ഷേക്‌സ്പിയറും ടാഗോറും അവലംഭിച്ച ആഖ്യാനരീതി, കോപ്പിയടി ആരോപണം അടിസ്ഥാരഹിതം- ലാപതാ ലേഡീസ് കഥാകൃത്ത്

9 months ago 8

Laapataa-Ladies-Biplab-Goswami

ബിപ്ലവ് കുമാർ, പ്രതീകാത്മക ചിത്രം | Photo: Instagram/ Biplab Goswami

ലാപതാ ലേഡീസുമായി ബന്ധപ്പെട്ട കോപ്പിയടി വിവാദത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ കഥയെഴുതിയ ബിപ്ലവ് ഗോസ്വാമി. തങ്ങളുടെ കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും നൂറുശതമാനം 'ഒറിജിനല്‍' ആണെന്ന് ബിപ്ലവ് ഗോസ്വാമി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെട്ടു. കോപ്പിയടി ആരോപണം വാസ്തവവിരുദ്ധമാണെന്നും ബിപ്ലവ് അവകാശപ്പെട്ടു.

2019-ല്‍ പുറത്തിറങ്ങിയ ബുര്‍ഖ സിറ്റി എന്ന ഹ്രസ്വചിത്രത്തിന്റെ പകര്‍പ്പാണ് കിരണ്‍ റാവു സംവിധാനംചെയ്ത ലാപതാ ലേഡീസ് എന്നായിരുന്നു വിമര്‍ശനം. ഫാബ്രിസ് ബ്രാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ സീനുകളുമായി ലാപതാ ലേഡീസിന് സാമ്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. പുതുതായി വിവാഹം കഴിച്ച ഒരു ചെറുപ്പക്കാരന്‍ ബുര്‍ഖ ധരിച്ച തന്റെ ഭാര്യ, മറ്റൊരു സ്ത്രീയുമായി മാറിപ്പോയതായി മനസിലാക്കുകയും പിന്നീട് അവളെ കണ്ടെത്താന്‍ ശ്രമിക്കുന്നതുമാണ് ബുര്‍ഖ സിറ്റിയുടെ കഥ. ബുര്‍ഖ ധരിച്ച പെണ്‍കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്ന രസികനായ പോലീസ് ഉദ്യോഗസ്ഥനടക്കം ഈ ഹ്രസ്വചിത്രത്തിലുമുണ്ട്. ഇതാണ് കോപ്പിയടി ആരോപണത്തിന് കാരണമായത്.

എന്നാല്‍, ഇത് പൂര്‍ണ്ണമായി നിഷേധിക്കുകയാണ് കഥാകൃത്ത്. തിരക്കഥയുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ അടക്കമാണ് കഥാകൃത്ത് ആരോപണം നിഷേധിക്കുന്നത്. വര്‍ഷങ്ങളെടുത്താണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്ന് ബിപ്ലവ് ഗോസ്വാമി പറയുന്നു. 2014 ജൂലായ് മൂന്നിനാണ് 'ടു ബ്രൈഡ്‌സ്' എന്ന പേരില്‍ ചിത്രത്തിന്റെ വിശദമായ സിനോപ്‌സിസ് സ്‌ക്രീന്‍ റൈറ്റേഴ്‌സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ തന്നെ, വധുവിനെ മാറി വീട്ടിലേക്ക് കൊണ്ടുവരുന്ന വരന്റെ സീന്‍ ഉണ്ടായിരുന്നു. മൂടുപടം കാരണം വധുവിനെ മാറിപ്പോയതായി കുടുംബവും വരനും മനസിലാക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ആശങ്കാകുലനായ വരന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി കൈവശമുണ്ടായിരുന്ന ഒരേയൊരു ഫോട്ടോ, പോലീസ് ഉദ്യോഗസ്ഥനെ കാണിക്കുന്ന സീന്‍ സിനോപ്‌സിസില്‍ തന്നെ ഉണ്ടായിരുന്നു. വധുവിന്റെ മുഖം മൂടുപടം കൊണ്ട് മറച്ചതുകാരണമുള്ള ഹാസ്യനിമിഷങ്ങളും സിനോപ്‌സിസില്‍ ഉണ്ടായിരുന്നുവെന്നും ബിപ്ലവ് കുമാര്‍ കുറിച്ചു.

'2018 ജൂണ്‍ 30-ന് 'ടു ബ്രൈഡ്‌സിന്റെ' ഫീച്ചര്‍ ലങ്ത്ത് സ്‌ക്രിപ്റ്റ് രജിസ്റ്റര്‍ ചെയ്തു. 2018-ലെ സിനിസ്റ്റാന്‍ സ്റ്റോറിടെല്ലേഴ്‌സ് കോംപറ്റീഷനില്‍ തിരക്കഥ രണ്ടാംസ്ഥാനം നേടി. ഈ തിരക്കഥയിലും മൂടുപടം ധരിച്ച വധുവിന്റെ ഫോട്ടോ കണ്ട് പരിഹസിക്കുന്ന പോലീസ് ഓഫീസറുടെ സീന്‍ ഉണ്ടായിരുന്നു. മൂടുപടവും അതേത്തുടര്‍ന്ന് ആളുമാറുന്നതും നൂറ്റാണ്ടുകളായി എഴുത്തുകാരായ വില്യം ഷേക്‌സ്പിയര്‍, അലക്‌സാന്‍ഡ്രേ ഡുമാസ്, രവീന്ദ്ര ടാഗോര്‍ തുടങ്ങിയവര്‍ അവലംബിച്ച കഥപറച്ചിലിന്റെ ക്ലാസിക്കല്‍ രീതിയാണിത്‌. പൂര്‍ണ്ണമായും മൗലികമായ കഥാപാത്രങ്ങളിലും പശ്ചാത്തലത്തിലും ആഖ്യാനത്തിലുമാണ് ഈ രീതി ലാപതാ ലേഡീസില്‍ ഉപയോഗിച്ചിരിക്കുന്നത്. വര്‍ഷങ്ങളായുള്ള ഗവേഷണത്തില്‍നിന്നുള്ള സത്യസന്ധമായ പ്രതിഫലനത്തില്‍നിന്നുമാണ് ചിത്രത്തിന്റെ കഥയും സംഭാഷണങ്ങളും കഥാപാത്രങ്ങളും സീനുകളും ഉരുത്തിരിഞ്ഞത്. ഇന്ത്യന്‍ സാഹചര്യത്തിലേയും ആഗോളതലത്തിലേയും ലിംഗ വിവേചനം, അസമത്വം, പുരുഷമേധാവിത്തം എന്നിവ സൂക്ഷ്മ തലത്തില്‍ മനസിലാക്കാന്‍ സമയം കണ്ടെത്തി. ഞങ്ങളുടെ കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും നൂറുശതമാനം യഥാര്‍ഥമാണ്. കോപ്പിയടിയുമായി ബന്ധപ്പെട്ട ഏത് ആരോപണവും പൂര്‍ണ്ണമായും അവാസ്തവമാണ്. ആരോപണങ്ങള്‍ എഴുത്തുകാരന്‍ എന്ന നിലയിലെ എന്റെ പ്രയത്‌നത്തെ മാത്രമല്ല സിനിമയുടെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിനെ തന്നെ കുറച്ചുകാണുതാണ്', ബിപ്ലവ് ഗോസ്വാമി കുറിച്ചു.

2019-ലാണ് ബുര്‍ഖ സിറ്റി വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2017-ലാണ് താന്‍ ചിത്രത്തിന്റെ തിരക്കഥയെഴുതിയതെന്നും 2018-ലാണ് ചിത്രീകരണം ആരംഭിച്ചതെന്നും സംവിധായകന്‍ പറയുന്നു. അതേസമയം, ലാപതാ ലേഡീസിന്റെ സിനോപ്‌സിസ് 2014-ല്‍ 'ടു ബ്രൈഡ്‌സ്' എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും പൂര്‍ണ്ണതിരക്കഥ 2018-ല്‍ രജിസ്റ്റര്‍ ചെയ്തുവെന്നുമാണ് ബിപ്ലവ് ഗോസ്വാമിയുടെ അവകാശവാദം.

Content Highlights: Biplab Goswami speaks up connected plagiarism allegations connected Laapataa Ladies

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article