ബാക്കിയുള്ള സീനുകള്‍ എടുക്കാമെന്ന് ഉറപ്പിച്ചു.
എം.ജി.ആറിന്റെ സത്യാ സ്റ്റുഡിയോയുടെ രണ്ടാമത്തെ ഫ്ളോറിനകത്തും പുറത്തുമായാണ് ശിവാജിയുടെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഒരേയൊരു പകല്‍കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങാന്‍ നേരം അപ്പച്ചനോട് ശിവാജി പറഞ്ഞു:
'എന്‍ രക്തം വീണാല്‍ അന്ത പടം നൂറുദിവസം കട്ടായം ഓടും.'
ശിവാജിയുടെ വാക്കുകള്‍ കേട്ട് എല്ലാവരും കൈയടിച്ചു. ഇനിയുള്ളത് ജയന്‍ മുതലയുമായി ഏറ്റുമുട്ടുന്ന രംഗവും പ്രേംനസീറും എം.എന്‍. നമ്പ്യാരും തമ്മിലുള്ള ക്ലൈമാക്സ് ഫൈറ്റുമാണ്. മുതലയെയും ചീങ്കണ്ണിയെയും പാമ്പിനെയുമൊക്കെ ഷൂട്ടിങ്ങിനായി എത്തിച്ചുകൊടുക്കുന്ന സെല്‍വരാജ് ഒന്നാംതരം മുതലയെയാണ് തച്ചോളി അമ്പുവിനുവേണ്ടി കൊണ്ടുവന്നത്. സത്യാ സ്റ്റുഡിയോയുടെ പിറകിലെ നദിക്കരയില്‍ വെച്ചാണ് മുതലയുമായുള്ള ജയന്റെ പോരാട്ടം ചിത്രീകരിക്കുന്നത്. ഇത്തരം രംഗങ്ങളുടെ ഷൂട്ട് ചെയ്യുമ്പോള്‍ സ്റ്റണ്ട് മാസ്റ്റര്‍മാര്‍ ആദ്യകാലം മുതലേ എടുക്കുന്ന ചില മുന്‍കരുതലുകളുണ്ട്. അത് ആര്‍ട്ടിസ്റ്റിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്. കടിയേല്‍ക്കാതിരിക്കാന്‍ മുതലയുടെ വായ കൂട്ടിക്കെട്ടും, വാലിന്റെ അറ്റം നീളമുള്ള കയറുകൊണ്ട് കെട്ടി പിടിക്കും. മുതല വാലുകൊണ്ടടിച്ചാലുള്ള പരിക്കും ചെറുതല്ല. ഡ്യൂപ്പില്ലാതെ പരമാവധി ജയന്‍ തന്നെ ചെയ്തെങ്കിലും അപകടസാദ്ധ്യത കൂടുതലുള്ള ഷോട്ടുകളില്‍ ത്യാഗരാജന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം സെല്‍വരാജ് തന്നെ ഡ്യൂപ്പായി മാറി. മുതലയെ പൊക്കിയെടുക്കുന്നതും മറിച്ചിടുന്നതുമൊക്ക സെല്‍വരാജിനെക്കൊണ്ട് തന്നെ ചെയ്യിച്ചു. അല്ലാത്തപക്ഷം ജയന്റെ മുഖത്തും ശരീരത്തിലുമൊക്ക ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാകുമായിരുന്നു. ഒരു ആര്‍ട്ടിസ്റ്റിന് അപകടം പറ്റിയാല്‍ അത് സിനിമയെ മൊത്തത്തില്‍ ബാധിക്കുമെന്നുള്ളതുകൊണ്ട് അപകടകരമായ രംഗങ്ങളിലെല്ലാം ഏറെയും ഡ്യൂപ്പിനെ ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. ആ രീതി ആര്‍ട്ടിസ്റ്റുകള്‍ തെറ്റിക്കുമ്പോള്‍ അപകടത്തെ ക്ഷണിച്ചുവരുത്തലായി അതു മാറും. അതോടെ ആ സിനിമയുടെ ഗതിയും ദുരന്തത്തില്‍ കലാശിക്കും.
മൂന്നിടങ്ങളിലായാണ് സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. കുളമാവിലും പരിസരങ്ങളിലുമായി കുറേ ഭാഗങ്ങള്‍ ചിത്രീകരിച്ചശേഷം മദ്രാസിലെ വണ്ടല്ലൂര്‍ വനത്തിലും പല്ലാവരത്തുമായി ബാക്കി ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുകയാണുണ്ടായത്. രണ്ടു കുതിരകളുള്ള വണ്ടിയില്‍ വില്ലന്‍ എം.എന്‍. നമ്പ്യാര്‍ നായിക ഉണ്ണിമേരിയെ തട്ടിക്കൊണ്ടുപോകുന്നതും പിറകെ രക്ഷകനായി കുതിരപ്പുറത്ത് നായകന്‍ പ്രേംനസീര്‍ കുതിച്ചുവരുന്നതും കുതിരവണ്ടിയിലേക്കെടുത്തു ചാടി നമ്പ്യാരുമായി ഏറ്റുമുട്ടുന്നതുമൊക്കെയുള്ള രംഗങ്ങള്‍ മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്തവിധമായിരുന്നു ചിത്രീകരിച്ചത്. പോരാട്ടത്തിനൊടുവില്‍ നസീര്‍ ഉണ്ണിമേരിയെ രക്ഷപ്പെടുത്തുന്നതും കുതിരവണ്ടിയോടൊപ്പം നമ്പ്യാര്‍ പാറക്കെട്ടിനു മുകളില്‍നിന്ന് താഴേക്കു വീണ് മരിക്കുന്നതുമാണ് ചിത്രത്തിന്റെ ക്ലൈമാക്സ്. ഫൈറ്റ് രംഗത്തിന്റെ അപകടകരമായ സ്വീക്വന്‍സുകളിലെല്ലാം ഡ്യൂപ്പിനെയാണ് വെച്ചത്. എം.എന്‍ നമ്പ്യാര്‍ക്കുവേണ്ടി ഡ്യൂപ്പായത് ഷാഹുല്‍ ആയിരുന്നു. തനിക്കുവേണ്ടി ഡ്യൂപ്പിടുന്നത് ത്യാഗരാജനാവണമെന്ന നിര്‍ബ്ബന്ധം എപ്പോഴും പ്രേംനസീറിനുണ്ടായിരുന്നു.
പാറക്കെട്ടിനു മുകളില്‍ വെച്ച് എം.എന്‍. നമ്പ്യാര്‍ കുതിരവണ്ടിയോടൊപ്പം മറിഞ്ഞുവീഴുന്ന രംഗത്തില്‍ യഥാര്‍ഥ കുതിരകളെ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ അത് പ്രേക്ഷകരില്‍ ഒരു ഫീലും സൃഷ്ടിക്കില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനും ഒരേ സ്വരത്തില്‍ പറഞ്ഞത്.
'നമ്മളെപ്പോലെ ജീവനുള്ളതല്ലേ. ഡമ്മി വെച്ച് ലോങ് ഷോട്ടില്‍ എടുത്താല്‍ പോരേ.'
സ്റ്റണ്ട് മാസ്റ്ററായിട്ടുപോലും ത്യാഗരാജന്റെ വാക്കുകള്‍ക്ക് അവിടെ ഒട്ടും പ്രസക്തിയുണ്ടായിരുന്നില്ല. ഒടുവില്‍, കോയമ്പത്തൂരില്‍നിന്ന് രണ്ടു കുതിരകളെ വാങ്ങി. കൊല്ലാന്‍ വേണ്ടി മാത്രം. കുതിരവണ്ടിയില്‍ നമ്പ്യാരുടെ വണ്ണത്തിലും പൊക്കത്തിലും ഒരു ഡമ്മിയുണ്ടാക്കി വെച്ചു. രണ്ടു കുതിരകളെയും വണ്ടിയില്‍ കെട്ടി. പ്രാണന്‍ പോകും മുമ്പ് വെള്ളം കൊടുത്തു. ഒത്ത ഉയരത്തില്‍ വെച്ച് കറുത്ത തുണികൊണ്ട് കുതിരയുടെ കണ്ണുകെട്ടി, പിന്നെ കാലും. ഡ്യൂപ്പ് സംഘത്തിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് കുതിരയെ ചാട്ടവാറുകൊണ്ട് ശക്തമായി അടിച്ചുകൊണ്ടിരിന്നു. വേദന സഹിക്കാനാവാത്ത നിമിഷങ്ങളില്‍ കെട്ടിയ കാലുമായി കുതിര രണ്ടടിവെച്ചപ്പോഴേക്കും താഴേക്ക് മറിഞ്ഞു വീണു.

പ്രാണന്‍ പോകും നേരമുള്ള കുതിരയുടെ കരച്ചില്‍ കേട്ട് ത്യാഗരാജന്‍ കണ്ണുകളടച്ചു, ചെവി പൊത്തിപിടിച്ചു. രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ ഹൃദയം പിളര്‍ക്കുന്ന ആ കാഴ്ച ത്യാഗരാജന്‍ കണ്ടു. വയറുകീറി കണ്ണും മൂക്കും ചെവിയും മുറിഞ്ഞ് ചോരയില്‍ മുങ്ങി ഒരു കുതിര ചത്തുകിടക്കുന്നു. ദേഹം മുഴുവന്‍ മുറിവുകളുമായി ഒരു കാല്‍ ഒടിഞ്ഞ നിലയില്‍ രണ്ടാമത്തെ കുതിര വേച്ചുവേച്ചു നടന്നുപോകുന്നു. അത് എങ്ങോട്ടാണ് പോകുന്നതെന്ന് നോക്കിയ ത്യാഗരാജന്റെ കണ്ണ് നിറഞ്ഞു. താഴെയുള്ള വെള്ളക്കെട്ടിനടുത്തേക്കായിരുന്നു കുതിര നടന്നു കൊണ്ടിരുന്നത്. അവിടെയെത്തിയതും കുതിര വീഴുന്നതും കാണാമായിരുന്നു. വെള്ളത്തിലേക്ക് കഴുത്ത് നീട്ടി കുറേശ്ശേയായി അത് വെള്ളം കുടിക്കുന്ന രംഗം കണ്ടു നില്‍ക്കാനാവാതെ ത്യാഗരാജന്‍ ആ പരുക്കന്‍ മലയോട് യാത്രപറഞ്ഞു. സിനിമയ്ക്കുവേണ്ടി, പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ വേണ്ടി ക്രൂരമായ മരണത്തിനിരയായ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകളെപോലെ ഒട്ടേറെ മിണ്ടാപ്രാണികളുമുണ്ടെന്ന് സിനിമയുടെ ചരിത്രത്തിലെവിടെയും കാണാനാവില്ല.
നവോദയായുടെ തച്ചോളി അമ്പു മലയാളത്തിലെ ചരിത്രവിജയം നേടിയ ചിത്രങ്ങളിലൊന്നായി മാറി. അതിനപ്പുറം തച്ചോളി അമ്പുവിന്റെ വരവോടെ കേരളത്തിലെ ഒട്ടുമിക്ക തീയേറ്ററുകളിലും സിനിമാസ്‌കോപ്പ് ലെന്‍സുകള്‍ വന്നു. ചെറിയ പല തിയേറ്ററുകളും പൊളിച്ച് വലുതാക്കി പണിതു. ഇതെല്ലാം മലയാളത്തിലെ പ്രഥമ സിനിമാസ്‌കോപ്പ് ചിത്രമായ തച്ചോളി അമ്പുവിലൂടെ നവോദയ നടത്തിയ സാങ്കേതികവിപ്ലവങ്ങളുടെ ഫലമാണ്. എങ്കിലും തച്ചോളി അമ്പു എന്ന് കേള്‍ക്കുമ്പോള്‍ ത്യാഗരാജന്റെ മനസ്സില്‍ തെളിയുന്നത് പ്രാണന്‍ പോകാന്‍ നേരമുള്ള കുതിരകളുടെ ആ കരച്ചിലാണ്. ശരീരം മുഴുവന്‍ മുറിഞ്ഞ് രക്തത്തില്‍ കുളിച്ച രണ്ടു മിണ്ടാപ്രാണികളുടെ അവസാനത്തെ പിടച്ചില്‍.
(തുടരും)
Content Highlights: Thacholi Ambu Sivaji Ganesan Thayagarajan Malayalam Cinema Cinemascope Filmmaking Stunts Accidents
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·