ഷിന്ദേക്കെതിരെ പാട്ട്; കുണാല്‍ കാമ്രയ്‌ക്കെതിരെ കേസ്, ഭീഷണി; ഹോട്ടല്‍ അടിച്ചു തകര്‍ത്തു

9 months ago 6

kunal kamra

മുംബൈയിലെ ഹോട്ടലിന് നേരെ ശിവസേന നേതാക്കളുടെ ആക്രമണം, കുണാൽ കാമ്ര ഭരണഘടനയുമായി | Photo: X/ Travis Kutty, Kunal Kamra

മുംബൈ: സ്റ്റാന്‍ഡപ് കോമഡി പരിപാടിക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയെ പരിഹസിച്ച കൊമേഡിയന്‍ കുണാല്‍ കാമ്രയ്‌ക്കെതിരെ ശിവസേന. കാമ്രയ്‌ക്കെതിരെ ഭീഷണിയുമായി മുതിര്‍ന്ന ശിവസേന നേതാക്കള്‍ രംഗത്തെത്തി. കാമ്രയുടെ സ്റ്റാന്‍ഡ്പ് അപ്പ് കോമഡി ചിത്രീകരിച്ച മുംബൈയിലെ ഹോട്ടല്‍ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചു. ശിവസേന പ്രവര്‍ത്തകന്റെ പരാതിയില്‍ കാമ്രയ്‌ക്കെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു.

'നയാ ഭാരത്' എന്ന പേരില്‍ നടത്തിയ ഷോയില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു കാമ്ര ഏക്‌നാഥ് ഷിന്ദേക്കെതിരേ വിവാദപരാമര്‍ശം നടത്തിയത്. സ്റ്റാന്‍ഡപ് കോമഡിയുടെ ഭാഗമായി പാടിയ പാരഡി പാട്ടിലായിരുന്നു ഷിന്ദേയുടെ പേരെടുത്ത് പറയാതെയുള്ള പരാമര്‍ശം. ഷിന്ദേയുടെ രൂപത്തേയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായുള്ള ബന്ധത്തേയും പരിഹസിച്ചുകൊണ്ടായിരുന്നു പാട്ടിലെ വരികള്‍. ഇതാണ് ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ കാമ്രയുടെ കോലം കത്തിച്ചു. ശിവസേന എംഎല്‍എ മുരാജി പട്ടേലിന്റെ പാരതിയിലാണ് കേസെടുത്തത്. മറ്റൊരു നേതാവ് രാഹുല്‍ കനാലും പോലീസില്‍ പരാതി നല്‍കി. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയാണ് കാമ്രയുടേത് എന്നാണ് രാഹുലിന്റെ പരാതിയിലെ ആരോപണം. ഷിന്ദേയുടെ പ്രശസ്തിയും പ്രതിച്ഛായയും സല്‍പ്പേരും കളങ്കപ്പെടുത്താന്‍ ആസൂത്രിതമായി പ്രതിഫലം വാങ്ങി പ്രചാരണം നടത്തുകയായിരുന്നുവെന്നും പരാതിയിലുണ്ട്.

മുംബൈ ഖാറിലെ ഹോട്ടലിലേക്ക് ഇരച്ചെത്തിയ ശിവസേന പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹോട്ടലും പരിസരവും അടിച്ചുതകര്‍ത്തു. 'കുണാല്‍ കാമ്രയെ നാളെ 11 മണിക്ക്‌ മര്‍ദിക്കും', എന്നായിരുന്നു മുതിര്‍ന്ന നേതാവ്‌ സഞ്ജയ് നിരുപമിന്റെ ഭീഷണി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഭീഷണി സന്ദേശമുള്ളത്. രാജ്യത്തെ ശിവസേന പ്രവര്‍ത്തകര്‍ കാമ്രയുടെ പിന്നാലെ ഉണ്ടെന്ന് എംപി നരേഷ് മസ്‌കെ പറഞ്ഞു. കാമ്രയ്ക്ക് രാജ്യംവിടേണ്ടിവരുമെന്നും മസ്‌കെ ഭീഷണിപ്പെടുത്തി.

അതേസമയം, സംഭവങ്ങള്‍ക്ക് പിന്നാലെ കുണാല്‍ കാമ്രയ്ക്ക് പിന്തുണയുമായി ശിവസേന ഉദ്ധവ് താക്കറെ പക്ഷം നേതാക്കള്‍ രംഗത്തെത്തി. ഹോട്ടലിന് നേരെയുള്ള ആക്രമണത്തെ അപലപിച്ച സഞ്ജയ് റാവുത്ത്, ഫഡ്‌നവിസ് മോശം ആഭ്യന്തരമന്ത്രിയാണെന്ന് കുറ്റപ്പെടുത്തി. ഷിന്ദേക്കെതിരായ പാട്ട് 100% ശരിയാണെന്നും അരക്ഷിതരായ ഭീരുക്കള്‍ മാത്രമേ ആരെങ്കിലും പാടിയ പാട്ടിനോട് പ്രതികരിക്കുകയുള്ളൂവെന്നുമായിരുന്നു ആദിത്യ താക്കറെയുടെ പരിഹാസം. സംഭവങ്ങളോട് പരോക്ഷമായി പ്രതികരിച്ച കുണാല്‍ കാമ്ര, ഭരണഘടന ഉയര്‍ത്തിപിടിച്ചു നില്‍ക്കുന്ന ചിത്രം എക്‌സില്‍ പങ്കുവെച്ചു. മുന്നോട്ടുള്ള ഏകവഴി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

Content Highlights: Kunal Kamra’s jokes connected Eknath Shinde onshore him successful trouble

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article