വെള്ളത്തുണികൊണ്ടു മൂടിയ നഗ്‌നമായ ആ മൃതശരീരം പലവട്ടം കണ്ടിട്ടും കൊതിതീരാത്തവരുണ്ടായിരുന്നു

9 months ago 6

ലപ്പുഴയിലെ ഉദയാ സ്റ്റുഡിയോയില്‍ ഒതേനന്റെ മകന്‍ ചിത്രീകരിക്കുമ്പോഴാണ് നടി വിജയശ്രീയെ ത്യാഗരാജന്‍ ആദ്യമായി കാണുന്നത്. സിനിമയ്ക്ക് സംഭാഷണമെഴുതിയ നടന്‍ ഗോവിന്ദന്‍കുട്ടിയാണ് വിജയശ്രീയെ പരിചയപ്പെടുത്തിക്കൊടുത്തത്. 1948 ല്‍ സ്ഥാപിതമായ ഉദയായുടെ അമ്പതാമത്തെ ചിത്രമായിരുന്നു ഒതേനന്റെ മകന്‍. ഉദയായുടെ വടക്കന്‍പാട്ട് ചിത്രങ്ങള്‍ക്കേറെയും സംഘട്ടനസംവിധാനം നിര്‍വഹിച്ചത് ത്യാഗരാജനായിരുന്നു. വിജയശ്രീയുമായുള്ള സൗഹൃദത്തിന് ഒതേനന്റെ മകന്‍ നിമിത്തമായെങ്കിലും ഉദയായുടെ തന്നെ പോസ്റ്റ്മാനെ കാണ്‍മാനില്ല എന്ന ചിത്രത്തോടെയാണ് അഭിനേത്രി എന്നതിനപ്പുറം വിജയശ്രീ എന്ന വ്യക്തിയെ അദ്ദേഹം മനസ്സിലാക്കുന്നത്. അഭിനയസിദ്ധി വേണ്ടുവോളമുണ്ടായിട്ടും വിജയശ്രീ ക്ഷണിക്കപ്പെട്ടത് ഏറെയും അവരുടെ മാദകത്വം നിറഞ്ഞുതുളുമ്പുന്ന മേനി പ്രദര്‍ശിപ്പിക്കുന്ന 'വേഷ'ങ്ങളിലേക്കായിരുന്നു. പണത്തിനും പ്രശസ്തിക്കുമപ്പുറം ഇക്കാര്യത്തില്‍ മറ്റൊരു ചിന്ത വിജയശ്രീക്കും ഉണ്ടായില്ലെന്നു വേണം പറയാന്‍.

പക്ഷേ, ഒരു സാധുപെണ്‍കുട്ടിയായിരുന്നുവെന്നതാണ് ത്യാഗരാജന്റെ അനുഭവം. രാവും പകലുമില്ലാതെ മുഖത്ത് തേപ്പുമായി ഏതൊക്കെയോ ജീവിതങ്ങളാടിയ വിജയശ്രീ പലപ്പോഴും അവരുടെ ജീവിതത്തിലെ കറുപ്പും വെളുപ്പും നിറഞ്ഞ ഏടുകള്‍ ഷൂട്ടിങ് സെറ്റിലിരുന്ന് ത്യാഗരാജനോട് തുറന്നുപറഞ്ഞിട്ടുണ്ട്. നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കും ഏതുസമയത്തും എങ്ങോട്ടു വേണമെങ്കിലും തട്ടിക്കളിക്കാവുന്ന മനോഹരമായ പന്തായിരുന്നു വിജയശ്രീയെന്ന് അവരുടെ വാക്കുകളില്‍ നിന്നുതന്നെയാണ് ത്യാഗരാജന്‍ തിരിച്ചറിയുന്നത്. തന്റെ സങ്കടങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ സഹോദരതുല്യനായ ഒരാള്‍ കൂടെയുണ്ടാകുമ്പോള്‍ പറയാനേറെയുണ്ടായിരുന്നു വിജയശ്രീക്ക്. പക്ഷേ, സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ രണ്ടുപേര്‍ക്കും പരപസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ പലതും പറയാനാവാതെയാണ് പെട്ടെന്നൊരു ദിവസം വിജയശ്രീ എന്നന്നേക്കുമായി ഇല്ലാതായത്.

പോസ്റ്റ്മാനെ കാണ്‍മാനില്ല സിനിമയുടെ ചിത്രീകരണം ഉദയാ സ്റ്റുഡിയോയില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍കൂടിയായ കുഞ്ചാക്കോ ത്യാഗരാജനെ കോട്ടേജിലേക്കു വിളിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു ബലാത്സംഗസീനുണ്ട്. ഗോവിന്ദന്‍കുട്ടിയും വിജയശ്രീയുമാണ് അഭിനയിക്കേണ്ടത്. സിനിമാസംബന്ധമായ ചില ചര്‍ച്ചകള്‍ക്കും മറ്റുമായി കുഞ്ചാക്കോയ്ക്ക് അടുത്ത ദിവസംതന്നെ മദിരാശിയിലേക്കു പോകണം. അതുകൊണ്ട് ബലാത്സംഗസീന്‍ ത്യാഗരാജന്‍ ചിത്രീകരിക്കണം. കുഞ്ചാക്കോയുടെ ആവശ്യം ത്യാഗരാജന്‍ ഏറ്റെടുത്തു. സ്റ്റണ്ടും വാള്‍പ്പയറ്റുമൊക്കെയായി നിരവധി സീനുകള്‍ ത്യാഗരാജന്റെ മേല്‍നോട്ടത്തില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒരു ബലാത്സംഗം ചിത്രീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. അങ്ങേയറ്റം അപകടകരമായ സ്റ്റണ്ടുരംഗങ്ങള്‍ കംപോസ് ചെയ്യുമ്പോഴും ഒട്ടും ആശങ്കയില്ലാതിരുന്ന ത്യാഗരാജന് എത്ര ആലോചിച്ചിട്ടും ബലാത്സംഗ സീന്‍ ഷൂട്ട് ചെയ്യുന്ന കാര്യത്തില്‍ ആശങ്കകള്‍ ഒരുപാടായിരുന്നു.

ഒടുവില്‍ ഷൂട്ടിങ്ങിന്റെ തലേന്നു രാത്രി ത്യാഗരാജന്‍ ഗോവിന്ദന്‍കുട്ടിയുടെ മുറിയിലെത്തി. ആലോചിച്ച് സമയം കളയാതെ പെട്ടെന്നു തോന്നിയ ഒരു കളവ് അദ്ദേഹത്തിന്റെ മുന്നിലവതരിപ്പിച്ചു. അടുത്ത ദിവസം എടുക്കാന്‍ പോകുന്ന സീനിനെക്കുറിച്ച് വിജയശ്രീയുമായി സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, 'ഗോവിന്ദന്‍കുട്ടി സാര്‍ കിളവനായില്ലേ... അദ്ദേഹമൊക്കെ ബലാത്സംഗരംഗത്ത് അഭിനയിച്ചാല്‍ ദീനം പിടിച്ച ഒരാള്‍ കയറിപ്പിടിക്കും പോലെയുണ്ടാകും. സാറിനു പകരം മാസ്റ്റര്‍ വേറെ ആളെ വെക്ക്.'

വിജയശ്രീ തന്നെക്കുറിച്ചു പറഞ്ഞതുകേട്ട് അടിമുടി രോഷാകുലനായ ഗോവിന്ദന്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ങ്ഹാ... കുറച്ച് പടത്തിലഭിനയിക്കുമ്പോഴേക്കും അവളത്ര വലിയ അഹങ്കാരിയായോ? എന്റെ കരുത്ത് ഞാനവള്‍ക്കു കാണിച്ചുകൊടുക്കാം.'
പിറ്റേദിവസം രാവിലെ ത്യാഗരാജന്‍ വിജയശ്രീയുടെ അരികിലെത്തി എടുക്കാന്‍ പോകുന്ന സീനിനെക്കുറിച്ച് വിശദീകരിച്ചശേഷം ഇങ്ങനെ പറഞ്ഞു: 'ഞാന്‍ പറഞ്ഞതെന്നു പറയരുത്. ഈ രംഗത്ത് വിജയശ്രീയോടൊപ്പം അഭിനയിക്കാന്‍ ഗോവിന്ദന്‍കുട്ടി സാറിന് അല്‍പ്പം പ്രയാസമുള്ളതുപോലെ തോന്നി. അദ്ദേഹം പറയുന്നത് പെണ്ണത്തമുള്ള ഒരു പെണ്ണിനെ കൊണ്ടുവന്നാല്‍ പോരേ... എന്തിനാണ് ആണിനെപ്പോലെയുള്ള വിജയശ്രീയെ ഈ രംഗത്ത് അഭിനയിപ്പിക്കുന്നത്?' ഗോവിന്ദന്‍കുട്ടിയുടെ പേരില്‍ പറഞ്ഞ കളവ് വിശ്വസിച്ച വിജയശ്രീക്കും വാശിയായി: 'അയാള്‍ എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞുവല്ലേ... ഞാന്‍ വെച്ചിട്ടുണ്ട്‌' രാവിലെ എട്ടുമണിക്ക് ഉദയാ സ്റ്റുഡിയോയില്‍ കിടപ്പറയായി ഒരുക്കിയ മുറിയില്‍ മൂന്നു ക്യാമറകള്‍ വെച്ച് ബലാത്സംഗരംഗം ഷൂട്ട് ചെയ്യാനുള്ള ഒരുക്കത്തിലായി ത്യാഗരാജന്‍. ഗോവിന്ദന്‍കുട്ടിയും വിജയശ്രീയും കൃത്യസമയത്തുതന്നെ എത്തിച്ചേര്‍ന്നു. അവര്‍ പരസ്പരം ഒരക്ഷരംപോലും സംസാരിച്ചില്ല. വാശിയോടെയുള്ള വരവില്‍ ഗോവിന്ദന്‍കുട്ടി കുറച്ച് മദ്യം കഴിച്ചിരുന്നു. താഴത്തും മുകളിലുമായി ഓരോ ക്യാമറകള്‍ സെറ്റ് ചെയ്തു. മൂവി ക്യാമറയുടെ നിയന്ത്രണം ത്യാഗരാജന്റെ കൈയിലും. ആക്ഷന്‍ പറയുന്നതിനു മുമ്പായി ക്യാമറമാനടക്കം എല്ലാവരോടും പുറത്തുപോകാന്‍ ത്യാഗരാജന്‍ ആജ്ഞാപിച്ചു. അതോടെ ഗോവിന്ദന്‍കുട്ടിയും വിജയശ്രീയും ത്യാഗരാജനും മാത്രം മുറിയില്‍. പുറത്തുനിന്ന് ആര്‍ക്കും പ്രവേശിക്കാനാവാത്തവിധം വാതില്‍ കുറ്റിയിട്ടു.
'ആക്ഷന്‍...'

ത്യാഗരാജന്റെ ശബ്ദം മുഴങ്ങിയതോടെ ഗോവിന്ദന്‍കുട്ടി വിജയശ്രീയുടെ മേല്‍ ചാടിവീണു. തന്നെ കിളവനെന്ന് ആക്ഷേപിച്ച വിജയശ്രീയെ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ഗോവിന്ദന്‍കുട്ടി. അഭിനയമൊക്കെ മറന്നുള്ള ഗോവിന്ദന്‍കുട്ടിയുടെ പ്രകടനം കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വിജയശ്രീ ആഞ്ഞടിച്ചു. അതോടെ വാശികൂടി വിജയശ്രീയെ വലിച്ചിഴച്ച് കിടക്കയിലേക്കു തള്ളിയിട്ടു. വസ്ത്രങ്ങള്‍ ഓരോന്നായി ഗോവിന്ദന്‍കുട്ടി കീറിപ്പറിക്കുക മാത്രമല്ല, പല്ലും നഖവും ഉപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിജയശ്രീയുടെ ചവിട്ടേറ്റ് പലവട്ടം ഗോവിന്ദന്‍കുട്ടി മറിഞ്ഞുവീണു. നാല്‍പ്പത്തഞ്ചു മിനിറ്റിലേറെ ഷൂട്ട് ചെയ്തപ്പോഴാണ് ത്യാഗരാജന്‍ 'കട്ട്' പറഞ്ഞത്. അപ്പോഴും വിജയശ്രീയുടെ കാലില്‍നിന്ന് ഗോവിന്ദന്‍കുട്ടി പിടിവിട്ടിട്ടില്ലായിരുന്നു. ഒരു പോരാട്ടം കഴിഞ്ഞതിന്റെ കിതപ്പ് രണ്ടുപേര്‍ക്കുമുണ്ടായിരുന്നു. മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടയിലും ഗോവിന്ദന്‍കുട്ടിയും വിജയശ്രീയും ഇത്രമേല്‍ കിതച്ചിട്ടുമുണ്ടാവില്ല.

vijayasree and govindankutty

വിജയശ്രീയും ഗോവിന്ദൻകുട്ടിയും. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ചിത്രീകരണം കഴിഞ്ഞപ്പോള്‍ ത്യാഗരാജന്‍ ആ കളവ് രണ്ടുപേര്‍ക്കു മുന്നിലും തുറന്നുവെച്ചു. ഈ റേപ് സീന്‍ ഗംഭീരമാക്കാന്‍ വേണ്ടി താനൊപ്പിച്ച വേലയാണ് ഇതെല്ലാമെന്നു തുറന്നുപറഞ്ഞപ്പോള്‍ ഗോവിന്ദന്‍കുട്ടി പൊട്ടിക്കരഞ്ഞു. 'എന്നാലും ത്യാഗരാജാ... ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു. എത്ര ചവിട്ടാണ് അവളുടെയടുത്തുനിന്ന് എനിക്കു കിട്ടിയത്.'
ബദ്ധശത്രുക്കളെപ്പോലെ വന്ന ഗോവിന്ദന്‍കുട്ടിയും വിജയശ്രീയും മിത്രങ്ങളെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.

രണ്ടുദിവസം കഴിഞ്ഞ് മദിരാശിയില്‍നിന്ന് കുഞ്ചാക്കോ വരുമ്പോഴേക്കും ബലാത്സംഗ സീനിന്റെ നെഗറ്റീവെല്ലാം പ്രോസസ് ചെയ്തുവെച്ചിരുന്നു. കുഞ്ചാക്കോയും ത്യാഗരാജനും മറ്റു സാങ്കേതികപ്രവര്‍ത്തകരും ചേര്‍ന്ന് ആ രംഗങ്ങള്‍ സ്‌ക്രീനില്‍ കണ്ടു. എല്ലാവരും അദ്ഭുതപ്പെട്ടു. കാരണം, അങ്ങനെയൊരു റേപ് സീന്‍ മലയാള സിനിമ അതുവരെ കണ്ടിട്ടില്ലായിരുന്നു. പോസ്റ്റ്മാനെ കാണ്‍മാനില്ല സിനിമ പ്രദര്‍ശിപ്പിച്ച തിയേറ്ററുകളിലെല്ലാം പ്രേക്ഷകര്‍ ആ രംഗം ആഘോഷിച്ചു. സിനിമ തീര്‍ന്നപ്പോള്‍ വിജയശ്രീയെ ബലാത്സംഗം ചെയ്യുന്ന സീന്‍ വീണ്ടും ഇട്ടുകൊടുക്കാനായിരുന്നു പലരുടെയും ആവശ്യം. യഥാര്‍ത്ഥത്തില്‍ ത്യാഗരാജന്‍ അങ്ങനെയൊരു കളവ് ഗോവിന്ദന്‍കുട്ടിക്കും വിജയശ്രീക്കും മുമ്പില്‍ അവതരിപ്പിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ആ രംഗം അത്രമേല്‍ യാഥാര്‍ത്ഥ്യമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടില്ലായിരുന്നു.

സിനിമയ്ക്കപ്പുറം സന്തോഷകരമായ ഒരു ജീവിതം സ്വപ്നം കണ്ടവളായിരുന്നു വിജയശ്രീ. പക്ഷേ, പലവിധ ചതിക്കുഴികളിലേക്കും വലിച്ചെറിയപ്പെട്ട ആ കലാകാരിയുടെ ജീവിതത്തിന്റെ നോവ് അധികമാരുമറിയാതെ പോയി. അഥവാ അതേക്കുറിച്ചറിയാന്‍ ആര്‍ക്കും താത്പര്യമില്ലായിരുന്നു. വിജയശ്രീ എന്ന സ്ത്രീയെ മനസ്സിലാക്കുന്നതിനേക്കാളും കൂടുതല്‍ അവരുടെ ശരീരത്തെ അനുഭവിക്കാനായിരുന്നു ഏറെപ്പേരും ആഗ്രഹിച്ചത്. പൊന്നാപുരം കോട്ടയുടെ ചിത്രീകരണകാലത്ത്, താനനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ച് പലപ്പോഴും ത്യാഗരാജനോട് അവര്‍ മനസ്സുതുറന്നു. അതൊന്നും പുറത്തുപറയാന്‍ കൊള്ളുന്നതായിരുന്നില്ല. പുറത്തറിഞ്ഞാല്‍ സിനിമയിലെ പല ബിംബങ്ങളും തകര്‍ന്നുവീഴുമായിരുന്നു. ആത്മബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കാത്ത സിനിമയുടെ ലോകത്ത് വിജയശ്രീക്കും വിപുലമായ സൗഹൃദങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരര്‍ത്ഥത്തില്‍ സിനിമാലോകവും പ്രേക്ഷകസമൂഹവും എപ്പോഴും കണ്ണുപായിച്ചത് വിജയശ്രീയുടെ വടിവൊത്ത ഉടലിലേക്കാണ്.
പൊന്നാപുരം കോട്ടയ്ക്കുവേണ്ടിയും അങ്കത്തട്ടിനുവേണ്ടിയും വിജയശ്രീയെ വാള്‍പ്പയറ്റ് പഠിപ്പിച്ചത് ത്യാഗരാജനായിരുന്നു. പൊന്നാപുരം കോട്ടയുടെ അവസാനഘട്ട ചിത്രീകരണത്തിലൊക്കെ വിജയശ്രീ അങ്ങേയറ്റം ദുഃഖിതയായിരുന്നു. അതിന്റെ യാഥാര്‍ത്ഥ്യം പല കെട്ടുകഥകളായി പ്രചരിച്ചതും വിജയശ്രീയെ മാനസികമായി തകര്‍ത്തു. ഒടുവില്‍ പൊന്നാപുരം കോട്ട റിലീസ് ചെയ്ത് ഒരുവര്‍ഷം തികയുന്ന അതേ മാര്‍ച്ച് മാസത്തില്‍ വിജയശ്രീ സിനിമയോടും ജീവിതത്തോടും എന്നന്നേക്കുമായി വിടവാങ്ങി.

ആത്മഹത്യയില്‍ അഭയം കണ്ടെത്തിയ വിജയശ്രീയുടെ മൃതദേഹം മദിരാശി ജനറല്‍ ഹോസ്പിറ്റലിന്റെ മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ചു കിടന്നു. പോസ്റ്റ്മോര്‍ട്ടത്തിനു മുമ്പായി വിജയശ്രീയെ കാണാന്‍ ആശുപത്രിയിലെ ഹൗസ് സര്‍ജന്മാരടക്കം ആയിരങ്ങളാണ് കൊതിച്ചത്. നേരിയ വെള്ളത്തുണികൊണ്ടു മൂടിയ നഗ്‌നമായ ആ മൃതശരീരം പലവട്ടം കണ്ടിട്ടും കൊതിതീരാത്തവരുണ്ട്. കാമത്തിന്റെ കത്തുന്ന കണ്ണുകള്‍കൊണ്ടായിരുന്നു അപ്പോഴും അവര്‍ വിജയശ്രീയെ നോക്കിക്കണ്ടത്. അവസാനമായി വിജയശ്രീയെ ഒന്നു കാണാന്‍പോലും ത്യാഗരാജനായില്ല. പക്ഷേ, വിജയശ്രീയെ ഓര്‍ക്കുമ്പോള്‍ കൂര്‍ത്തമുള്ള് കൊത്തിവലിക്കുംപോലെയുള്ള ഒരു വേദന ഇന്നും ത്യാഗരാജനെ നോവിക്കുന്നു. ഒരു രംഗത്തിന്റെ പൂര്‍ണതയ്ക്കായി ചെറിയൊരു കളവു പറഞ്ഞ് അഭിനയിപ്പിച്ചതിന്റെ വേദന. അപ്പോഴും അദൃശ്യമായ ഏതോ ലോകത്തിരുന്ന് വിജയശ്രീ പറയുന്നത് ത്യാഗരാജന്‍ കേള്‍ക്കുന്നു: 'അതിലൊന്നും എനിക്കൊട്ടും പരിഭവമില്ല, മാസ്റ്റര്‍. സിനിമയ്ക്കുവേണ്ടി ചോരചിന്തിയ നിങ്ങളുടെ മുന്നില്‍ ഞാനൊക്കെ എത്രയോ നിസ്സാരയാണ്.'

(തുടരും)

Content Highlights: Vijayasree Malayalam Cinema Tragedy Actress Film Industry Exploitation stunt maestro thayagarajan

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article