12 September 2025, 08:27 AM IST
.jpg?%24p=127af68&f=16x10&w=852&q=0.8)
വിഷ്ണുവർധൻ, ബി. സരോജാ ദേവി | Photo: PTI, Mathrubhumi
ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ താരങ്ങളായ ഡോ. വിഷ്ണുവർധനും ബി.സരോജാ ദേവിക്കും കർണാടക രത്ന പുരസ്കാരം നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകുക. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.
മുതിർന്ന നടിമാരായ ജയമാല, ശ്രുതി, മാളവിക അവിനാഷ് എന്നിവർ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും കണ്ട് ഡോ.വിഷ്ണുവർധനും ബി. സരോജാ ദേവിക്കും കർണാടക രത്ന നൽകണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതുപ്രകാരമാണ് നടപടി. വിഷ്ണുവർധന് കർണാടക രത്‌ന നൽകണമെന്ന് ഏതാനും വർഷങ്ങളായി അദ്ദേഹത്തിന്റെ ആരാധകർ ആവശ്യമുയർത്തുന്നതാണ്. അദ്ദേഹത്തിന്റെ ഭാര്യ ഭാരതി വിഷ്ണുവർധനും മകൻ അനിരുദ്ധും അടുത്തിടെ സർക്കാരിന് നിവേദനം നൽകിയിരുന്നു. 2009 ഡിസംബർ 30-നാണ് വിഷ്ണുവർധൻ അന്തരിച്ചത്. 59-ാം വയസ്സിലായിരുന്നു അന്ത്യം. സരോജാദേവി 87-ാം വയസ്സിൽ ഈവർഷം ജൂലായ് 14-ന് അന്തരിച്ചു.
പുരസ്കാര വിതരണത്തിന്റെ സ്ഥലവും തീയതിയും പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച നിയമ-പാർലമെന്ററീകാര്യമന്ത്രി എച്ച.കെ. പാട്ടീൽ പറഞ്ഞു. കർണാടകത്തിന്റെ ദേശീയ കവി കുവെംപുവിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന നൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Content Highlights: Karnataka authorities posthumous grant Karnataka Ratna to Dr. Vishnuvardhan and B. Saroja Devi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·