'സംഘാടകർ പണവുമായി മുങ്ങി, ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല', വിശദീകരണവുമായി നേഹ കക്കർ 

9 months ago 7

neha-kakkar

നേഹ കക്കർ | PTI, Instagram.com

മെല്‍ബണില്‍വെച്ച് നടന്ന സംഗീതപരിപാടി മണിക്കൂറുകളോളം വൈകിയതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ വിശദീകരണവുമായി ഗായിക നേഹ കക്കര്‍. സംഘാടകര്‍ തന്റെയും മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞെന്നും തങ്ങൾക്ക് ഹോട്ടലോ, ഭക്ഷണമോ, വെള്ളമോ ലഭ്യമാക്കിയില്ലെന്നും നേഹ പറഞ്ഞു. ആരാധകര്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണല്ലോ എന്നുകരുതിയാണ് പരിപാടിക്കായി സ്റ്റേജിലെത്തിയതെന്നും ​ഗായിക ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.

'മൂന്ന് മണിക്കൂര്‍ വൈകിവന്നെന്നാണ് അവര്‍ പറയുന്നത്. ഒരിക്കലെങ്കിലും എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടുണ്ടോ? ആരേയും വേദനിപ്പിക്കേണ്ടെന്ന് കരുതിയാണ് സ്റ്റേജില്‍ വെച്ച് ഒന്നും പറയാതിരുന്നത്. ഇപ്പോള്‍ പറയാനുള്ള സമയമായിരിക്കുന്നു'വെന്ന് പറഞ്ഞാണ് നേഹ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.

'മെല്‍ബണിലെ ഓഡിയന്‍സിന് മുമ്പാകെ സൗജന്യമായാണ് ഞാന്‍ പെര്‍ഫോം ചെയ്തതെന്ന് നിങ്ങള്‍ക്കറിയുമോ? സംഘാടകര്‍ എന്റെയും മറ്റുള്ളവരുടെയും പണവുമായി കടന്നുകളഞ്ഞു. എന്റെ ബാന്‍ഡിലുള്ളവര്‍ക്ക് ഹോട്ടലോ, ഭക്ഷണമോ, വെള്ളമോ നല്‍കിയില്ല. എന്റെ ഭര്‍ത്താവും കൂടെയുള്ളവരുമാണ് അവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഇത്രയുമുണ്ടായിട്ടും വിശ്രമം പോലുമില്ലാതെ ഞങ്ങള്‍ സ്റ്റേജിലെത്തി. കാരണം എന്റെ ആരാധകര്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുന്നുണ്ട്.'- നേഹ കുറിച്ചു.

'ഞങ്ങളുടെ ശബ്ദം പരിശോധിക്കുന്നത് മണിക്കൂറുകളോളം വൈകി. കാരണം ഞങ്ങളുടെ സൗണ്ട് വെന്‍ഡര്‍ക്ക് കൃത്യമായി പണം നല്‍കാത്തതിനാല്‍ അദ്ദേഹം സൗണ്ട് ഓണാക്കാന്‍ തയ്യാറായില്ല. കുറേ വൈകിയതിന് ശേഷമാണ് ഇത് ആരംഭിക്കുന്നത്. എന്നാല്‍ എനിക്ക് സ്ഥലത്തെത്താനോ ശബ്ദം പരിശോധിക്കാനോ സാധിച്ചില്ല. സംഘാടകര്‍ എന്റെ മാനേജറുടെ കോളുകളൊന്നും എടുത്തില്ല. അവര്‍ സ്‌പോണ്‍സര്‍മാരുള്‍പ്പെടെ എല്ലാവരില്‍ നിന്നും ഒളിച്ചോടുകയായിരുന്നു.'- നേഹ പറഞ്ഞു.

ഇനിയും ഒരുപാട് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ ഇത് മാത്രമേ പറയുന്നുള്ളൂവെന്നും നേഹ കൂട്ടിച്ചേര്‍ത്തു. തന്നെ പിന്തുണച്ചവര്‍ക്കും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും നന്ദി പറയുന്നതായും നേഹ കുറിപ്പില്‍ വ്യക്തമാക്കി. സംഭവത്തിൽ സഹോദരൻ ടോണി കക്കറും ​ഗായിക ട്വിങ്കിളും നേഹയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.ഒരു പരിപാടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിട്ട് അത് ചെയ്യാതിരുന്നാൽ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ടോണി കക്കർ‍ ചോദിച്ചു. സ്‌പോണ്‍സര്‍മാര്‍ പണവുമായി മുങ്ങിയിട്ടും നടി പരിപാടിയിൽ പങ്കെടുക്കാൻ സന്നദ്ധമായെന്നാണ് ഗായിക ട്വിങ്കിൾ അ​ഗർവാൾ പറഞ്ഞത്.

മൂന്നുമണിക്കൂര്‍ വൈകിയാണ് നേഹ കക്കർ പരിപാടിക്കെത്തിയത്. വൈകിയതിന് കാണികളോട് മാപ്പുപറയുകയും വേദിയില്‍നിന്ന് കരയുകയും ചെയ്തിരുന്നു. കാണികളില്‍ ചിലര്‍ വൈകിയെത്തിയ ​ഗായികയെ പരിഹസിച്ചു. 'മടങ്ങിപ്പൊയ്‌ക്കോളൂ.. പോയി ഹോട്ടലില്‍ വിശ്രമിച്ചോളൂ' എന്നും, 'ഇത് ഇന്ത്യയല്ല ഓസ്‌ട്രേലിയയാണെന്നും' കാണികളില്‍ ചിലർ പറഞ്ഞു. 'അഭിനയം വളരെ നന്നായിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഐഡോള്‍ അല്ല..' എന്നിങ്ങനെയും കാണികളില്‍ ചിലര്‍ പരിഹസിച്ചു പറഞ്ഞു. അതേസമയം, നേഹയുടെ മാപ്പപേക്ഷ കാണികളില്‍ ഒരുവിഭാഗം കയ്യടിയോടെ സ്വീകരിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്. കാത്തിരുന്നതിന് നന്ദിയുണ്ടെന്നും നല്ല പ്രകടനം നിങ്ങള്‍ക്കായി നല്‍കാമെന്നും പറയുന്നതിനിടെ നേഹ പലവട്ടം വിതുമ്പുന്നതും ദൃശ്യങ്ങളില്‍ കാണാം.

Content Highlights: Neha Kakkar effect On Melbourne performance controversy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article