തിരുവനന്തപുരം: എമ്പുരാൻ സിനിമയിലെ വിവാദവുമായി ബന്ധപ്പെട്ട് രാഷ്ട്രീയരംഗത്തുനിന്ന് കൂടുതൽ പ്രതികരണങ്ങൾ വരുന്നു. സിനിമയെ പിന്തുണച്ചും ചിത്രത്തിനെതിരെ നടക്കുന്ന സോഷ്യൽ മീഡിയാ പ്രചരണങ്ങളെ വിമർശിച്ചും മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ശക്തമായ വിദ്വേഷ പ്രചാരണമാണ് ഇതിന്റെ പേരിൽ മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നിൽ കലാകാരന്മാർക്ക് മുട്ട് മടക്കേണ്ടി വരുന്ന സാഹചര്യം നമ്മുടെ നാടിന് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഘപരിവാറിനെ വിറളി പിടിപ്പിച്ച ആ രാഷ്ട്രീയം കൂടുതൽ ഉച്ചത്തിൽ ചർച്ച ചെയ്താണെന്നും കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2018ലാണ് ടൂറിസം വകുപ്പ് മന്ത്രി ആയിരുന്ന എന്നെ കാണാൻ പൃഥ്വിരാജ് ഒദ്യോഗിക വസതിയിലേക്ക് വരുന്നത്. കനകക്കുന്ന് കൊട്ടാരം സിനിമ ഷൂട്ടിങ്ങുകൾക്ക് നൽകിയിട്ട് തിരിച്ച് നല്ല നിലയിൽ അല്ല നൽകിയിരുന്നത് എന്നതിനാൽ ഇനി കനകക്കുന്ന് കൊട്ടാരം ഷൂട്ടിങ്ങിന് അനുവദിക്കേണ്ടതില്ല എന്ന് ഞാൻ തീരുമാനം എടുത്തിരുന്നു. അതിനൊരു ഇളവ് ചോദിച്ചാണ് രാജു എത്തിയത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ക്ലൈമാക്സിലെ ഒരു സീൻ ഷൂട്ട് ചെയ്യാൻ കനകക്കുന്ന് വളരെ ആപ്റ്റ് ആണ് എന്നതാണ് കാരണം. ചിത്രത്തിലെ നായകൻ മോഹൻലാൽ. സിനിമയുടെ പേര് ലൂസിഫർ.
രാജുവിന്റെ ആവശ്യത്തോട് ആദ്യം ഞാൻ സ്നേഹപൂർവ്വം എന്തുകൊണ്ട് കനകക്കുന്ന് ഷൂട്ടിങ്ങിന് നൽകുന്നില്ല എന്ന് കാര്യകാരണ സഹിതം വിശദീകരിച്ചു. ഞാൻ പറഞ്ഞ വസ്തുതകൾ എല്ലാം അംഗീകരിച്ചുകൊണ്ട് കനകക്കുന്നിനു ഒരു പോറൽ പോലും ഏല്പിക്കാതെ തിരിച്ചുതരാം എന്ന രാജുവിന്റെ ഉറപ്പിലാണ് അന്ന് ലൂസിഫറിന് കനകക്കുന്ന് അനുവദിക്കുന്നത്.
അന്ന് ഒരിക്കൽ പോലും സിനിമയുടെ കഥ എന്താണെന്നോ സർക്കാരിന് വിമർശനം ഉണ്ടോ എന്നോ സിപിഐഎം വിരുദ്ധത ഉണ്ടോ എന്നൊന്നും ഞാൻ അന്വേഷിച്ചിരുന്നില്ല. പടം ഇറങ്ങിയപ്പോൾ പോയി കാണുകയും മുകളിൽ പറഞ്ഞതൊക്കെ ഉണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. പടം ഇഷ്ടപ്പെട്ടതിനാൽ പൃഥ്വിരാജിനെ വിളിച്ചു അഭിനന്ദനം അറിയിച്ചതല്ലാതെ ഇതേക്കുറിച്ചൊന്നും ചോദിച്ചിട്ടുമില്ല. പടം കണ്ട ഒരാളും എന്തിന് ആ സിനിമയ്ക്ക് കനകക്കുന്ന് നൽകി എന്നും എന്നോട് ചോദിച്ചിട്ടില്ല. കാരണം അതെല്ലാം ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ആണ് എന്ന് ഉത്തമ ബോധ്യം ഉള്ളവരാണ് ഞാനും ഞാൻ ഉൾപ്പെടുന്ന ഇടതുപക്ഷ സമൂഹവും.
ഇന്ന് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ അതിശക്തമായ വേട്ടയാടലുകൾ നേരിടുകയാണ്. സംഘപരിവാർ 2002ൽ ചെയ്തുകൂട്ടിയതൊക്കെ സമൂഹത്തെ വീണ്ടും ഓർമിപ്പിച്ചു എന്നതാണ് കുറ്റം. ശക്തമായ വിദ്വേഷ പ്രചാരണമാണ് ഇതിന്റെ പേരിൽ മോഹൻലാലും പൃഥ്വിരാജും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ നേരിടുന്നത്. അണികൾ മാത്രമല്ല RSS നേതാക്കൾ പോലും പരസ്യ ഭീഷണിയുമായി മുന്നിട്ട് ഇറങ്ങി കഴിഞ്ഞു.
ഈ സമ്മർദ്ദത്തിൽപെട്ട് സിനിമയിലെ സുപ്രധാന രംഗങ്ങൾക്ക് കത്രിക വെക്കേണ്ടി വന്നു എന്ന് മാത്രമല്ല മോഹൻലാൽ എന്ന മഹാനടന് മാപ്പ് പറയേണ്ടിയും വന്നിരിക്കുന്നു. വർഗീയ ഫാസിസ്റ്റുകളുടെ ഭീഷണിക്ക് മുന്നിൽ കലാകാരന്മാർക്ക് മുട്ട് മടക്കേണ്ടി വരുന്ന സാഹചര്യം നമ്മുടെ നാടിന് ഒട്ടും ഭൂഷണമല്ല.
സംഘപരിവാർ ഭീഷണിക്ക് മുന്നിൽ വഴങ്ങിയതിന് ഇവിടെ മോഹൻലാലിനെയോ പൃഥ്വിരാജിനെയോ മറ്റ് അണിയറ പ്രവർത്തകരെയോ കുറ്റം പറയാൻ കഴിയുകയില്ല. അവരുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങിയില്ല എങ്കിൽ എമ്പുരാൻ സിനിമയിൽ കാണിച്ചത് പോലെ നാളെ അവർ കണി കാണേണ്ടത് ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെയാവും. കുറ്റമൊന്നും ചെയ്യേണ്ട. മുദ്രവെച്ചു കൊടുക്കുന്ന വെള്ളപ്പേപ്പറുകളുടെ ബലത്തിൽ ആരെയും മാസങ്ങളോളം ജയിലഴികൾക്ക് ഉള്ളിൽ അടക്കാൻ കഴിയുന്ന സൂപ്പർപവർ ഉള്ള ഏജൻസികൾ ആണവർ.
ഇതിനെതിരെ പ്രതികരിക്കേണ്ടത് സംഘപരിവാറിനെ വിറളി പിടിപ്പിച്ച ആ രാഷ്ട്രീയം കൂടുതൽ ഉച്ചത്തിൽ ചർച്ച ചെയ്താണ്. ഓരോ തെരുവിലും, ഓരോ ചായക്കടകളിലും, ഓരോ ബിസിനസ് ലോഞ്ചുകളിലും ഓരോ കുടുംബത്തും ആ വർഗീയ രാഷ്ട്രീയം കൂടുതൽ ഉച്ചത്തിൽ ചർച്ചയാവട്ടെ.
സിനിമക്ക് കത്രിക വെക്കുന്നു എന്നറിഞ്ഞതിനെ തുടർന്ന് ഇന്നലെ രാത്രി കൈരളി തിയേറ്ററിൽ കുടുംബസമേതം എമ്പുരാൻ കണ്ടു.
Content Highlights: Empuraan Movie Controversy: Kadakampally Surendran's Response
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·