08 July 2025, 12:03 PM IST

വിൻസി അലോഷ്യസ്, ഷൈൻ ടോം ചാക്കോ
തൃശ്ശൂർ: നടി വിൻ സി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. മനഃപൂർവം അങ്ങിനെ ഒന്നും ഉദ്ദേശിച്ചിട്ടല്ല പറഞ്ഞത്. നമ്മൾ പറയുന്ന കാര്യങ്ങൾ അഞ്ച് പേർ അഞ്ച് വ്യത്യസ്ത രീതിയിലാണ് എടുക്കുക. വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ഷൈൻ വിൻ സിയോട് പറഞ്ഞു. വിവാദങ്ങൾക്കെല്ലാം ശേഷം സൂത്രവാക്യം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും ആദ്യമായി ഒരുമിച്ച് ഒരേ വേദിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
'വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു. നമ്മള്‍ ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാൻ ഉദ്ദേശിച്ച് തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എല്ലാവരും ഒരുപോലെയല്ല. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസ്സിലായിരുന്നില്ല', ഷൈൻ വിൻ സിയോട് പറഞ്ഞു.
വലിയ വിവാദമായി മാറിയ വിഷയമായിരുന്നു ഇതെന്നായിരുന്നു വിൻ സിയുടെ മറുപടി. 'കാര്യങ്ങളെല്ലാം ഷൈൻ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. ഞാനും പെർഫക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ എനിക്കുണ്ട്. അത് ഒരു കുറ്റബോധത്തോടെ തന്നെ നിലനിൽക്കും', വിൻ സി മറുപടിയിൽ വ്യക്തമാക്കി. എന്നാൽ, തന്റെ കുടുംബത്തിന് ഇക്കാര്യം മനസ്സിലാകുമെന്നും അവർക്കും പെൺമക്കൾ ഉള്ളതല്ലേ എന്നുമായിരുന്നു ഷൈനിന്റെ മറുപടി.
സിനിമാ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ അപമര്യാദമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.എന്നാൽ, വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു വിൻസിയുടെ നിലപാട്. സിനിമയ്ക്ക് പുറത്തേക്ക് ഈ വിഷയം കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അന്ന് നടി പറഞ്ഞിരുന്നു.
Content Highlights: hine Tom Chacko Apologizes to Vincy Aloshious After Public Controversy





English (US) ·