17 September 2025, 04:00 PM IST

ലക്ഷ്മി മഞ്ജു, സാമന്ത റൂത് പ്രഭു| Photos: instagram.com/samantharuthprabhuoffl/?hl=en, instagram.com/lakshmimanchu/?hl=en
വസ്ത്രധാരണത്തേക്കുറിച്ചുള്ള ചോദ്യത്തിന് കഴിഞ്ഞ ദിവസം നടി ലക്ഷ്മി മഞ്ജു നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ലക്ഷ്മിയുടെ പ്രായവും വസ്ത്രധാരണവും കൂട്ടിക്കെട്ടിയ ചോദ്യത്തിനാണ് ലക്ഷ്മി എന്തുകൊണ്ട് പുരുഷന്മാരോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും സ്ത്രീകൾ നേരിടുന്ന വിവേചനവും ചൂണ്ടിക്കാട്ടിയത്. ഒരു സൂപ്പർതാരത്തിന്റെ ഭാര്യക്ക് വിവാഹമോചനത്തിനു പിന്നാലെ സിനിമ നിഷേധിക്കപ്പെട്ടതിനേക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. പിന്നാലെ ആ നടി സാമന്തയാണെന്ന അഭ്യൂഹങ്ങളുയർന്നു. അതിനും മറുപടി നൽകിയിരിക്കുകയാണ് ലക്ഷ്മി.
ഇപ്പോഴും അഭിനയ മേഖലയിലുള്ള ഒരു സൂപ്പർ താരത്തിന്റെ ഭാര്യയെ എനിക്കറിയാം. വിവാഹമോചനശേഷം അവൾക്ക് വാഗ്ദാനം നൽകിയിരുന്ന സിനിമകളിൽ നിന്നൊഴിവാക്കി. മുൻഭർത്താവിന് ഇഷ്ടമാകാതിരുന്നാലോ എന്നോർത്താണത്. നല്ല സിനിമകൾ ചെയ്യാനായി അവൾ കാത്തിരിക്കുകയാണ്. ഒരു പുരുഷന് ഒരിക്കലും അത്തരത്തിലൊന്ന് നേരിടേണ്ടി വരില്ല. അയാളുടെ ജീവിതം ഒരിക്കലും മാറില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ വരുന്നു. ആരും അവൾക്ക് സ്വാതന്ത്ര്യം നൽകില്ല. - എന്നാണ് ലക്ഷ്മി നൽകിയ മറുപടി.
ലക്ഷ്മിയുടെ മറുപടിക്ക് പിന്നാലെ ഉദ്ദേശിച്ചത് സാമന്തയെ അല്ലേയെന്ന് റിപ്പോർട്ടർ ചോദിച്ചു. ഇത് നിഷേധിച്ച ലക്ഷ്മി ഒരു സൂപ്പർ സ്റ്റാർ മാത്രമല്ല ഉള്ളതെന്നും നിലവിൽ അഞ്ചാറ് സൂപ്പർ താരങ്ങൾ വിവാഹമോചിതരാണെന്നും പറഞ്ഞു. അവരെല്ലാവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പുരുഷന്മാരേക്കാൾ സ്ത്രീകൾ നേരിടുന്ന വിലക്കുകൾ തിരിച്ചറിയാനാണ് ഇത്തരത്തിൽ പറഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.
ഒരു പുരുഷന് ജീവിതം എപ്പോഴും ഒരുപോലെയായിരിക്കും. പക്ഷേ ഒരു സ്ത്രീക്ക് വിവാഹിതയാകുന്നതോടെ കുട്ടികളും ഭർതൃകുടുംബവും മറ്റ് ഉത്തരവാദിത്തങ്ങളുമൊക്കെ വന്നുചേരും. ആരും സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുന്നില്ല. - ലക്ഷ്മി പറഞ്ഞു.
2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ജീവിതപങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Actress Lakshmi Manchu discusses manufacture bias against divorced actresses
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·