
നുഷ്രത് ബറൂച്ച | ഫോട്ടോ: ANI
തന്റെ സമ്പാദ്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി നുഷ്രത് ബറൂച്ച. കുടുംബത്തിന്റെ ഏക ആശ്രയം താനായതിനാൽ ഭാവിയെക്കുറിച്ചോർത്ത് ഭയം തോന്നാറുണ്ടെന്ന് അവർ പറഞ്ഞു. ബോളിവുഡ് ബബിളിനോടായിരുന്നു അവരുടെ പ്രതികരണം. കോളേജ് കാലഘട്ടത്തിൽ താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും വെള്ളം മാത്രം കുടിച്ച് എങ്ങനെയാണ് പിടിച്ചുനിന്നതെന്നും അവർ മനസുതുറന്നു.
ഇന്നും താൻ എങ്ങനെയാണ് ചെലവ് ചുരുക്കി ജീവിക്കുന്നതെന്നാണ് നുഷ്രത് ബറൂച്ച അഭിമുഖത്തിൽ വിശദീകരിച്ചത്. “വളരെ നേരത്തെ തന്നെ, ഒരു മാസം എത്ര ചെലവഴിക്കണം, എൻ്റെ അടിസ്ഥാന ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിനുശേഷം ബാക്കിയുള്ളതെല്ലാം സ്വന്തം നിക്ഷേപങ്ങളിലേക്കും സമ്പാദ്യത്തിലേക്കും മാറ്റുന്നു. ആ പണം എൻ്റെ അക്കൗണ്ടിലേക്ക് വരുന്നേയില്ല. അത് നിക്ഷേപിക്കുന്നതിനായി വെൽത്ത് മാനേജർക്ക് അയയ്ക്കാൻ അക്കൗണ്ടൻ്റുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.” നുഷ്രത് പറഞ്ഞു.
മാതാപിതാക്കളുടെ ഉത്തരവാദിത്തങ്ങൾ തൻ്റെ എപ്പോഴും ജാഗരൂകയാക്കുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു. “എൻ്റെ അച്ഛന് 70 വയസ്സാകാറായി, അമ്മയ്ക്ക് 62 വയസും. മുത്തശ്ശിക്ക് 92 വയസ്സായി. ഇവരെല്ലാം എന്നെ ആശ്രയിച്ചാണ് കഴിയുന്നത്. അതിനാൽ ഞാൻ ഭയക്കുന്നു. ദൈവാനുഗ്രഹത്താൽ ഒന്നും സംഭവിക്കാതിരിക്കട്ടെ. പക്ഷെ എന്തെങ്കിലും സംഭവിച്ചാൽ ആവശ്യമായ പണം, ഒരു കരുതൽ ശേഖരം എനിക്ക് വേണം.”
“ഞാൻ എൻ്റെ ലോകം ചെറുതാക്കി. ജുഹുവിൽ നിന്ന് ജയ് ഹിന്ദ് കോളേജിലേക്ക് യാത്ര ചെയ്യുമ്പോൾ... അക്കാലത്ത് എൻ്റെ അച്ഛൻ ബിസിനസ്സിൽ വഞ്ചിക്കപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നു. അതുകൊണ്ട്, അദ്ദേഹത്തിൻ്റെ പണം ചെലവഴിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ ആ കോളേജിൽ അഞ്ച് വർഷം പോയി. ഒരു ദിവസം 8 രൂപ മാത്രമാണ് ഞാൻ ചെലവഴിച്ചിരുന്നത്, അതും യാത്രയ്ക്കായി. ട്രെയിനിലും പിന്നീട് ബസിലുമായി കോളേജിൽ പോയി, ക്ലാസുകളിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമായിരുന്നു.” പണം ചെലവഴിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുവായിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് അവർ പറഞ്ഞതിങ്ങനെ.
“ജയ് ഹിന്ദ് കോളേജിൽ സൗജന്യമായി ഉണ്ടായിരുന്നത് വെള്ളം മാത്രമായിരുന്നു, അതിനാൽ എപ്പോഴൊക്കെ വിശപ്പ് തോന്നുമായിരുന്നോ, അപ്പോഴൊക്കെ ഞാൻ വെള്ളം കുടിക്കുമായിരുന്നു. എൻ്റെ അച്ഛൻ എനിക്ക് പണം തരില്ലായിരുന്നു എന്നല്ല. വേണ്ട എന്നുള്ളത് എൻ്റെ സ്വന്തം തീരുമാനമായിരുന്നു.” നുഷ്രത് വ്യക്തമാക്കി.
ഒരിക്കൽ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയപ്പോൾ, എല്ലാവരും ഭക്ഷണം ഓർഡർ ചെയ്തപ്പോൾ, പണം ലാഭിക്കാൻ വേണ്ടി താൻ മാത്രം അത് ചെയ്യാതിരുന്നത് നുസ്രത് ഓർത്തെടുത്തു. “എനിക്ക് വിശക്കുന്നുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു, അവിടെയും ഞാൻ വെള്ളം മാത്രമാണ് കുടിച്ചത്. എന്നാൽ വില നോക്കാതെ ജീവിക്കാൻ കഴിയുന്ന ഒരു ദിവസം വരുമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു,” അവർ കൂട്ടിച്ചേർത്തു.
Content Highlights: histrion Nushrratt Bharuccha reveals her frugal habits and fiscal strategies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·