01 April 2025, 10:49 AM IST

എമ്പുരാന്റെ പോസ്റ്റർ | Photos: facebook.com/PrithvirajSukumaran
എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകിയേക്കുമെന്ന് വിവരം. റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തീയേറ്ററുകള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. സാങ്കേതികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള എമ്പുരാന്‍ ബുധനാഴ്ചയോ, വ്യാഴാഴ്ചയോ തീയേറ്ററുകളില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയറ്ററില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്.
തിങ്കളാഴ്ചയോടെ റീ എഡിറ്റഡ് വേര്‍ഷന്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇത് വൈകുകയാണ്. ചിത്രത്തിന്റെ റീ എഡിറ്റിങ് പ്രക്രിയകള്‍ ഹൈദരാബദില്‍ പുരോഗമിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമായും വില്ലന്റെ പേര് പരാമര്‍ശിക്കുന്ന ഭാഗം വീണ്ടും ഡബ്ബ് ചെയ്ത് റീ എഡിറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. അക്രമരംഗങ്ങളുടെ തീവ്രത കുറയ്ക്കുകയും ചില ഭാഗങ്ങള്‍ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ പേര് പരാമര്‍ശിക്കുന്ന ഭാഗത്തും മാറ്റമുണ്ട്. ഇതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ വരുത്തിയ ശേഷമാകും ചിത്രം തിയേറ്ററുകളിലേക്ക് എത്തുക.
സാങ്കേതികപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതാണ് കാലതാമസത്തിന് കാരണമെന്നാണ് സിനിമയുമായി ബന്ധപ്പെട്ടുള്ളവര്‍ പറയുന്നത്. റീ എഡിറ്റ് ചെയ്ത് ചിത്രം എന്ന് എത്തും എന്നത് സംബന്ധിച്ച് തീയേറ്ററുകള്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ബുധനാഴ്ചയോടെ വ്യാഴാഴ്ചയോ തിയേറ്ററുകളില്‍ എഡിറ്റഡ് വേര്‍ഷന്‍ എത്തുക എന്നാണ് വിവരം.
Content Highlights: Empuraan re-release delayed
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·