
കല്യാണി പ്രിയദർശൻ, പ്രിയദർശൻ കല്യാണിക്ക് അയച്ച മെസേജ് | Photo: Instagram/ Kalyani Priyadarshan
'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' 200 കോടി കളക്ഷന്‍ എന്ന ചരിത്ര നേട്ടം പിന്നിട്ടതിന് പിന്നാലെ വൈകാരിക കുറിപ്പുമായി നടി കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്കും സഹ അഭിനേതാക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു കുറിപ്പ്. പിതാവ് പ്രിയദര്‍ശന്റെ ഉപദേശവും കല്യാണി പങ്കുവെച്ചു.
ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹത്തിന് കല്യാണി നന്ദി പറഞ്ഞു. ചിത്രം 200 കോടിയെന്ന നേട്ടത്തിലെത്തിയത് പ്രേക്ഷകര്‍ കൂടെ നിന്നതുകൊണ്ടുമാത്രമാണ്. മലയാളം സിനിമാ മേഖലയില്‍ ഉള്ളടക്കം തന്നെയാണ് ഏറ്റവും വലിയ താരവും രാജാവുമെന്നും കല്യാണി കുറിച്ചു.
കഴിഞ്ഞ ദിവസം ചിത്രം 202 കോടി എന്ന ചരിത്ര നേട്ടത്തിലെത്തിയിരുന്നു. ഇതിന്റെ പോസ്റ്റര്‍ കല്യാണി പങ്കുവെച്ചു. കൂടാതെ നസ്ലിന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ദുല്‍ഖര്‍ സല്‍മാന്‍, സംവിധായകന്‍ ഡൊമനിക് അരുണ്‍, ശാന്തി ബാലചന്ദ്രന്‍, നിമിഷ് രവി, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കല്യാണി പങ്കുവെച്ചിട്ടുണ്ട്. ഷൂട്ടിങ് സമയത്തെ ഏതാനും ചിത്രങ്ങളും കല്യാണിയുടെ പോസ്റ്റിലുണ്ട്. ഇതിനൊപ്പമാണ് പ്രിയദര്‍ശന്‍ അയച്ച വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചത്.
'എപ്പോഴും ഒരുകാര്യം ഓര്‍ക്കുക, ഈ സന്ദേശം ഒരിക്കലും മായ്ച്ചുകളയരുത്. വിജയം തലയിലേറ്റരുത്, പരാജയം ഹൃദയത്തിലും, ചക്കരേ... നിനക്ക് നല്‍കാനുള്ള ഏറ്റവും വലിയ ഉപദേശമിതാണ്', എന്നായിരുന്നു അച്ഛ എന്ന് സേവ് ചെയ്ത നമ്പറില്‍നിന്നുള്ള മെസേജ്.
കല്യാണിയുടെ കുറിപ്പിന്റെ പരിഭാഷ:
ഇന്നലെ നമ്മുടെ സിനിമ ഒരു വലിയ നേട്ടത്തിലെത്തി. അത് സാധ്യമാക്കിയത് പ്രേക്ഷകരായ നിങ്ങള്‍ കാരണമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. സിനിമയോട് നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഹൃദയംനിറഞ്ഞ നന്ദി. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കണ്ടന്റ് തന്നെയാണ് ഏറ്റവും വലിയ താരവും രാജാവും. ഒരിക്കല്‍കൂടി പ്രേക്ഷകര്‍ അത് തെളിയിച്ചു. മികച്ച കഥകള്‍ക്ക് നിങ്ങളില്‍ എന്നും ഒരിടമുണ്ടാവുമെന്ന് തെളിയിക്കാന്‍ അവസരം തന്നതിന് നന്ദി.
പിന്നെ ഞങ്ങളുടെ ഡോം (ഡൊമിനിക് അരുണ്‍), ഞങ്ങള്‍ക്ക് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയുന്ന വിഷന്‍ നല്‍കിയതിന് നന്ദി. സര്‍വ്വവും നല്‍കാന്‍ ഞങ്ങള്‍ എല്ലാവരും തയ്യാറായതിന് കാരണം നിങ്ങളാണ്. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ലെന്ന് ഉറപ്പിച്ചു പറയാം.
ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും, ഈ വിജയം ഏറെ പ്രിയ്യപ്പെട്ടതാവുന്നത് ആ സന്തോഷം പങ്കുവെക്കാന്‍ നിങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്. പിന്നെ, 'ലോക'യെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലുതാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകര്‍ക്ക് ഒരുപാട് ഒരുപാട് നന്ദി.
Content Highlights: Kalyani Priyadarshan expresses gratitude for Lokah`s 200+ crore success
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·