വേണമെങ്കിൽ വില്ലനാക്കാമെന്ന് ബേസിൽ, നിന്നെ ഇടിക്കുന്ന രം​ഗമുണ്ടെങ്കിൽ അതിനും റെഡിയെന്ന് ടൊവിനോ

4 months ago 4

Tovino and Basil

ടൊവിനോ തോമസ്, ബേസിൽ ജോസഫ് | ഫോട്ടോ: www.facebook.com/ActorTovinoThomas, www.facebook.com/basiljosephdirector

ഴിഞ്ഞദിവസമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ് നിർമാണക്കമ്പനി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ബേസിൽ ജോസഫ് എന്റർടെയിൻമെന്റ്സ് എന്നാണ് കമ്പനിയുടെ പേര്. കമ്പനിയുടെ ടൈറ്റിൽ ​ഗ്രാഫിക്സ് വീഡിയോയും ബേസിൽ പങ്കുവെച്ചിരുന്നു. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രഖ്യാപന പോസ്റ്റിന് വന്നിരിക്കുന്ന രസകരമായ പ്രതികരണങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ടൊവിനോ ഉൾപ്പെടെയുള്ള സഹപ്രവർത്തകരാണ് രസകരമായ ആശംസാക്കുറിപ്പുകളുമായി എത്തിയിരിക്കുന്നത്.

'അങ്ങനെ വീണ്ടും. ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിർമാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാൽ, കഥകൾ കൂടുതൽ നന്നായി, ധൈര്യപൂർവ്വം, പുതിയ രീതികളിൽ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം' എന്നാണ് ബേസിൽ കുറിച്ചത്. ഇതിനുള്ള ആദ്യ പ്രതികരണം ടൊവിനോയുടേതായിരുന്നു.

'അഭിനന്ദനങ്ങൾ. അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ, ഞാൻ അല്ലേ നായകൻ?' എന്നാണ് ടൊവിനോ കുറിച്ചത്. 'ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ, നിന്നെ വേണേൽ വില്ലനാക്കാം' എന്നായിരുന്നു ഇതിന് ബേസിൽ നൽകിയ മറുപടി. ഇതിന് ടൊവിനോ വീണ്ടും മറുപടിയുമായെത്തി. 'ഇടിപ്പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലനാവാനും മടിക്കില്ല ‍ഞാൻ' എന്നാണ് ടൊവിനോയുടെ രസകരമായ പ്രതികരണം.

ചേട്ടാ ഈ പൈസ പാവങ്ങൾക്ക് കൊടുത്തുകൂടേ എന്നാണ് നടനും തിരക്കഥാകൃത്തുമായ സിജു സണ്ണിയുടെ കമന്റ്. പ്രൊഡക്ഷൻ കമ്പനിയുടെ ടൈറ്റിൽ ​ഗ്രാഫിക്സിന്റെ പശ്ചാത്തലത്തിൽ ബേസിൽ ചിരിക്കുന്ന ശബ്ദമാണുൾപ്പെടുത്തിയിരിക്കുന്നത്. ഇതിനെ സൂചിപ്പിക്കുന്ന രീതിയിൽ 'ആ ചിരി' എന്നാണ് നടി നിഖില വിമൽ കമന്റ് ചെയ്തത്. ബോളിവുഡ് താരം രൺവീർ സിം​ഗ്, ആന്റണി വർ​ഗീസ് പെപ്പേ, നടി ​ഗൗതമി നായർ, സംവിധായകരായ നഹാസ് ഹിദായത്ത്, ഡിജോ ജോസ് ആന്റണി, ജിതിൻ ലാൽ എന്നിവരും ബേസിലിന് ആശംസകളുമായെത്തി.

അതേസമയം ബേസിൽ നിർമിക്കുന്ന ആദ്യ സിനിമ ഏതായിരിക്കുമെന്നതടക്കം മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംവിധാനസഹായിയായി തുടങ്ങി സംവിധായകനായും നടനായും ബേസിൽ മലയാള സിനിമയിൽ സജീവമാണ്. 'കുഞ്ഞിരാമായണം', 'ഗോദ', 'മിന്നൽമുരളി' എന്നീ ചിത്രങ്ങൾ സംവിധാനംചെയ്തു. 'മരണമാസ്' ആണ് ബേസിൽ നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രം 'ഹൃദയപൂർവ്വ'ത്തിൽ അദ്ദേഹം അതിഥിവേഷത്തിലുമെത്തിയിരുന്നു.

Content Highlights: Basil Joseph Launches Production Company: Tovino Thomas, Other Stars React

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article