'ശ്രീദേവിയോട് രാത്രിമുഴുവന്‍ ഫോണില്‍ വഴക്കിടും, ഉറങ്ങാതിരിക്കും; മിഥുന്‍ ഒരു വികാരജീവിയായിരുന്നു'

9 months ago 7

sridevi mithun

Photo | x.com/BombayBasanti

സത്യമോ മിഥ്യയോ എന്നറിയാത്ത പ്രണയകഥകള്‍ കൊണ്ട് സമ്പന്നമാണ് ബോളിവുഡ്. സിനിമകളിലെ പ്രിയജോഡികള്‍ യഥാര്‍ത്ഥജീവിതത്തിലും പ്രണയികളായിരുന്നു എന്ന തരത്തിലുള്ള കഥകള്‍ ബോളിവുഡില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഏവര്‍ക്കും പ്രിയപ്പെട്ട ഒരു 'ഗോസിപ്പ്' ആയിരുന്നു ശ്രീദേവി-മിഥുന്‍ ചക്രവര്‍ത്തി പ്രണയം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന തരത്തിലുള്ള കഥകള്‍ പഴയതാരങ്ങള്‍ ഇപ്പോഴും പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രീദേവിയുടെയും മിഥുന്റെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മിഥുന്‍ ചക്രവര്‍ത്തി നായകനായ 'ഡിസ്‌കോ ഡാന്‍സര്‍' എന്ന ചിത്രത്തിലെ സഹതാരവും സംവിധായകനുമായ കരണ്‍ റസ്ദാനാണ് പുതിയ വെളിപ്പെടുത്തലിന് പിന്നില്‍. ടെലിവിഷന്‍, റേഡിയോ അവതാരകനും സിനിമാ നിരൂപകനുമായ സിദ്ധാര്‍ഥ് കണ്ണന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കരണ്‍ മിഥുനെക്കുറിച്ച് വാചാലനായത്. 'ഹൃദയശുദ്ധിയുള്ള മനുഷ്യനായിരുന്നു മിഥുന്‍. മനസിലുള്ള വികാരങ്ങളെ ഒളിപ്പിക്കാനറിയില്ല, വികാരങ്ങള്‍ക്ക് വല്ലാതെ അടിമപ്പെടും.. ശരിക്കും ഒരു വികാരജീവി', അഭിമുഖത്തില്‍ കരണ്‍ പറയുന്നു.

'ശ്രീദേവിയും മിഥുനും തമ്മിലുണ്ടായിരുന്ന പ്രണയം ഞങ്ങള്‍ക്കെല്ലാം അദ്ഭുതമായിരുന്നു, അതിലേറെ സമസ്യകളും ഉണ്ടായിരുന്നു. പക്ഷേ, ഒന്നറിയാം.. അവര്‍ ഇരുവരും വളരെ അടുപ്പത്തിലായിരുന്നു. മിഥുന്‍ രാത്രി പുലരുവോളം ശ്രീദേവിയുമായി ഫോണിലൂടെ വഴക്കിടുമായിരുന്നു. മിഥുനിനോളം ഊര്‍ജസ്വലനായ ഒരു വ്യക്തിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. അടുത്ത ദിവസത്തെ ഷൂട്ടിനുവേണ്ടിയുള്ള ഡാന്‍സ് സ്‌റ്റെപ്പുകള്‍ പരിശീലിച്ചും, ശ്രീദേവിയോട് ഫോണിലൂടെ വഴക്കിട്ടും രാത്രി മുഴുവന്‍ ഉറങ്ങാതെയിരിക്കും മിഥുന്‍. പക്ഷേ ക്യാമറയ്ക്ക് മുന്നില്‍ എത്തിയാല്‍ രണ്ടുപേരും വളരെ പ്രൊഫഷണലാണ്,' കരണ്‍ പറയുന്നു.

'രാത്രി എത്ര വൈകി ഉറങ്ങിയാലും അടുത്ത ദിവസം ഷൂട്ടിന് കൃത്യസമയത്ത് ഹാജരായിരിക്കും മിഥുന്‍. ഉറക്കച്ചടവും ഉണ്ടാവില്ല, ഊര്‍ജക്കുറവും ഉണ്ടാവില്ല. അന്നത്തെക്കാലത്ത് മറ്റേതെങ്കിലും നായകനടനെക്കൊണ്ട് അതൊക്കെ സാധിക്കുമായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. ഒരു വികാരജീവിയായിരുന്നു അദ്ദേഹം. വികാരങ്ങളെ മറച്ചുവെക്കാന്‍ അറിയാത്ത പച്ചയായ മനുഷ്യന്‍. മിഥുന്റെയും ശ്രീദേവിയുടെയും പ്രണയത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കാവില്ല, അത് ശരിയുമല്ല.. കാരണം ഇന്ന് ശ്രീദേവി നമ്മോടൊപ്പമില്ല,' കരണ്‍ പറഞ്ഞുനിര്‍ത്തുന്നു.

1984-ല്‍ 'ജാഗ് ഉഡാ ഇന്‍സാന്‍' എന്ന ചിത്രത്തിലാണ് ശ്രീദേവിയും മിഥുന്‍ ചക്രവര്‍ത്തിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണവേളയിലാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത് എന്നാണ് പറയപ്പെടുന്നത്. ഇരുവരും ഒരുമിച്ച് വക്ത് കി ആവാസ്, ഗുരു എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ സമയം മിഥുന്‍ യോഗീതാ ബാലിയുമായി വിവാഹിതനായിരുന്നു. ശ്രീദേവിയെ വിവാഹം ചെയ്യാന്‍ മിഥുന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും യോഗീതയെ വിവാഹമോചനം ചെയ്യാന്‍ ഒരുക്കമായിരുന്നില്ല. എന്നാല്‍, ശ്രീദേവിയുടെ അമ്മ ഇവരുടെ ബന്ധത്തെ തീവ്രമായി എതിര്‍ത്തിരുന്നതായും കഥകളുണ്ട്.

അതേസമയം, ശ്രീദേവിയും മിഥുനും രഹസ്യമായി വിവാഹിതരായിരുന്നുവെന്നും, ആദ്യഭാര്യയെ വിട്ടുവരാന്‍ മിഥുന്‍ തയ്യാറാകാതിരുന്നതോടെ ശ്രീദേവി മുന്‍കൈയെടുത്ത് ഇവരുടെ വിവാഹം അസാധുവാക്കിയെന്നും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്. 1988-ലായിരുന്നു ഈ സംഭവങ്ങള്‍ നടന്നതെന്നും, ഇതിനുപിന്നാലെ ഇരുവരും അവരവരുടെ വഴിക്ക് പിരിഞ്ഞതായും പത്രറിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ശ്രീദേവിയും മിഥുനും എല്ലായിപ്പോഴും ഈ വാര്‍ത്തകളെല്ലാം നിരസിച്ചിരുന്നു. പിന്നീട്, മികച്ച സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇരുവരും ബോളിവുഡില്‍ അവരവരുടേതായ ഇടങ്ങള്‍ നേടിയെടുത്തു. 1996-ല്‍ ശ്രീദേവി ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം കഴിച്ചു.

Content Highlights: sridevi mithun chakraborty emotion story

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article