കൊച്ചി: ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ആളാണ് താനെന്നും ആ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാൻ ആന്റണി പെരുമ്പാവൂരിനെപ്പോലെയും മോഹൻലാലിനെപ്പോലെയും ആൾക്കാർ ഉണ്ടായതാണ് തന്റെ ഭാഗ്യമെന്നും നടൻ പൃഥ്വിരാജ്. ഞങ്ങൾ ഒരു ടീമൊന്നിച്ച് വലിയ സ്വപ്നം കണ്ടതിന്റെ ഫലമാണ് എമ്പുരാൻ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഞങ്ങൾക്ക് സാധിച്ചാൽ ഒരുപാട് പുതിയ വാതിലുകൾ മലയാള സിനിമയ്ക്ക് മുമ്പിൽ തുറക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.
'ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന ആളാണ് ഞാൻ. ആ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി ജോലി ചെയ്യുന്ന ആളാണ്. അതോടൊപ്പം ഭാഗ്യവും ആന്റണി പെരുമ്പാവൂരിനെപ്പോലെ മോഹൻലാലിനെപ്പോലെ വലിയ ആൾക്കാർ ആ സ്വപ്നങ്ങളെയും എന്നെയും വിശ്വസിച്ച് കൂടെനിന്നു എന്ന് പറയുന്നിടത്താണ് എന്റെ വിജയം. ഒപ്പം സ്വപ്നങ്ങൾക്കൊപ്പം നിൽക്കുന്ന, സ്വപ്നം കാണാൻ പഠിപ്പിച്ച , അതിനായി പ്രേരിപ്പിക്കുന്ന ഒരു കുടുംബവും. ആ ഭാഗ്യം വലിയ സ്വപ്നങ്ങൾ കാണുന്ന എല്ലാവർക്കും ഉണ്ടാകട്ടെ എന്നാണ് എനിക്ക് ആശംസിക്കാനുള്ളത്.'- പൃഥ്വിരാജ് പറഞ്ഞു.
'ഞാൻ സംവിധായകനാകാൻ കാരണം മുരളി ഗോപിയാണ്. ഒരു കഥ പറഞ്ഞിട്ട് ഇത് രാജു സംവിധാനം ചെയ്യുന്നോ എന്ന് ചോദിക്കുന്നത് മുരളിയാണ്. അവിടെ നിന്നാണ് ലൂസിഫർ സംഭവിക്കുന്നത്. എന്നിലെ സംവിധായകനെ വിശ്വസിച്ച് ഇന്ന് മലയാള സിനിമയിലെ എറ്റവും വലിയ സിനിമ ഒരുക്കാൻ പ്രാപ്തനായ സംവിധായകനാക്കി മാറ്റിയതിൽ മുരളിയുടെ പങ്ക് ഏറെ വലുതാണ്. സിനിമയെക്കുറിച്ച് സ്വപ്നം കാണുമ്പോൾ എന്നോളം വട്ടുള്ള മറ്റാരും ഇല്ലെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ആ വിശ്വാസം തകർത്തത് ആന്റണി പെരുമ്പാവൂരാണ്. എന്നേക്കാൾ വലിയ വട്ടനാണ് അദ്ദേഹം. സിനിമ എന്ന ലോകത്തിന് പരിതികളോ അതിർവരമ്പുകളോ ഇല്ലെന്ന് കരുതുന്ന സിനിമാക്കാരനാണ് അദ്ദേഹം. അതുപോലെ ലൂസിഫറും എമ്പുരാനും സംഭവിക്കുന്നത് ലാലേട്ടന്റെ ശരി മോനേ എന്ന വാക്കുകളിൽ നിന്നാണ്. എന്റെ കൂടെ നിൽക്കുന്നതിനും എന്നിലെപ്പോഴും വിശ്വാസം അർപ്പിക്കുന്നതിനും ലാലേട്ടനോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ ഒരു ടീമൊന്നിച്ച് വലിയ സ്വപ്നം കണ്ടതിന്റെ ഫലമാണ് എമ്പുരാൻ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഞങ്ങൾക്ക് സാധിച്ചാൽ ഒരുപാട് പുതിയ വാതിലുകൾ ഒരുപാട് പുതിയ വഴികൾ മലയാള സിനിമയ്ക്ക് മുമ്പിൽ തുറക്കപ്പെടാൻ സാധ്യതയുള്ള സംഭവമായേക്കാം ഈ സിനിമയുടെ വിജയം.'
'ഐമാക്സിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമയാണ് എമ്പുരാൻ. അനോമോർഫിക് ഫോർമാറ്റിലാണ് എമ്പുരാൻ ചിത്രീകരിച്ചിരിക്കുന്നത്. ഐമാക്സ് മാസ്റ്ററിങ്ങിന് പറ്റിയ ഫോർമാറ്റ് അല്ല അത്. ജനുവരി 26ന് ചിത്രത്തിന്റെ ടീസർ റിലീസായതിന് പിന്നാലെ ഐമാക്സ് ഹെഡ് ക്രിസ്റ്റഫർ എന്റെ നമ്പർ കണ്ടെത്തി എന്നെ കോൺടാക്ട് ചെയ്യുകയായിരുന്നു. ടീസർ കണ്ട് അദ്ദേഹത്തിനത് ഐമാക്സ് ഫോർമാറ്റിൽ ലോകം കാണണമെന്ന് ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയായിരുന്നു. അങ്ങനെയാണ് ഏത് ഐമാക്സ് ഫോർമാറ്റിലേക്ക് മാസ്റ്റർ ചെയ്യുന്നത്.' - പൃഥ്വിരാജ് വ്യക്തമാക്കി.
എമ്പുരാൻ ഒരു അത്ഭുതമായി മാറിയിരിക്കുകയാണെന്നും ചിത്രത്തിന്റെ വിജയം അടിസ്ഥാനപ്പെടുത്തിയായിരിക്കും മൂന്നാം ഭാഗം ഒരുങ്ങുകയെന്നും മോഹൻലാൽ പ്രതികരിച്ചു. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് മോഹൻലാൽ പ്രതീക്ഷകൾ പങ്കുവച്ചത്. കേരളം മാത്രമല്ല, ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ ഈ സിനിമയെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. ഒരു സ്വപ്നമാണോ എന്ന് തോന്നും പോലെ എമ്പുരാൻ വളർന്നു കഴിഞ്ഞു. എനിക്ക് സിനിമ മാത്രമേ അറിയൂ, ആന്‍റണി എനിക്കൊപ്പം കൂടിയിട്ട് 37 വർഷമായി, അന്ന് മുതൽ വലിയ സ്വപ്നങ്ങൾ കാണുന്നു ,അതിലേക്ക് എത്താൻ പൃഥ്വി കാരണമായെന്നും മോഹൻലാൽ പറഞ്ഞു.
Content Highlights: empuraan movie prithviraj mohanlal response
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·