ആനവളര്‍ത്തിയ വാനമ്പാടി സൂപ്പര്‍ ഹിറ്റായതോടെ അതിസാഹസികചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ പി. സുബ്രഹ്‌മണ്യത്തിന് വലിയ ആവേശമായിരുന്നു. ആനവളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ പിറക്കുന്നത് അങ്ങനെയാണ്. സംഘട്ടനസംവിധായകനായി പതിവുപോലെ ത്യാഗരാജനെ നിശ്ചയിച്ചു. വിവാഹം കഴിഞ്ഞശേഷം ഷൂട്ടിങ്ങിനിടയില്‍ പറ്റിയ പരിക്കുകളുമായി പലപ്പോഴും വീട്ടിലേക്കു കടന്നുവന്നിട്ടുണ്ടെങ്കിലും ത്യാഗരാജന്റെ അവസ്ഥ കണ്ട് അമ്മയും ഭാര്യയും തകര്‍ന്നുപോയ അനുഭവം ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്റെ ചിത്രീകരണത്തിനിടയിലാണുണ്ടായത്. സുബ്രഹ്‌മണ്യത്തിന്റെ വിവരണത്തിലൂടെ കഥയും കഥാപാത്രങ്ങളെയും എന്താണെന്ന് നന്നായി മനസ്സിലാക്കിയശേഷമാണ് ത്യാഗരാജന്‍ സ്റ്റണ്ട് കംപോസ് ചെയ്ത് തുടങ്ങുന്നത്. 'ത്യാഗരാജാ, ഉശിരന്‍ സംഘട്ടനം വേണം' എന്ന സുബ്രഹ്‌മണ്യത്തിന്റെ ഇടയ്ക്കിടെയുള്ള ഓര്‍മപ്പെടുത്തല്‍ പ്രേക്ഷകരെ സ്തബ്ധരാക്കുന്ന തീവ്രസംഘട്ടനങ്ങളുടെ കംപോസിങ്ങിലേക്ക് അദ്ദേഹത്തിന്റെ മനസ്സിനെ എത്തിച്ചു. കൊല്ലം ജില്ലയിലെ തെന്മലയിലായിരുന്നു ഷൂട്ടിങ്. ജെമിനി ഗണേശന്‍ നായകനും രാജശ്രീ നായികയും. ടി.കെ. ബാലചന്ദ്രന്‍, മനോരമ, സി.എല്‍. ആനന്ദന്‍, വിജയനിര്‍മ്മല, തിക്കുറിശ്ശി സുകുമാരന്‍നായര്‍ എന്നിങ്ങനെ മറ്റ് അഭിനേതാക്കളും. ജെമിനി ഗണേശനുവേണ്ടി ത്യാഗരാജനായിരുന്നു ഡ്യൂപ്പിട്ടത്. വില്ലനുവേണ്ടി ഡ്യൂപ്പിടാമെന്നു പറഞ്ഞിരുന്ന ഫൈറ്റര്‍ രാമസ്വാമി മറ്റൊരു ചിത്രത്തിന്റെ തിരക്കില്‍ പെട്ടുപോയതുകാരണം ആ ദൗത്യം കൂടി അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്നു.
തെന്മലയിലും പരിസരങ്ങളിലുമായി രണ്ടുമാസം നീണ്ട ഷൂട്ടിങ്. കല്ലാറിലായിരുന്നു ആ നാളുകളില്‍ എല്ലാവരുടെയും കുളി. ചിത്രത്തിലെ അതിസാഹസികമായ പല രംഗങ്ങളും ഷൂട്ട് ചെയ്തതും ഇവിടെവെച്ചുതന്നെ. വനാന്തരത്തിലെ ഘോരസംഘട്ടനങ്ങള്‍ക്കൊടുവില്‍ നായകന്‍ നദിയിലേക്കെടുത്തുചാടുന്നു. നായകനുവേണ്ടിയുള്ള ആ ചാട്ടം ത്യാഗരാജന്റെ നെഞ്ചെല്ല് തകര്‍ത്തു. നദിക്കടിയില്‍ മണലായിരിക്കും എന്ന് കരുതിയെങ്കിലും ചെന്നുവീണത് ചെളിനിറഞ്ഞ ഭാഗത്തായിരുന്നു. കാല്‍ ചെളിയിലേക്ക് ആണ്ടുപോകുന്നുവെന്ന് തോന്നിയപ്പോള്‍ സര്‍വ്വശക്തിയുമെടുത്ത് മുകളിലേക്ക് ഉയര്‍ന്നുമറിഞ്ഞു. കൂര്‍ത്തമുനയുള്ള ചെടികള്‍ നിറഞ്ഞ കുറ്റിക്കാട്ടിലേക്കായിരുന്നു വീഴ്ച. ത്യാഗരാജന്റെ കീഴ്ത്താടിയെല്ല് ശക്തമായി നെഞ്ചിലിടിച്ചു. പ്രാണന്‍ പിടഞ്ഞ വേദനയോടെയുള്ള അലര്‍ച്ച സ്റ്റണ്ട് ഗ്രൂപ്പിലുള്ള പലരും തിരിച്ചറിഞ്ഞു. കരയിലേക്കു നീന്തിയടുക്കുന്ന ത്യാഗരാജനെ കണ്ടപ്പോള്‍ സുബ്രഹ്‌മണ്യം മുതലാളിക്കും മനസ്സിലായി എന്തോ അപകടം സംഭവിച്ചുവെന്ന്.
കരയിലേക്കു കയറിവരുമ്പോള്‍ ത്യാഗരാജന്റെ നെഞ്ചില്‍ നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു. കമ്പ് തറച്ചതിന്റെയും കീഴ്ത്താടിയെല്ല് നെഞ്ചിലിടിച്ചതിന്റെയും സഹിക്കാനാവാത്ത വേദനയുമായി നദിക്കരയില്‍ അദ്ദേഹം മലര്‍ന്നുകിടന്നു. പ്രൊഡക്ഷനിലുള്ളവരെല്ലാം ഓടിവന്ന് എഴുന്നേല്‍പ്പിക്കാന്‍ നോക്കി. എന്നാല്‍ പരസഹായമില്ലാതെ തന്നെ ത്യാഗരാജന്‍ പതിയെ എഴുന്നേറ്റ് ഇരുന്നു. ഷൂട്ടിങ് നിര്‍ത്തിവെക്കാന്‍ തുടങ്ങിയ സുബ്രഹ്‌മണ്യത്തെ ത്യാഗരാജന്‍ തടഞ്ഞു. 'ഷൂട്ടിങ് നിര്‍ത്തിവെക്കണ്ട. കുറച്ചുനേരം ഞാനിവിടെയിരിക്കട്ടെ; എന്നിട്ട് തുടങ്ങാം,' തൊട്ടടുത്തുണ്ടായിരുന്ന പാപ്പിയോടു പറഞ്ഞു: 'വേഗം പോയി ഒരു കുപ്പി വാങ്ങി വാ.' ത്യാഗരാജന്റെ സ്റ്റണ്ട് സംഘത്തിലുള്ളവരെല്ലാം സാമാന്യം മദ്യപിക്കുന്നവരായിരുന്നു. തെന്മലയില്‍ നല്ല നാടന്‍ വാറ്റുചാരായം കിട്ടുന്ന ഇടങ്ങളെല്ലാം സ്റ്റണ്ടുകാര്‍ക്ക് സുപരിചിതമാണ്. പറഞ്ഞപ്രകാരം പാപ്പി പോയി നാടന്‍ ചാരായവുമായി വന്നു. സുബ്രഹ്‌മണ്യത്തിന്റെ ഷൂട്ടിങ് സെറ്റുകളില്‍ ആരും മദ്യപിക്കാറില്ല. മദ്യപിക്കുന്നവരെ പിടിച്ചു പുറത്താക്കാന്‍ അദ്ദേഹം ഏര്‍പ്പാട് ചെയ്തിട്ടുമുണ്ട്. പക്ഷേ, അന്നാദ്യമായി ഒരാള്‍ മദ്യപിച്ചു. എന്തുകൊണ്ട് ത്യാഗരാജനത് ചെയ്തുവെന്ന് സുബ്രഹ്‌മണ്യത്തിനു കൃത്യമായി അറിയാമായിരുന്നു.
പാപ്പി കൊണ്ടുവന്ന ചാരായം മുഴുവന്‍ അവിടെയിരുന്ന് കുടിച്ചുതീര്‍ത്തശേഷം ത്യാഗരാജന്‍ നദിയിലേക്കിറങ്ങി. താന്‍ കാരണം സിനിമയുടെ ഷൂട്ടിങ് മുടങ്ങിപ്പോകരുതെന്ന് അദ്ദേഹത്തിനു നിര്‍ബ്ബന്ധമായിരുന്നു. കൊടിയവേദന കടിച്ചമര്‍ത്തി ജെമിനി ഗണേശനുവേണ്ടി വീണ്ടും ഡ്യൂപ്പായി. കല്ലാറിലെ അതിസാഹസികരംഗത്തിന്റെ ചിത്രീകരണം ഒരു മണിക്കൂറോളം നീണ്ടു. വെള്ളത്തിനടിയിലും മുകളിലുമായി മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയാത്ത വീരസാഹസപ്രവൃത്തികള്‍ ത്യാഗരാജന്‍ അനായാസം ചെയ്തു തീര്‍ത്തപ്പോള്‍ സുബ്രഹ്‌മണ്യമടക്കം എല്ലാവരും എഴുന്നേറ്റുനിന്ന് കൈയടിച്ചു. അപ്പോഴേക്കും നെഞ്ചെല്ല് തകര്‍ന്ന വേദനയെക്കുറിച്ച് എല്ലാവരും മറന്നുപോയിരുന്നു. ചാരായത്തിന്റെ ലഹരിയില്‍ മറച്ചുപിടിച്ച വേദന പക്ഷേ ത്യാഗരാജനെ പതിയെ കുത്തിനോവിക്കാന്‍ തുടങ്ങി.
ത്യാഗരാജന്‍ വീട്ടില്‍ പോയി രണ്ടാഴ്ച പരിപൂര്‍ണമായി വിശ്രമിച്ചശേഷം ഷൂട്ടിങ്ങിന് എത്തിയാല്‍ മതിയെന്നായിരുന്നു സുബ്രഹ്‌മണ്യത്തിന്റെ നിര്‍ദ്ദേശം. പാപ്പിയോടൊപ്പം മദിരാശിയിലേക്ക് തിരിക്കുമ്പോള്‍ കുറച്ചു പണം അദ്ദേഹം നല്‍കി. മദിരാശിയിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ പാപ്പിയോട് ത്യാഗരാജന്‍ പറഞ്ഞു: 'ഷൂട്ടിങ്ങിനിടയില്‍ പരിക്കുപറ്റിയ വിവരം അമ്മയെയും ഭാര്യയെയും അറിയിക്കരുത്.'
വേദന കടിച്ചമര്‍ത്തി, ചിരിച്ച മുഖവുമായി വീട്ടിലേക്കു കയറിവന്ന മകനോട് അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് ഒരു സന്തോഷവാര്‍ത്തയായിരുന്നു: 'ശാന്തി ഗര്‍ഭിണിയാണ്! തല്ലുകൂടലൊക്കെ കുറച്ചുകാലത്തേക്ക് നിര്‍ത്തിവെച്ച് വീട്ടില്‍ സമാധാനമായിരിക്ക്' അമ്മയുടെ വാക്കുകള്‍ വേദനസംഹാരി പോലെയാണ് മകന് അനുഭവപ്പെട്ടത്. നാട്ടുവൈദ്യന്റെ നിര്‍ദ്ദേശപ്രകാരം രണ്ടാഴ്ചയോളം നീണ്ട ചികിത്സ. കോഴിമുട്ടയുടെ വെള്ളയില്‍ ഉഴുന്നുപരിപ്പ് അരച്ചുകലക്കി ദിവസവും രണ്ടുനേരം നെഞ്ചില്‍ തേച്ചുപിടിപ്പിക്കും. അമ്മയെയും ഭാര്യയെയും അറിയിക്കാതെയുള്ള ഈ കര്‍മ്മം ഒടുവില്‍ അമ്മതന്നെ കണ്ടുപിടിച്ചു. സൈക്കിളില്‍ നിന്നും വീണതാണെന്ന പഴയ കളവ് ആവര്‍ത്തിക്കാനായില്ല. അപകടത്തെക്കുറിച്ച് മകന്‍ മനസ്സു തുറക്കാന്‍ തയ്യാറായില്ലെങ്കിലും അമ്മയ്ക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. ഒരുകാര്യം മാത്രമേ അമ്മയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ, 'ഗര്‍ഭിണിയായ അവളെ നീ വേദനിപ്പിക്കരുത്.' അമ്മ പറഞ്ഞതിന്റെ പൊരുള്‍ ജീവന്‍ പണയപ്പെടുത്തുന്ന പണി നിര്‍ത്തണമെന്നായിരുന്നെങ്കിലും കര്‍മ്മപഥത്തില്‍നിന്ന് ഓടിയൊളിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ ത്യാഗരാജനു കഴിയുമായിരുന്നില്ല.
ഒന്നും പറഞ്ഞില്ലെങ്കിലും ശാന്തിയും എല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു. 'എന്താണ് നിങ്ങള്‍ക്കു പറ്റിയത്?' അവള്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഉത്തരം മൗനം മാത്രമായതോടെ ശാന്തിയും ഭര്‍ത്താവിന്റെ സാഹസികജീവിതത്തോട് പതിയെ പൊരുത്തപ്പെട്ടു. രണ്ടാഴ്ചയ്ക്കുശേഷം സാഹസികതയുടെ ലോകത്തേക്ക് ഉറച്ച കാല്‍വെപ്പുകളോടെ ത്യാഗരാജന്‍ മടങ്ങിയെത്തി. ആനവളര്‍ത്തിയ വാനമ്പാടിയുടെ മകനിലെ സ്റ്റണ്ടുരംഗങ്ങള്‍ പൂര്‍ണമായും കാട്ടിലും സ്റ്റുഡിയോയിലുമായി ത്യാഗരാജന്റെ സംവിധാനത്തില്‍ ചിത്രീകരിച്ചു. നെഞ്ചിലെ മുറിവുണങ്ങിയെങ്കിലും ആഴത്തിലുള്ള പാടുകള്‍ ശരീരത്തില്‍ മായാതെ നിന്നു, സിനിമയ്ക്കുവേണ്ടി ചൊരിഞ്ഞ ചോരയുടെ ഓര്‍മക്കലയായി.
ആന വളര്‍ത്തിയ വാനമ്പാടിയുടെ മകനുശേഷം കാടിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സാഹസികചിത്രം ഒരുക്കുന്നതിലായി സുബ്രഹ്‌മണ്യത്തിന്റെ ശ്രദ്ധ. ചിത്രത്തിന് കാട് എന്നു പേരിട്ടു. ചിത്രീകരണത്തിന് പുതിയൊരു ക്യാമറതന്നെ അദ്ദേഹം വാങ്ങി. തെന്മലയിലും പെരിങ്ങല്‍ക്കുത്തിലും രണ്ടു യൂണിറ്റുകളിലായാണ് കാടിന്റെ ചിത്രീകരണം നടന്നത്. മെറിലാന്‍ഡിന്റെ പടത്തിനുവേണ്ടി ജോലിചെയ്യുമ്പോള്‍ തന്നെ ഉദയായുടെയും ജയ്മാരുതിയുടെയും പടങ്ങളിലും ത്യാഗരാജന്‍ തന്നെയായിരുന്നു ഫൈറ്റ് മാസ്റ്റര്‍. മെറിലാന്‍ഡും ഉദയായും പരസ്പരം മത്സരിച്ചാണ് അന്ന് സിനിമകളെടുത്തിരുന്നത്. ഈ മത്സരബുദ്ധി പലപ്പോഴും നടീനടന്മാരിലേക്കും സാങ്കേതികപ്രവര്‍ത്തകരിലേക്കും പടര്‍ന്നു. മെറിലാന്‍ഡിന്റെ ചിത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉദയായുടെ ചിത്രങ്ങളില്‍ വേണ്ടതില്ലെന്ന അലിഖിതനിയമംവരെ ഉണ്ടായിരുന്നു. ആ കാലത്താണ് സുബ്രഹ്‌മണ്യത്തിനും കുഞ്ചാക്കോയ്ക്കും ടി.ഇ. വാസുദേവനും ഒരുപോലെ ത്യാഗരാജന്‍ പ്രിയങ്കരനാകുന്നത്. അതിനു കാരണക്കാരായത് പ്രേംനസീറും അടൂര്‍ഭാസിയും ബഹദൂറുമായിരുന്നു. അവരുടെ ഇടപെടല്‍ കാരണം ത്യാഗരാജന് വിലക്കുകളൊന്നും വീണില്ല.
കാടിന്റെ ചിത്രീകരണത്തിനിടെ പെരിങ്ങല്‍ക്കുത്തില്‍ വെച്ചാണ് വീണ്ടും വലിയ രണ്ടപകടങ്ങളിലേക്ക് ത്യാഗരാജന്‍ തെറിച്ചുവീഴുന്നത്. ചിത്രത്തിലെ നായകന്മാരിലൊരാളായ വിന്‍സെന്റിനുവേണ്ടി ഡ്യൂപ്പിട്ടപ്പോഴായിരുന്നു ആദ്യത്തെ അപകടം. ആദിവാസികളുമായുള്ള വിന്‍സെന്റിന്റെ സ്റ്റണ്ടുരംഗങ്ങളില്‍ അപകടസാദ്ധ്യത കൂടുതലാണെന്ന് ത്യാഗരാജന് കൃത്യമായി അറിയാമായിരുന്നു. പരമാവധിരംഗങ്ങള്‍ സ്വയം ഏറ്റെടുത്ത് ചെയ്യാന്‍ വിന്‍സെന്റ് തയ്യാറായെങ്കിലും അറിഞ്ഞുകൊണ്ട് അദ്ദേഹത്തെ അപകടത്തില്‍ ചാടിക്കാന്‍ ത്യാഗരാജന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ കാട്ടുവള്ളിയില്‍ തൂങ്ങിയാടലും പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍നിന്ന് താഴോട്ടുള്ള മലക്കംമറിച്ചിലുമൊക്കെയായി അത്യന്തം അപകടകരമായ ഷോട്ടുകള്‍ മുഴുവന്‍ സ്വയം ചെയ്തു. പലതവണ ശരീരത്തിലെ തോലുരഞ്ഞ് രക്തംവന്നു. വിന്‍സെന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇതെല്ലാം ശ്വാസമടക്കിപ്പിടിച്ച് കണ്ടുനിന്നു. ഒന്നര മണിക്കൂര്‍ കൊണ്ടാണ് ആ ഫൈറ്റ് രംഗം ഷൂട്ട് ചെയ്തത്. അടുത്ത ദിവസം ചിത്രീകരിക്കേണ്ടിയിരുന്നത് ചിത്രത്തിന്റെ അവസാനഭാഗത്ത് വില്ലനായ സി.എല്‍. ആനന്ദന്‍ സിംഹവുമായി ഏറ്റുമുട്ടുന്ന രംഗമാണ്. മുമ്പ് ആനന്ദനുവേണ്ടി അപകടകരമായ ഇത്തരമൊരു രംഗത്ത് ഡ്യൂപ്പായതിന്റെ ഫലമായാണ് പുലികേശിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അതെല്ലാം അന്നേരം ത്യാഗരാജന്‍ ഓര്‍മിച്ചു. പക്ഷേ, ചിത്രീകരണത്തില്‍നിന്ന് പിന്മാറാന്‍ അദ്ദേഹം ഒരുക്കമായില്ല.
ഷൂട്ടിങ്ങിനു വേണ്ടി മൃഗങ്ങളെ എത്തിച്ചുകൊടുക്കുന്ന പരമശിവം കൊണ്ടുവന്ന സിംഹത്തിന്റെ മുമ്പില്‍ ആനന്ദന്‍ ഞെട്ടിവിറച്ചു. സിംഹവുമായുള്ള മല്‍പ്പിടുത്തത്തില്‍ ആനന്ദന്റെ മുഖഭാവങ്ങള്‍ ക്ലോസപ്പ് ഷോട്ടുകളില്‍ ആദ്യം ചിത്രീകരിച്ചു. പിന്നീടുള്ള രംഗങ്ങളെല്ലാം ത്യാഗരാജനാണ് ചെയ്തത്. പുലികേശിയെ മനസ്സില്‍ ഓര്‍മിച്ച് അദ്ദേഹം സിംഹവുമായുള്ള ഫൈറ്റ് തുടങ്ങി. ആനന്ദനടക്കം പല താരങ്ങളും ചിത്രീകരണം കാണാന്‍ സെറ്റിലുണ്ടായിരുന്നു. യു. രാജഗോപാലിന്റെ ക്യാമറ ഈ സീനുകള്‍ സമര്‍ത്ഥമായി ഒപ്പിയെടുക്കുന്നതിനിടയിലാണ് ത്യാഗരാജന്റെ കൈയ്ക്കും കാലിനും പരിക്കേറ്റത്. ചോരയൊലിക്കുന്ന ശരീരവുമായി ചിത്രീകരണം തീരുംവരെ സിംഹവുമായി പൊരുതിയ ത്യാഗരാജന്റെ അസാമാന്യധൈര്യത്തെ സുബ്രഹ്‌മണ്യം വാനോളം പുകഴ്ത്തി. ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായി ഈ രംഗം മാറുമെന്ന് സെറ്റിലുണ്ടായിരുന്ന പലരും പ്രവചിച്ചു. കൈയ്ക്കും കാലിനുമേറ്റ മുറിവില്‍നിന്ന് ഒലിച്ചിറങ്ങിയ രക്തം തുടച്ചുമാറ്റുന്നതിനിടയില്‍ സെറ്റിലുള്ളവരുടെ പ്രവചനം കേട്ട് ത്യാഗരാജന്‍ പുഞ്ചിരിച്ചു. എന്നാല്‍ ആ പുഞ്ചിരിയുടെ പിന്നില്‍ നിറഞ്ഞുനിന്നത് പ്രസവത്തിനായി ഹോസ്പിറ്റലിലേക്ക് പോകുന്ന ശാന്തിയുടെ മുഖമായിരുന്നു.
കാടിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ അമ്മയും സഹോദരി വസന്തയും ചേര്‍ന്ന് ശാന്തിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുകയായിരുന്നു. പുലര്‍ച്ചെ, ലേബര്‍ റൂമിലേക്ക് സ്ട്രച്ചറില്‍ ശാന്തിയെ കൊണ്ടുപോകുമ്പോള്‍ത്തന്നെ പെരിങ്ങല്‍ക്കുത്തില്‍നിന്ന് ത്യാഗരാജനും പാഞ്ഞെത്തി. മുറിവേറ്റ കൈ പിടിച്ച് പതിഞ്ഞ സ്വരത്തില്‍ ശാന്തി പറഞ്ഞു: 'എനിക്കൊരാപത്തും വരാതെ ദൈവം നോക്കിക്കോളും. പക്ഷേ, നിങ്ങള്‍ക്കെന്തെങ്കിലും പറ്റിയാല്‍ പിന്നെ എനിക്ക് ആരുമുണ്ടാവില്ല. ഇനിയെങ്കിലും ഈ പണി നിര്‍ത്തിക്കൂടേ?' ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നീറ്റിയ ത്യാഗരാജന്റെ പരുക്കന്‍ കൈയില്‍നിന്ന് ശാന്തിയുടെ കൈ പതിയെ ഊര്‍ന്നുവീണു. സ്ട്രച്ചര്‍ മുന്നോട്ടു നീങ്ങി. ലേബര്‍ റൂമിന്റെ വാതിലടയുംവരെ ത്യാഗരാജന്‍ ആ മുഖത്തേക്കുതന്നെ നോക്കിനിന്നു. സാഹസികതയുടെ കനലില്‍ ഉരുക്കിയെടുത്ത ആ മനസ്സ് അല്‍പ്പംപോലും പതറിയില്ല. പക്ഷേ, ഉള്ളുരുകി അദ്ദേഹം പ്രാര്‍ഥിച്ചു, 'ശാന്തിക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും ഒരാപത്തും വരരുതേ...'
മണിക്കൂറുകള്‍ക്കുശേഷം ലേബര്‍ റൂമില്‍നിന്ന് നേഴ്സ് പുറത്തേക്കു വന്നു. 'ത്യാഗരാജന്‍?' മുമ്പേ നടന്നത് അമ്മയാണ്. പിറകെ ത്യാഗരാജനും സഹോദരിയും. 'പെണ്‍കുഞ്ഞാണ്.' നേഴ്സ് പറഞ്ഞു. അഭ്രപാളിയെ വിറകൊള്ളിച്ച സാഹസികതയ്ക്ക് ലഭിച്ച ലക്ഷക്കണക്കിന് കൈയടികള്‍ ഒരുമിച്ച് ആര്‍ത്തിരമ്പിയപോലെ ഒരു നിമിഷം. കൈകൂപ്പി കണ്ണുകളടച്ച് അല്‍പ്പനേരം ത്യാഗരാജന്‍ നിന്നു. കോടമ്പാക്കത്തേക്ക് ഓടിയെത്തി സിനിമാലോകത്തോട് ഒരച്ഛനായ തന്റെ സന്തോഷമറിയിക്കാന്‍ ആ മനസ്സ് തിടുക്കപ്പെട്ടു. മുറിയില്‍ചെന്ന് ശാന്തിയെയും മകളെയും കണ്ട് ആഹ്ലാദത്തോടെ പുറത്തേക്കു വരുമ്പോള്‍ ഓര്‍ത്തത് ഒന്നുമാത്രം. അവളെ ഞാനെന്തു വിളിക്കും? പല പേരുകളും അന്നേരം മനസ്സിലൂടെ കടന്നുപോയി. അമ്മയും സഹോദരിയും ഭാര്യയുമൊക്കെയായി ആലോചിച്ച് ഒടുവില്‍ അവള്‍ക്കൊരു പേര് നല്‍കി: 'പ്രഭാവതി'. പ്രഭാവതി ത്യാഗരാജന്‍. സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്റെ മൂത്തമകള്‍.
(തുടരും)
Content Highlights: stunt maestro thyagarajan, malaylam movie, merryland, premnazir, stunt choreography
ABOUT THE AUTHOR
എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·