'വേടന്റേയും ​ഗൗരിലക്ഷ്മിയുടേയും പാട്ട് വേണ്ട'; കാലിക്കറ്റ് സർവകലാശാല സിലബസിൽനിന്ന് ഒഴിവാക്കാൻ ശുപാർശ

6 months ago 6

16 July 2025, 09:19 AM IST

vedan Gowry Lekshmi

വേടൻ, ഗൗരിലക്ഷ്മി | Photo: Mathrubhumi

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍നിന്ന് വേടന്റേയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ സിന്‍ഡിക്കറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശ്വനാഥ് അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു.

റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും എം.എം. ബഷീറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്.

വേടന്റെ പാട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും പകരം മറ്റാരുടേയെങ്കിലും കാമ്പുള്ള രചന ചേര്‍ക്കണമെന്നുമായിരുന്നു പരാതിയില്‍ ഉണ്ടായിരുന്നത്. പിന്നാലെ ചാന്‍സലറുടെ നിര്‍ദേശപ്രകാരം വിസി ഡോ. പി. രവീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചു. എം.എം. ബഷീറിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. മലയാളം യുജി പഠനബോര്‍ഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധയില്‍ ചേര്‍ത്തത്. മൈക്കിള്‍ ജാക്‌സന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' സിലബസില്‍ ഉള്‍പ്പെടുത്തിയത്.

Content Highlights: Calicut University Syllabus Vedan Gowry Lekshmi opus removal recommendation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article