'വിമർശനങ്ങൾ തോളിലേറ്റി നടക്കുന്ന ആളല്ല, എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ..'

4 months ago 4

കൊച്ചി: വിമർശനങ്ങൾ തോളത്തേറ്റി നടക്കുന്ന ആളല്ല താനെന്നും ഈ നിമിഷത്തെ സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നടൻ മോഹൻലാൽ. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയശേഷം കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമർശനങ്ങളൊക്കെ ഒരു സമയത്തല്ലേ. അത് തോളിലേറ്റി നടക്കുന്ന ആളല്ല ഞാൻ. ആ സമയം കഴിഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്ന് പറയുന്നത് പോലെ. അതൊക്കെ മറക്കൂ, ഈ നിമിഷം ഏറ്റവും സന്തോഷത്തിന്റെ സമയമല്ലേ, പുറകിലേക്ക് എന്തിനാ ചിന്തിക്കണേ.. ഈ നിമിഷത്തെ പറ്റി മാത്രം ചിന്തിക്കാം, മോഹൻലാൽ പറയുന്നു.

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോ​ഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 തിങ്കളാഴ്ച ചിത്രീകരണം ആരംഭിക്കാൻ പോകുന്ന സന്തോഷവും മോഹൻലാൽ പങ്കുവച്ചു.

നാളയെക്കുറിച്ചും ചിന്തിക്കരുതെന്നാണ് പറയുക. പക്ഷേ, എനിക്ക് അത് ചിന്തിക്കേണ്ടതുണ്ട്. കാരണം നാളെ ദൃശ്യം 3 ആരംഭിക്കുകയാണ്. എത്ര മണിക്കുള്ള ഫ്ലൈറ്റിൽ പോകണം, എന്ത് വസ്ത്രം ധരിക്കണം, അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ടല്ലോ, അതൊക്കെ ആലോചിക്കുകയാണ്. അതുപോലെ 23ന് ആ ഡയസിൽ പോയി പുരസ്കാരം വാങ്ങണം. അത് അഭിമാന നിമിഷമല്ലേ. ഞാൻ മുമ്പും ആ ഡയസിൽനിന്ന് പുരസ്കാരം വാങ്ങിയിട്ടുണ്ട് അഞ്ച് തവണ. ഏഴോ എട്ടോ പ്രാവശ്യം കയ്യിൽ വന്ന് പോയിട്ടുണ്ട്. അതുകൊണ്ട് ആ പരിസരമൊക്കെ അറിയാം. എങ്കിലും എന്റെ കുടുംബവുമായി സുഹൃത്തുക്കളുമൊക്കെയായി പോയി ആ പുരസ്കാരം വാങ്ങുക എന്നത് ഏറെ സന്തോഷത്തിന്റെ നിമിഷമാണ്, മോഹൻലാൽ പറഞ്ഞു.

സിനിമ ഒരു മാജിക് ആണ്. രണ്ട് സിനിമകള്‍ വിജയിച്ചാല്‍ ഉയരങ്ങളിലേക്ക് പോകും. ഒരു സിനിമ മോശമായാല്‍ വീണ്ടും താഴേക്ക് വരും. അതിനകത്ത് 48 വര്‍ഷം നില്‍ക്കുക എന്നത് വലിയ സര്‍ക്കസാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. 'തുടരും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയായി മാറി. ഇനി വരാന്‍ ഇരിക്കുന്നതെല്ലാം മഹത്തരമായത് എന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. അതിലും അത്തരം സിനിമകള്‍ ഉണ്ടാവട്ടേ എന്നേ പ്രാര്‍ഥിക്കാന്‍ പറ്റുള്ളൂ', മോഹന്‍ലാല്‍ പറഞ്ഞു.

'ഞാന്‍ വളരേയധികം സ്വപ്‌നങ്ങള്‍ കാണുന്ന ആളല്ല. സ്വപ്‌നങ്ങള്‍ കണ്ടശേഷം അത് കിട്ടിയില്ലെങ്കില്‍ വലിയ സങ്കടമുണ്ടാക്കും. ഞാന്‍ വളരേ കുറച്ച് സ്വപ്‌നംകാണുന്ന ആളാണ്. എനിക്ക് കിട്ടുന്ന വേഷങ്ങള്‍ നന്നായി ചെയ്യാന്‍ ശ്രമിക്കും. നന്നായി ചെയ്യുമെന്ന് ഞാന്‍ പറയില്ല. ആ ശ്രമം വിജയിച്ചാല്‍ നിങ്ങള്‍ സ്വീകരിക്കും. നല്ല സിനിമകള്‍ ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കും, അത് എനിക്ക് മാത്രമല്ല. മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാവണം. മലയാള സിനിമയുടെ ചക്രം തിരിയണമെങ്കില്‍ നല്ല സിനിമകള്‍ ഉണ്ടാവണം. അതിനുവേണ്ടി കൂട്ടായ ശ്രമത്തിന്റെ ഭാഗമായി മാറാന്‍ ഞാന്‍ തയ്യാറാണ്. അതാണ് എന്റെ സ്വപ്‌നം', അദ്ദേഹം പ്രതികരിച്ചു.

'എനിക്ക് ഈ ജോലി അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ അറിയില്ല. ഉള്ളപേര് ചീത്തയാക്കാതെ നന്നായി അഭിനയിച്ചുപോവുക എന്നതേയുള്ളൂ. ഇതിന് മുകളില്‍ എന്താണ് എന്ന് ചിന്തിച്ചിട്ടൊന്നും കാര്യമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Mohanlal astir criticisms property conscionable aft recieving dada saheb phalke award

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article