14 July 2025, 01:19 PM IST

ഇളയരാജ, പ്രതീകാത്മക ചിത്രം | ഫോട്ടോ: രമേഷ് വി/ മാതൃഭൂമി
ചെന്നൈ: 'മൈക്കല്‍ മദന കാമരാജന്‍' എന്ന കമല്‍ഹാസന്‍ ചിത്രത്തിനുവേണ്ടി ഒരുക്കിയ 'ശിവരാത്രി' ഗാനം 'മിസ്റ്റര്‍ ആന്‍ഡ് മിസിസ്' എന്ന സിനിമയില്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഇളയരാജയുടെ ആവശ്യം പരിഗണിക്കാതെ മദ്രാസ് ഹൈക്കോടതി. നിലവിലെ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തി വ്യക്തമാക്കി.
ചിത്രം നിര്‍മിച്ച വനിത ഫിലിം പ്രൊഡക്ഷന്‍ ഹൗസിന് നോട്ടീസ് നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സാധാരണ നിലയില്‍ സിനിമകളുടെ പകര്‍പ്പവകാശം നിര്‍മാതാവിനായതിനാല്‍, ഇളയരാജയുടെ ഹര്‍ജിയില്‍ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട എല്ലാരേഖകളും പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
വനിതാ വിജയകുമാര്‍ നായികയായി കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറങ്ങിയ ചിത്രത്തിനെതിരേയാണ് ഇളയരാജ കോടതിയെ സമീപിച്ചത്. ജോവിക വിജയകുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. കേസ് തീര്‍പ്പാവുന്നതുവരെ 'മിസ്റ്റര്‍ ആന്‍ഡ് മിസിസ്' എന്ന ചിത്രത്തില്‍ തന്റെ സൃഷ്ടിയായ 'ശിവരാത്രി' ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു ഇളയരാജയുടെ ഒരു ആവശ്യം.
ജൂണ്‍ 13-ന് നല്‍കിയ വക്കീല്‍ നോട്ടീസ് അവഗണിച്ചും ചിത്രത്തില്‍ ഇളയരാജയുടെ പാട്ട് ഉപയോഗിച്ചുവെന്ന് അഭിഭാഷകന്‍ എ. ശരവണന്‍ വാദിച്ചു. എന്നാല്‍, 'മൈക്കല്‍ മദന കാമരാജന്‍' എക്കോ റെക്കോര്‍ഡിങ് ആണ് നിര്‍മിച്ചതെന്നും അവരില്‍നിന്ന് 'മിസ്റ്റര്‍ ആന്‍ഡ് മിസിസി'ന്റെ നിര്‍മാതാക്കള്‍ ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്നും വനിത ഫിലിംസിന്റെ അഭിഭാഷകന്‍ വാദിച്ചു.
Content Highlights: Madras High Court refuses Ilaiyaraaja plea for interim injunction against usage of Sivaraatri song
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·