'വിഷമിക്കേണ്ടെന്ന് മമ്മൂട്ടി മെസേജയച്ചു, പൃഥിരാജ് ചതിയനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലല്ലോ?'

9 months ago 7

Mallika Sukumaran

മല്ലികാ സുകുമാരൻ | ഫോട്ടോ :മാതൃഭൂമി

മ്പുരാന്‍ വിവാദത്തില്‍ എന്തിനാണ് പൃഥിരാജിനെ കല്ലെറിയുന്നതെന്ന് മാതാവ് മല്ലികാസുകുമാരന്‍. തിരക്കഥ എല്ലാവരും കണ്ടതാണെന്നും സീന്‍ നമ്പര്‍ ഒന്ന് മുതല്‍ പല ആവര്‍ത്തി വായിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ ഡ്രാഫ്റ്റ് പൃഥിരാജിനും ഇന്ദ്രജിത്തിനും അയച്ചിരുന്നു. കുറിപ്പിടാന്‍ പോകുന്നുവെന്ന് ഇരുവരോടും പറഞ്ഞു. അവര്‍ എതിര്‍പ്പ് പറഞ്ഞില്ല. പൃഥിരാജ് ചതിയനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലല്ലോയെന്നും മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടിമെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ലെന്നും മറ്റാരും മെസേജ് അയച്ചില്ലെന്നും മല്ലികാസുകുമാരന്‍ വ്യക്തമാക്കി.

ഒരു സംഘനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരുമില്ലാത്ത അനാഥാവസ്ഥയിലാണ് മല്ലികാസുകുമാരനും കുടുംബവുമെന്ന് ആരും ധരിക്കരുത്. ഇപ്പോഴത്തെ ഈ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചെറുപ്പകാരുടെ നേതാക്കന്മാരുടെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ഈ ഭൂമിയിലുള്ളതാണ് മല്ലികാ സുകുമാരന്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് സംസാരിക്കുക.

സംഘി എന്ന വാക്ക് എന്നുമുതലാണ് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയത്? ഞങ്ങളെ ആക്രമിക്കുന്നവര്‍ സംഘികളാണെന്ന് പറയുന്നുണ്ടല്ലോ? ഞാന്‍ കണ്ടകാലത്തുള്ള നേതാക്കള്‍ സംഘപരിവാര്‍ കുടുംബത്തിലെ അംഗങ്ങളാണ് എന്നാണ് പറയുക. ആ വാക്കിന് ഒരു മാന്യതയുണ്ട്. സംഘി, കമ്മി, കൊങ്ങി എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് എന്തൊക്കെയോ തോന്നും. ഈ പ്രസ്ഥാനം ആര് ഉണ്ടാക്കി എങ്ങനെ ഉണ്ടാക്കിയെന്ന ചരിത്രം ഒരു വരി വായിച്ചിട്ട് ചെറുപ്പക്കാര്‍ ഇങ്ങനെ സംസാരിക്കരുത്.

പൃഥിരാജിന് ആരെയെങ്കിലും ചതിക്കുന്നതിന്റെയോ ഒരു പ്രസ്ഥാനത്തില്‍നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നോ ഒരു പൈസ വാങ്ങേണ്ടതിന്റെയോ ആവശ്യമില്ല. അങ്ങനെ ജീവിക്കാന്‍ പാടില്ല, അധ്വാനിച്ച് പൈസ ഉണ്ടാക്കിതന്നെ ജീവിക്കണമെന്ന പക്ഷക്കാരിയാണ് ഞാന്‍. എന്റെ കുഞ്ഞ് ഒരുത്തന്റെ കൈയില്‍നിന്നും കൈമടക്ക് വാങ്ങില്ലെന്ന് 100 ശതമാനം ഉറപ്പുണ്ട്. അങ്ങനെയല്ലെന്ന് തെളിയിക്കട്ടെ ആരെങ്കിലും. അങ്ങനെ ഒന്നും ഞങ്ങളെ ആരും പേടിപ്പിക്കണ്ട. എനിക്ക് പറയാന്‍ ആളുകളുണ്ട്. പറയേണ്ടിടത്ത് പറയാന്‍ പോകുകയാണ്.

പൃഥിരാജിനെതിരായ ആരോപണമല്ല, ഇതെല്ലാം പറയാന്‍ ആരോ പണം കൊടുത്തിരിക്കുകയാണ്. എമ്പുരാന്റെ ഫിലിം മേക്കര്‍ പൃഥിരാജല്ല. ഫിലിം മേക്ക് ചെയ്യണമെന്ന് പറഞ്ഞ് കാശുള്ളവര്‍ പൃഥിരാജിനെ വിളിച്ചു. സംവിധാനം ചെയ്യണം, ലൂസിഫറിന്റെ രണ്ടാംഭാഗം എടുക്കണമെന്ന് പറഞ്ഞപ്പോള്‍ കിട്ടിയ വലിയ അവസരം പരമാവധി വിനിയോ​ഗിച്ചു. തിരക്കഥ എഴുതിയയാളും പണം മുടക്കുന്നയാളും പ്രധാനനടനായ മോഹന്‍ലാലുമായും എത്രയോ ആഴ്ചകള്‍ ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്.

ആരോപണങ്ങളില്‍ പൃഥിരാജ് എന്തിന് മറുപടി പറയണമെന്നും അവര്‍ ചോദിച്ചു. പൃഥിരാജ് ചതിച്ചു എന്നാണ് അരോപണം. ചതിച്ചിട്ടില്ലെന്ന് നിര്‍മാതാക്കള്‍ക്കും കൂടെ നിന്നവര്‍ക്കും അറിയം. എന്തിനാണ് പൃഥിരാജിന്റെ നേരെ അമ്പെയ്യുന്നത്. പൃഥിരാജിന്റെ ജോലി ആ പടം പറഞ്ഞതുപോലെ എടുത്തുകൊടുക്കുക എന്നതാണ്. പൃഥിരാജിനെ ചീത്ത വിളിക്കുന്നതിന് പൃഥിരാജ് പ്രതികരിക്കേണ്ടകാര്യമില്ല. പടം ഇറങ്ങാതിരിക്കാന്‍ വലിയ ശ്രമം നടന്നു. തിയേറ്ററുകാര്‍ക്ക് പത്ത് പൈസ കിട്ടിമെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു നയാ പൈസ പൃഥിരാജ് ഇതില്‍ വാങ്ങിച്ചിട്ടില്ല.

മേജര്‍ രവിയുടെ പോസ്റ്റ് കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്നും അതിനാലാണ് പ്രതികരിച്ചതെന്നും മല്ലികാസുകുമാരന്‍ പരഞ്ഞു. പൃഥിരാജ് മണലാരണ്യത്തില്‍ചെന്നിരുന്ന് പണം വാങ്ങി ദേശദ്രോഹം നടത്തുന്നു എന്ന് പറഞ്ഞാല്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല. കാരണം പൃഥിരാജിന് അതിന്റെ ആവശ്യമില്ല. അവന്‍ അങ്ങനത്തെ ഒരു വ്യക്തിയല്ല. മോഹന്‍ലാല്‍ ഒരു പോസ്റ്റിട്ടാല്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ അത് ഷെയര്‍ ചെയ്യേണ്ടത് ഒരു മര്യാദയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Mallika Sukumaran connected prithviraj-empuraan-controversy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article