
ഔസേപ്പച്ചൻ | ഫോട്ടോ: എൻഎം പ്രദീപ്
വരികളല്ല, കോരിത്തരിപ്പിക്കുന്ന ആ ഹമ്മിംഗാണ് ആദ്യം കാതില്‍ പതിഞ്ഞത്; മനസ്സിലും. കൊച്ചി നഗരത്തിലെ സായാഹ്നത്തിരക്കിനും ബഹളത്തിനും മുകളിലൂടെ സൗമ്യമധുരമായി ഒഴുകുകയാണ് ചിത്രയും യേശുദാസും. പല്ലവിയുടേയും രണ്ടു ചരണങ്ങളുടെയും അറ്റത്ത് തുന്നിപ്പിടിപ്പിച്ച കസവുഞൊറി പോലുള്ള ഹമ്മിംഗ്. എല്ലാ ശബ്ദകോലാഹലങ്ങളേയും ഞൊടിയിടയില്‍ നിഷ്പ്രഭമാക്കുന്നു റോഡരികിലെ കാസറ്റ് കടയില്‍ നിന്നുള്ള ആ നാദപ്രവാഹം.
ഈണത്തിന്റേയും ആലാപനത്തിന്റേയും അനുപമമായ ആ ഇന്ദ്രജാലം ആസ്വദിച്ച് മതിമറന്നു നില്‍ക്കേ ഇടയ്ക്കുവെച്ച് അപ്രതീക്ഷിതമായി രസച്ചരട് മുറിയുന്നു. മ്യൂസിക് സിസ്റ്റം ഓഫായതാവണം. അതോ ഓഫാക്കിയതോ? നിരാശ തോന്നി. മെലഡിയുടെ സുഖശീതളമായ ഒരു മഴപ്പെയ്ത്ത് നിലച്ചപോലെ. വില്‍പ്പനക്കായി തൊട്ടു മുന്‍പ് കടയില്‍ വന്നെത്തിയിരുന്നതേയുള്ളൂ 'ആയുഷ്‌കാലം' എന്ന സിനിമയുടെ ഓഡിയോ കാസറ്റ്. കെട്ടു പൊട്ടിച്ച് ചൂടോടെ പാട്ടുകള്‍ ജനത്തെ കേള്‍പ്പിക്കുകയാണ് കടക്കാരന്‍.
റോഡിലേക്ക് തുറന്നുവെച്ചിരുന്ന കൂറ്റന്‍ സ്പീക്കറുകളിലൂടെ ഒരിക്കല്‍ കൂടി പുതിയ സിനിമയിലെ ഗാനം കേള്‍ക്കാനുള്ള ആഗ്രഹം പങ്കുവച്ചപ്പോള്‍ കടയുടമ ചിരിച്ചു: 'അതിനെന്താ, എനിക്കും കേള്‍ക്കാമല്ലോ....'
മറക്കാനാവില്ല ആ നിമിഷങ്ങള്‍. ആദ്യകേള്‍വി പകര്‍ന്ന അനുഭൂതി കൊണ്ട് മാത്രമല്ല. ജീവിതത്തെ കുറിച്ചുള്ള പുത്തന്‍ സങ്കല്പങ്ങളില്‍ മനസ്സ് അഭിരമിക്കുന്ന കാലമായിരുന്നതു കൊണ്ട് പ്രത്യേകിച്ചും. വിവാഹത്തിന് ഇനി ആഴ്ച്ചകള്‍ മാത്രമേയുള്ളൂ. ഔസേപ്പച്ചന്റെ പ്രണയമധുരമായ ഈണത്തില്‍ ലയിച്ചുചേര്‍ന്ന കൈതപ്രത്തിന്റെ വരികളില്‍ എന്നെത്തന്നെ കണ്ടുമുട്ടിയിരിക്കുമോ ഞാന്‍ ? എന്തിലും ഏതിലും കാല്പനികഭാവം കാണുന്ന കാലമായിരുന്നല്ലോ.
എന്നിട്ടും ഉള്ളില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്ന പെണ്‍കുട്ടിയ്ക്ക് പാട്ട് ഇഷ്ടമില്ലെങ്കിലോ? സംഗീതത്തെ ജീവതാളമായി കരുതുന്ന ഒരാള്‍ക്ക് അതെങ്ങനെ ഉള്‍ക്കൊള്ളാനാകും?
ഭാഗ്യവശാല്‍ പാട്ട് ഇഷ്ടമായിരുന്നു പെണ്‍കുട്ടിക്ക്; ഒരു പക്ഷേ എന്നേക്കാള്‍. 'അറിയാതെ എന്‍ തെളിവേനലില്‍ കുളിര്‍മാരിയായ് പെയ്തു നീ' എന്ന വരി ഇന്ന് കേള്‍ക്കുമ്പോഴും എം ജി റോഡിലെ ആ സായാഹ്നത്തിലേക്ക് തിരിച്ചുനടക്കും മനസ്സ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ കൊച്ചി എഡിഷനില്‍ സ്‌പോര്‍ട്ട്‌സ് ലേഖകനാണ് അന്ന് ഞാന്‍. ഒപ്പം പ്രമുഖ ചലച്ചിത്ര വാരികയില്‍ പുതിയ പാട്ടുകളെക്കുറിച്ചൊരു ആസ്വാദന പംക്തി കൈകാര്യം ചെയ്യുന്നുമുണ്ട്. 'മൗനം സ്വരമായ്' എന്ന പാട്ടിനെക്കുറിച്ച് പിറ്റേ ആഴ്ച്ചത്തെ വാരികയില്‍ പ്രണയത്തില്‍ ചാലിച്ചൊരു കുറിപ്പെഴുതിയതോര്‍ക്കുന്നു.
ഇത്രയൊക്കെ എഴുതാനുണ്ടോ ആ പാട്ടിനെക്കുറിച്ച് എന്ന് അത്ഭുതത്തോടെ ചോദിച്ച സുഹൃത്ത് ഹരിയോട് പറഞ്ഞതിങ്ങനെ: 'ഓരോ പാട്ടും വ്യത്യസ്ത അനുഭൂതികളാണ് നമ്മില്‍ നിറയ്ക്കുക. ഹരിയുടെ കാതുകള്‍ ഹരിയുടേത് മാത്രമാണ്; എന്റേത് എന്റേത് മാത്രവും...' ആ വിശദീകരണം അവനെ തൃപ്തിപ്പെടുത്തിയെന്ന് തോന്നിയില്ല. തികച്ചും ആത്മനിഷ്ഠമാണല്ലോ നമ്മുടെ ഓരോരുത്തരുടെയും പാട്ടിഷ്ടങ്ങള്‍.
വിധിനിയോഗമെന്നോണം, അടുത്തൊരു ദിവസം വിവാഹത്തിന്റെ വീഡിയോ കാസറ്റ് കണ്ടുകൊണ്ടിരിക്കേ തീര്‍ത്തും അപ്രതീക്ഷിതമായി 'മൗനം സ്വരമായ്' എന്ന ഗാനം അതാ പശ്ചാത്തലത്തില്‍ മുഴങ്ങുന്നു. 'അടുത്തൊന്നും നിന്നെ വിട്ടൊഴിയാന്‍ പോകുന്നില്ല ഈ ബാധ' - ആ നിമിഷം മനസ്സ് പറഞ്ഞു. ആത്മാവിന്റെ ആഴങ്ങളില്‍ നിന്ന് യേശുദാസ് 'മൗനം' എന്ന് പാടിക്കേള്‍ക്കുമ്പോള്‍ നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്ളതായി തോന്നും ആ പദത്തിന്. എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നുപറന്നു വന്നു (നേരം പുലരുമ്പോള്‍) എന്ന പാട്ടിലെ 'മൗന'ത്തിനുമുണ്ട് ഇതേ അര്‍ത്ഥദീപ്തി.

അത്ഭുതമില്ല. മൗനം പോലും വാചാലമാക്കുന്നതാണല്ലോ ജോണ്‍സന്റേയും രവീന്ദ്രന്റെയും ഔസേപ്പച്ചന്റെയുമൊക്കെ മാന്ത്രിക സംഗീതം.
കമല്‍ സംവിധാനം ചെയ്ത 'ആയുഷ്‌കാലം' (1992) എന്ന സിനിമ പുറത്തിറങ്ങിയ കാലത്ത് 'മൗനം സ്വരമായ്' അത്ര വലിയ ഹിറ്റായിരുന്നില്ല. ആകാശവാണിയില്‍ അപൂര്‍വമായേ ആ പാട്ട് കേട്ടിരുന്നുള്ളൂ. ഒന്നരപ്പതിറ്റാണ്ടു മുന്‍പ് നമ്മുടെ നാട്ടില്‍ എഫ്എം റേഡിയോ വിപ്ലവം ആരംഭിച്ചതോടെയാണ് ഗാനത്തിന് 'പുനര്‍ജ്ജന്മം' ലഭിക്കുന്നത്. ധാരാളം കവര്‍ വേര്‍ഷനുകള്‍ പിറകെ വന്നു. പുത്തന്‍ തലമുറയില്‍ പോലും പാട്ടിന് ആരാധകരുണ്ടായി. പില്‍ക്കാലത്ത് ഇതേ ഈണം താളത്തില്‍ ഭേദഗതികള്‍ വരുത്തി 'ഫ്രീക്കി ചക്ര' എന്ന ഹിന്ദി ചിത്രത്തിലും ഉപയോഗിച്ചു ഔസേപ്പച്ചന്‍; 'ദില്‍ മേ കുച്ഛ് ഹോ രഹാ ഹേ' എന്ന പാട്ടില്‍.
മനസ്സ് വീണ്ടും വീണ്ടും മൂളിക്കൊണ്ടിരിക്കുന്ന വേറെയും ഗാനങ്ങളുണ്ട് ഔസേപ്പച്ചന്റേതായി. പലതും പ്രതീക്ഷിച്ചയത്ര ജനപ്രിയമാകാതെ പോയവ: ഒരു പൂവിനെ നിശാശലഭം (മീനത്തില്‍ താലികെട്ട്), അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍ (പുറപ്പാട്), താമരനൂലിനാല്‍ (മുല്ലവള്ളിയും തേന്മാവും), ഏതോ വാര്‍മുകിലിന്‍ (പൂക്കാലം വരവായ്), അഴകേ (കസ്തൂരിമാന്‍), കാശിത്തുമ്പക്കാവായ് നീലവാനം (മൂക്കില്ലാ രാജ്യത്ത്), യവനകഥയില്‍ (അന്ന), ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (വിചാരണ), തീരം തേടും (വന്ദനം), ഇനിയെന്ത് നല്‍കണം (ലൈഫ് ഈസ് ബ്യൂട്ടിഫുള്‍), വാവാവോ വാവേ (എന്റെ വീട്, അപ്പൂന്റേം), ഒരു രാജമല്ലി (അനിയത്തിപ്രാവ്), ഒരു വേനല്‍പ്പുഴയില്‍ (പ്രണയകാലം), പ്രണയസന്ധ്യയൊരു (ഒരേ കടല്‍), കിനാവിലെ ജനാലകള്‍ (പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്)...
പഴയ സൂപ്പര്‍ഹിറ്റ് പാട്ടുകള്‍ പോലും കാലത്തിന്റെ പരീക്ഷണങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ വിസ്മൃതമാകുന്ന കാലത്ത് 'മൗനം സ്വരമായ്' എന്തുകൊണ്ട് തലമുറകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു എന്നാലോചിച്ചുനോക്കിയിട്ടുണ്ട്. ഈണത്തിലെ, ആലാപനത്തിലെ മാന്ത്രികമായ 'ഫീല്‍' തന്നെയാവാം കാരണം. മൂന്നരപ്പതിറ്റാണ്ടിനിപ്പുറവും ആ ഹമ്മിംഗ് കേള്‍ക്കുമ്പോള്‍ പോലും കോരിത്തരിച്ചുപോകും മനസ്സ്. ഔസേപ്പച്ചനും കൈതപ്രത്തിനും യേശുദാസിനും ചിത്രക്കും നന്ദി; സംവിധായകന്‍ കമലിനും.
Content Highlights: ouseppachan songs melody file ravi menon
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·