
വിൻസി അലോഷ്യസ്, സൂത്രവാക്യം എന്ന ചിത്രത്തിൽ വിൻസി| ഫോട്ടോ: Instagram/ @iam_win.c
ഷൈൻടോം ചാക്കോയും വിൻസി അലോഷ്യസും പ്രധാന കഥാപാത്രങ്ങളായ സൂത്രവാക്യം റിലീസായി. യൂജിൻ ജോസ് ചിറമ്മേൽ സംവിധാനംചെയ്ത സിനിമ നിർമിച്ചിരിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമാണക്കമ്പനിയായ സിനിമാബണ്ടിയാണ്. സിനിമയെക്കുറിച്ചും ചിത്രീകരണത്തിനിടെയുണ്ടായ വിവാദങ്ങളെക്കുറിച്ചും വിൻസി മനസ്സുതുറക്കുന്നു.
അല്പം വൈകിയാണ് സൂത്രവാക്യം സിനിമ റിലീസായത്. എത്രത്തോളമാണ് പ്രതീക്ഷകൾ
= സിനിമയിൽ സപ്പോർട്ടിങ് റോളാണ് എന്റേത്. നിമിഷ എന്നുപേരുള്ള കണക്ക് ടീച്ചറായാണ് അഭിനയിക്കുന്നത്. സ്കൂളും പോലീസ് സ്റ്റേഷനും പശ്ചാത്തലമായിവരുന്ന, ത്രില്ലർ സ്വഭാവമുള്ള സിനിമയാണിത്. പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു, ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചോ
= ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിക്കപ്പെട്ടു എന്നുതന്നെയാണ് കരുതുന്നത്. മനസ്സുകൊണ്ട് ഞാനും ഷൈനും പരസ്പരം മാപ്പുചോദിച്ചുകഴിഞ്ഞു. ഷൈൻ ഒരുപാട് മാറിയിട്ടുണ്ട്. ഞാൻ ഉന്നയിച്ച കാര്യങ്ങൾ അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം തുറന്നുപറയുകയും ചെയ്തു. മാത്രമല്ല, ഒരുപാടുപേരുടെ അധ്വാനമല്ലേ സിനിമ. വിവാദങ്ങളുടെ പേരിൽ റിലീസ് വൈകുന്നത് ശരിയല്ലല്ലോ.
ആ വിവാദങ്ങൾ കൈവിട്ടുപോയി എന്നുതോന്നിയിരുന്നോ
= സിനിമയുടെ ഷൂട്ടിനിടയിൽ ചിലപ്രശ്നങ്ങളുണ്ടായി. എന്റേതുമാത്രമാണെന്ന് കരുതി മാറിനിൽക്കാമായിരുന്നു. ഒരു മാറ്റത്തിന് കാരണമാകുമെങ്കിൽ നല്ലതല്ലേ എന്നുകരുതി മുന്നോട്ടുപോയതാണ്. നേരേമറിച്ചാണ് സംഭവിച്ചത്. ഷൈനിന്റെ കുടുംബത്തിനെവരെ അത് മോശമായി ബാധിച്ചു. സോഷ്യൽമീഡിയയിൽ അവർക്കെതിരേ അധിക്ഷേപമുണ്ടായി. ഇങ്ങനെയായിത്തീരുമെന്ന് ഞാൻ കരുതിയതല്ല.
സിനിമാസെറ്റ് സുരക്ഷിതമാകണമെന്ന ആവശ്യം ന്യായമല്ലേ
= തീർച്ചയായും ന്യായമാണ്. സൂത്രവാക്യം എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. അതിനർഥം സെറ്റിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഞാൻ ഉന്നയിച്ച കാര്യങ്ങൾ ഇല്ലാതായി എന്നല്ല. വ്യക്തിപരമായി എന്തുചെയ്യാനും ഓരോരുത്തർക്കും അവകാശമുണ്ട്. പക്ഷേ, സെറ്റിൽ സുരക്ഷിതമായി ജോലിചെയ്യാനുള്ള അന്തരീക്ഷം വേണം. അഭിനേതാക്കൾക്കും സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും അതിൽ ഉത്തരവാദിത്വമുണ്ട്.
സിനിമയിൽ ഏറ്റവുമധികം കടപ്പാട് ആരോടാണ്
= എപ്പോഴും ഓർക്കുന്നത് ലാൽജോസ് സാറിനെയാണ്. അദ്ദേഹത്തിനു മുൻപിലാണ് ഞാൻ ആദ്യം പെർഫോം ചെയ്യുന്നത്. എനിക്ക് പ്രത്യേകിച്ച് കഴിവുകളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും നായികാനായകൻ എന്ന പ്രോഗ്രാമിലേക്ക് ക്ഷണിച്ചു. അതായിരുന്നു തുടക്കം.
സിനിമ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്
= കഥ തന്നെയാണ് പ്രധാനം. ഒാകെ ആണെന്ന് തോന്നിയാൽ സംവിധായകനുമായി സംസാരിക്കും. അപ്പോൾ കിട്ടുന്ന വൺലൈൻ പ്രധാനമാണ്. അത് ഒാകെയാണെങ്കിൽ മുന്നോട്ടുപോകും. അല്ലെങ്കിൽ നോ പറയേണ്ടിവരും. പറഞ്ഞിട്ടുമുണ്ട്. സിനിമയുടെ ടെക്നിക്കൽ സൈഡും ശ്രദ്ധിക്കാറുണ്ട്. ഛായാഗ്രഹണം, എഡിറ്റിങ്, മ്യൂസിക് എല്ലാം ചേരുന്നതാണല്ലോ സിനിമ.
മോശം സമയത്തെ എങ്ങനെയാണ് വിൻസി മറികടക്കുന്നത്
= പ്രതിസന്ധികളിൽനിന്ന് ഒളിച്ചോടരുതെന്നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. കൂടെ ആരുമില്ലെങ്കിലും നേരിടണം. വിമർശിക്കാൻ ഒത്തിരിപ്പേരുണ്ടാകും. അതിനെ നല്ലരീതിയിലെടുക്കുക. തെറ്റുണ്ടെങ്കിൽ തിരുത്തുക. മുന്നോട്ടുപോവുക. അതാണ് പോളിസി.
Content Highlights: Vincy Alocious talks astir the caller Malayalam movie Sutravakyam, starring Shine Tom Chacko
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·