സഞ്ചാരിയിലെ ഫൈറ്റ് കഴിഞ്ഞ് ജയന്‍ പറഞ്ഞു: 'ആ പയ്യന്‍ മിടുക്കനാണ്, വളര്‍ന്നുവരും', അതാണ് മോഹന്‍ലാൽ

8 months ago 8

jayan and mohanlal

ജയനും മോഹൻലാലും (Photo: മാതൃഭൂമി ആർക്കൈവ്​സ്)

നാ

ളെ സന്ധ്യയാകുമ്പോഴേക്കും മടങ്ങിയെത്താമെന്ന് പറഞ്ഞ് മരണത്തിലേക്ക് ജയന്‍ യാത്രതിരിച്ച 'അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ പീരുമേട്ടിലെ ലൊക്കേഷനിലേക്ക് പെട്ടെന്ന് തിരിച്ചുപോവാന്‍ ത്യാഗരാജന്റെ മനസ്സനുവദിച്ചില്ല. ജയന്റെ ശരീരം അഗ്‌നിയേറ്റു വാങ്ങിയ ആ രാത്രിയില്‍, രണ്ട് ദിവസണ്‍ത്തേക്ക് ഷൂട്ടിങ്ങില്‍ നിന്നും പിന്മാറി സംവിധായകന്‍ വേണുവിനോടും പ്രേംനസീറിനോടും അനുവാദം വാങ്ങി ത്യാഗരാജന്‍ മദിരാശിയിലേക്ക് വണ്ടികയറി. സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യുമ്പോഴേല്ലാം ജയന്റെ ജീവന് അപകടം പറ്റാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ കൈക്കൊണ്ടിരുന്ന ത്യാഗരാജനെ ആ വേര്‍പാട് ശരിക്കും ഉലച്ചുകളഞ്ഞിരുന്നു.

തീ തുപ്പിപായുന്ന മദ്രാസ്‌മെയിലില്‍ ഒരു പോള കണ്ണടയ്ക്കാനാവാതെ ജയന്റെ ഓര്‍മ്മകളില്‍ വീര്‍പ്പുമുട്ടി ത്യാഗരാജനിരുന്നു. ഹെലികോപ്റ്റര്‍ അപകടം എങ്ങനെ സംഭവിച്ചു? തന്റെ ശിഷ്യന്‍ കൂടിയായ സ്റ്റണ്ട് മാസ്റ്റര്‍ വിജയന്‍ മുന്‍കരുതലുകള്‍ വേണ്ടപോലെ എടുത്തില്ലേ? ജയന്റെ അതിസാഹസികതയായിരുന്നോ മരണ കാരണം? ട്രെയിനിന്റെ വേഗതയ്ക്കപ്പുറം ഒരുപാട് ചോദ്യങ്ങള്‍ ത്യാഗരാജന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് കാലത്ത് വണ്ടി മദിരാശിയിലെത്തി യപ്പോള്‍ ഒപ്പമുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് എപ്പോഴോ തളര്‍ന്നുറങ്ങിയ ത്യാഗരാജനെ തട്ടി വിളിച്ചുണര്‍ണ്‍ത്തിയത്. ക്ഷീണിതനായി, അതിലേറെ തകര്‍ന്ന മനസ്സുമായി വീട്ടിലെത്തിയ ഭര്‍ത്താവിനെ കണ്ടപ്പോള്‍ ഭാര്യ പൊട്ടിക്കരഞ്ഞു. 'ജയന്‍സാര്‍...'
ത്യാഗരാജന്റെ കുടുംബവുമായി ജയന് അത്രത്തോളം അടുപ്പമായിരുന്നു.

ഒരു സിനിമാനടന്റെ മരണം മാത്രമായി ആ വേര്‍പാടിനെ കാണാന്‍ കഴിയുന്നവരായിരുന്നില്ല അവര്‍.
'ഇനി നിങ്ങള്‍ ഈ പണിക്ക് പോകല്ലേ...' കണ്ണീരോടെ ഭാര്യ പറഞ്ഞു.
'കുറച്ചു നേരം ഞാനുറങ്ങട്ടെ. ഇപ്പോ എന്നോടൊന്നും പറയല്ലേ...' അതിനപ്പുറം ഒന്നും മിണ്ടാതെ ത്യാഗരാജന്‍ കിടപ്പുമുറിയിലേക്ക് പോയി.
ജയന്റെ മരണത്തോടെ നിലച്ചുപോയത് 'അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ ചിത്രീകരണം മാത്രമായിരുന്നില്ല. ജയന്‍ നായകനായി അഭിനയിച്ചുകൊണ്ടിരുന്ന എഴോളം സിനിമകളുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നതിനു പുറമേ കരാര്‍ ഒപ്പിട്ട ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മറ്റാരെക്കൊണ്ട് ചെയ്യിച്ചാലും ശരിയാവില്ല എന്ന പൂര്‍ണബോധ്യത്താല്‍ നിര്‍മാതാക്കള്‍ ഉപേക്ഷിച്ചു. ആ സിനിമകളില്‍ മിക്കതിന്റെയും സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജനായതുകൊണ്ട് അദ്ദേഹത്തിനും സംഘത്തിനും ഏറെ അവസരങ്ങള്‍ നഷ്ടപ്പെട്ടു. പക്ഷേ, അതിലായിരുന്നില്ല ത്യാഗരാജന്റെ വേദന. തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിലായിരുന്നു ആ മനസ്സ് പിടഞ്ഞത്. വീട്ടില്‍ തങ്ങിയ രണ്ടുദിവസം ത്യാഗരാജനോട് ഭാര്യ ആവര്‍ത്തിച്ച് പറഞ്ഞത് സിനിമയിലെ സ്റ്റണ്ട് നിര്‍ത്തിപോരാനാണ്. പക്ഷേ, പോയേ തീരൂ എന്ന അവസ്ഥ യിലായിരുന്നു ത്യാഗരാജന്‍. അതിന് മുന്‍പ് 'കോളിളക്ക'ത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ വിജയനെ ത്യാഗരാജന്‍ കാണാന്‍ തീരുമാനിച്ചു. പക്ഷേ, അന്ന് രാത്രി വിജയന്‍ ത്യാഗരാജനെത്തേടി വീട്ടിലെത്തി. പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു:
'പെര്‍ഫെക്ട് ആയിട്ടുണ്ടെന്ന് ജയന്‍ സാറിനോട് പറഞ്ഞതാണ്. പക്ഷേ, സാറിന് ആ പെര്‍ഫെക്ഷന്‍ മതിയായിരുന്നില്ല.' തലയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന ജയന്റെ മുഖത്തേക്ക് നോക്കാന്‍ പോലും ആവില്ലായിരുന്നുവെന്ന് വിജയന്‍ പറഞ്ഞപ്പോള്‍ ത്യാഗരാജന്‍ കൊച്ചുകുഞ്ഞിനെപോലെ കരഞ്ഞു. സിനിമയില്‍ വന്നകാലം മുതല്‍ ചോര കണ്ടാണ് ത്യാഗരാജന്‍ വളര്‍ന്നത്. ഓരോ അനുഭവവും മനസ്സ് മരവിപ്പിച്ചു. അല്ലാതെ കരയേണ്ടി വന്നിട്ടില്ല. എന്നാല്‍ നേരില്‍ കാണാത്ത ഒരു അപകടമരണത്തെക്കുറിച്ച് കേട്ടപ്പോഴുള്ള ത്യാഗരാജന്റെ കരച്ചിലില്‍ വീട് പോലും തേങ്ങി. മരിച്ച വ്യക്തി ആരായിരുന്നുവെന്ന് ത്യാഗരാജന് അറിയുംപോലെ മറ്റാര്‍ക്കറിയാം?

mohanlal and jayan

മോഹൻലാൽ, ജയൻ, ജി.കെ.പിള്ള, സുകുമാരി, ശുഭ എന്നിവർ സഞ്ചാരിയിൽ

രണ്ടുനാള്‍ കഴിഞ്ഞ് 'അറിയപ്പെടാത്ത രഹസ്യ'ത്തിന്റെ പീരുമേട്ടിലെ ലൊക്കേഷനില്‍ ത്യാഗരാജനെത്തി. ജയന്റെ മരണം സൃഷ്ടിച്ച ഷോക്കില്‍ നിന്നും ആരും മുക്തരായിട്ടില്ല. എല്ലാവരുടെയും മുഖത്തും വാക്കുകളിലും ആ വേദനയുടെ നിഴല്‍ കാണായിരുന്നു. ജയന്റെ ദുരന്തത്തെക്കുറിച്ചാണ് സിനിമാലോകം മുഴുവന്‍ ചര്‍ച്ചചെയ്തത്. ജയനെ നായകനാക്കി ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയായിരുന്നു. 'അറിയപ്പെടാത്ത രഹസ്യ'ത്തില്‍ ക്ലൈമാക്‌സ് ഫൈറ്റ് ഉള്‍പ്പെടെ ജയന്റെ പത്തോളം സീനുകള്‍ എടുക്കാനുണ്ടായിരുന്നു. ഒരുപാട് ആലോചനകള്‍ക്കുശേഷം സംവിധായകന്‍ വേണുവിന് കഥാഗതിയില്‍ ചില മാറ്റങ്ങള്‍ വരുതേണ്ടതായി വന്നു. ഒടുവില്‍, ചിത്രീകരിക്കാതെ പോയ ജയന്റെ ഭാഗങ്ങള്‍ ഡ്യുപ്പിനെ വെച്ച് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. ക്ലൈമാക്‌സ് ഫൈറ്റ് ജയനില്ലാതെ തന്നെ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴെല്ലാം നിരാശനായിരുന്നു ത്യാഗരാജന്‍. ജയന്റെ അഭാവത്തില്‍ ഏറെ വിഷമത്തോടെയാണ് ത്യാഗരാജന്‍ സംഘട്ടനം പൂര്‍ത്തീകരിച്ചത്. ജയനില്ലാത്ത ക്ലൈമാക്‌സ് ഫൈറ്റ് ചിത്രത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ത്യാഗരാജന്‍ മുന്‍പേ മനസ്സിലാക്കി. മികച്ച ഒരു ആക്ഷന്‍ സിനിമയായി മാറേണ്ടിയിരുന്ന അറിയപ്പെടാത്ത രഹസ്യം മികച്ച സാമ്പത്തിക വിജയം നേടിയെങ്കിലും നിര്‍ണായകമായ പല രംഗങ്ങളിലും ജയനില്ലാത്ത കാരണത്താല്‍ പ്രേക്ഷകരില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ കഴിയാതെ കടന്നുപോയി. അപ്പോഴേക്കും മലയാള സിനിമ പുതിയൊരു ജയനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു.

ജയന്റെ രൂപസാദൃശ്യമുള്ളവര്‍ ആകാരഭംഗിയുള്ളവര്‍ ഇങ്ങനെ നിരവധി പേരെ പരീക്ഷിച്ചുനോക്കാന്‍ പ്രമുഖ സംവിധായകര്‍ മുന്നോട്ട് വന്നു. 'അങ്ങാടി'യിലൂടെ ജയനെ ജനകീയ നടനാക്കിയ ഐവി ശശി ജയന് പകരമായി കണ്ടെത്തിയത് രതീഷിനെയായിരുന്നു. പാലാട്ട് കുഞ്ഞിക്കണ്ണന്‍, ഇടിമുഴക്കം തുടങ്ങിയ ജയന്‍ ചിത്രങ്ങളില്‍ അഭിനയിച്ച രതീഷിന് ജയനുമായി വിദൂരസാദൃശ്യം പോലുമില്ലാഞ്ഞിട്ടും തുഷാരം എന്ന ബിഗ് ബജറ്റില്‍ ഐവി ശശി രതീഷിനെ തന്നെ നായകനാക്കാന്‍ തീരുമാനിച്ചു. 'ആ പയ്യന് ഒരു മെയ്‌വഴക്കവും ഇല്ല. ജയന്റെ റോളുകള്‍ ചെയ്യാന്‍ അയാള്‍ക്കാകുമോ?' ത്യാഗരാജന്റെ ചോദ്യത്തിന് ഐവി ശശിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'മാസ്റ്റര്‍ ജയനാവാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല, ജയനില്ല എന്ന് കരുതി സിനിമാ നിര്‍മാണം നിര്‍ത്തിവെക്കാനാവുമോ?' ശശി രതീഷില്‍ വിശ്വാസമര്‍പ്പിച്ചു. ആക്ഷന്‍ സീനുകളില്‍ രതീഷിന് പ്രത്യേക പരിശീലനം നല്‍കാന്‍ ത്യാഗരാജനെ ചുമതലപ്പെടുത്തി. പിന്നീടെല്ലാം ത്യാഗരാജന്റെ ശിക്ഷണത്തിലായിരുന്നു. തുഷാരത്തിന് വേണ്ടി രതീഷിനെ സ്റ്റണ്ട് പഠിപ്പിക്കുകയായിരുന്നു ത്യാഗരാജന്‍. ഐവി ശശിയുടെ സംവിധാനമികവ് കൂടിയായപ്പോള്‍ 'രതീഷ് കൊള്ളാമല്ലോ' എന്ന് പറഞ്ഞു തുടങ്ങി.

ജയന്റെ രൂപസാദൃശ്യമുള്ളവര്‍, ആകാരഭംഗിയുള്ളവര്‍... ഇങ്ങനെ നിരവധി പേരെ പരീക്ഷിച്ചു നോക്കാന്‍ പ്രമുഖ സംവിധായകര്‍ മുന്നോട്ട് വന്നു. 'അങ്ങാടി'യിലൂടെ ജയനെ ജനകീയനടനാക്കിയ ഐവി ശശി ജയന് പകരമായി കണ്ടെത്തിയത് രതീഷിനെയായിരുന്നു. പാലാട്ട് കുഞ്ഞിക്കണ്ണന്‍, ഇടിമുഴക്കം തുടങ്ങിയ ജയന്‍ ചിത്രങ്ങളില്‍ അഭിനയിച്ച രതീഷിന് ജയനുമായി വിദൂരസാദൃശ്യം പോലുമില്ലാഞ്ഞിട്ടും തുഷാരം എന്ന ബിഗ് ബജറ്റില്‍ ഐവി ശശി രതീഷിനെ തന്നെ നായകനാക്കാന്‍ തീരുമാനിച്ചു. 'ആ പയ്യന് ഒരു മെയ്‌വഴക്കവും ഇല്ല. ജയന്റെ റോളുകള്‍ ചെയ്യാന്‍ അയാള്‍ക്കാകുമോ?' ത്യാഗരാജന്റെ ചോദ്യത്തിന് ഐവി ശശിയുടെ മറുപടി ഇങ്ങനെയായിരുന്നു. 'മാസ്റ്റര്‍ ജയനാവാന്‍ മറ്റൊരാള്‍ക്ക് കഴിയില്ല, ജയനില്ല എന്ന് കരുതി സിനിമാ നിര്‍മാണം നിര്‍ത്തിവെക്കാനാവുമോ?' ശശി രതീഷില്‍ വിശ്വാസമര്‍പ്പിച്ചു.

jayan and mohanlal

ജയനും മോഹൻലാലും സഞ്ചാരിയിൽ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ആക്ഷന്‍ സീനുകളില്‍ രതീഷിന് പ്രത്യേക പരിശീലനം നല്‍കാന്‍ ത്യാഗരാജനെ ചുമതലപ്പെടുത്തി. പിന്നീടെല്ലാം ത്യാഗരാജന്റെ ശിക്ഷണത്തിലായിരുന്നു. തുഷാരത്തിന് വേണ്ടി രതീഷിനെ സ്റ്റണ്ട് പഠിപ്പിക്കുകയായിരുന്നു ത്യാഗരാജന്‍. ഐവി ശശിയുടെ സംവിധാനമികവ് കൂടിയായപ്പോള്‍ 'രതീഷ് കൊള്ളാമല്ലോ' എന്ന് പറഞ്ഞു തുടങ്ങി. ഐവി ശശിയെപ്പോലെ മറ്റു പല സംവിധായകരും മറ്റൊരു ജയനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. പുതുമുഖങ്ങളായി രംഗപ്രവേശം ചെയ്ത പല നടന്മാരും ജയന്റെ സിംഹാസനം മോഹിച്ചെത്തി. പലരെയും സംവിധായകര്‍ പരീക്ഷിച്ചു നോക്കി. രതീഷിനെ തുടര്‍ന്ന് രവീന്ദ്രനും മമ്മൂട്ടിയുമൊക്കെ ആക്ഷന്‍ വേഷങ്ങളില്‍ വന്നെങ്കിലും ആ രംഗത്ത് അവര്‍ക്കൊന്നും ശോഭിക്കാന്‍ കഴിഞ്ഞില്ല. സ്റ്റണ്ട്മാസ്റ്റര്‍ എന്ന നിലയില്‍ മാത്രമല്ല, ജയന്റെ കഴിവുകളെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള ത്യാഗരാജന്‍ തുറന്ന് പറഞ്ഞു. 'സത്യന്‍ ഒന്നേയുള്ളൂ, അതുപോലെ ജയനും ഒന്നേയുള്ളൂ. അവര്‍ക്ക് പകരം വെക്കാന്‍ മറ്റൊരാളെ കിട്ടില്ല.'

ജയന്റെ മരണം ആരാധകരിലുണ്ടാക്കിയ ഞെട്ടലും വേദനയും മുതലെടുക്കാനുള്ള പല പ്രവണതകളും അന്ന് സിനിമയില്‍ നടന്നു. പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സബ്ബ് ഇന്‍സ്പെക്ടറായിരുന്ന രഘുവിനെ 'ഭീമന്‍'എന്ന സിനിമയില്‍ അവതരിപ്പിച്ചുകൊണ്ട് ജയന് പകരക്കാരനെ സൃഷ്ടിക്കാന്‍ നോക്കിയെങ്കിലും പ്രേക്ഷകര്‍ക്ക് രഘുവിനെ ജയന്റെ സ്ഥാനത്ത് കാണാന്‍ കഴിഞ്ഞില്ല. ശരീരസൗന്ദര്യവും സാഹസികതയും അഭിനയശേഷിയും ഒത്തിണങ്ങിയ ജയനെപ്പോലൊരു നടനെ കണ്ടെത്താന്‍ മലയാള സിനിമയ്ക്കായില്ല. ഒടുവിലാണ് ജയന്റെ സഹോദരന്‍ സോമന്‍ നായരെ രംഗത്തിറക്കുന്നത്. 'അയാളെ വെറുതെ വിട്ടുകൂടെ സാര്‍' സംവിധായകന്‍ ശശികുമാറിനോട് അങ്ങനെയൊക്കെ ചോദിക്കാന്‍ ത്യാഗരാജനുള്ള ധൈര്യം മാറ്റാര്‍ക്കുമുണ്ടായിരുന്നില്ല. 'നമുക്ക് ഒന്ന് പരീക്ഷിച്ചുനോക്കാം ത്യാഗരാജന്‍' എന്നായിരുന്നു ശശികുമാറിന്റെ മറുപടി. അജയന്‍ എന്ന് പേരിട്ട് ശശികുമാര്‍ സോമന്‍ നായരെ സിനിമയില്‍ അവതരിപ്പിച്ചെങ്കിലും ജയന്റെ സഹോദരന്‍ എന്ന വിശേഷണമല്ലാതെ സിനിമയില്‍ ഒരു ചെറുചലനം പോലും സൃഷ്ടിക്കാന്‍ അജയനായില്ല.

mohanlal and jayan successful  sanchari

സഞ്ചാരിയിൽ മോഹൻലാലും ജയനും തമ്മിലുള്ള സംഘട്ടനരംഗം. Photo: Screengrab

'ജയനായില്ലെങ്കിലും സ്റ്റണ്ടിലും സാഹസികതയിലും പ്രതീക്ഷ നല്‍കുന്നൊരാള്‍ വളര്‍ന്നുവരുന്നുണ്ട്' ത്യാഗരാജന്റെ വാക്കുകള്‍ കേട്ട ഐവി ശശി ചോദിച്ചു:
'ആരാണയാള്‍...?'
'സഞ്ചാരിയില്‍ ജയനോടൊപ്പം ഉണ്ടായിരുന്നു. ഒന്നാന്തരം ഫൈറ്റാണ്. പറഞ്ഞു കൊടുത്താല്‍ ഇരട്ടി റിസള്‍ട്ടാണ്...'
'മാസ്റ്റര്‍ പറയൂ... ആരാണയാള്‍?'
'അപ്പച്ചന്‍ മുതലാളി യുടെ പടത്തിലെ വില്ലന്‍..'
'തിരുവനന്തപുരത്തുകാരന്‍ പയ്യനോ?'
'അതെ, അയാള്‍ തന്നെ.' ത്യാഗരാജന്റെ വാക്കുകളില്‍ നിന്ന് ശശി ആളെ മനസ്സിലാക്കിയ ശേഷം പറഞ്ഞു:'അയാള്‍ എന്റെ പുതിയ സിനിമയിലെ വില്ലനാണ്. മാഷ് പറഞ്ഞതാണ് ശരി. അയാള്‍ തീര്‍ച്ചയായും ഉയരങ്ങളിലെത്തും.'

മറ്റൊരു ജയനെ കണ്ടെത്താനുള്ള പരീക്ഷണം അയാളില്‍ ആരും നടത്തിയില്ല. തുടക്കം മുതലേ അയാള്‍ക്ക് അയാളുടേതായ അഭിനയരീതി ഉണ്ടായിരുന്നു. സംഘട്ടനരംഗത്ത് മികവ് പുലര്‍ത്താനുള്ള മെയ്‌വഴക്കവും. ഉയരങ്ങളിലെത്തും എന്ന് ശശി പറഞ്ഞ നടനെക്കുറിച്ച് ത്യാഗരാജന്‍ ഇത്രയും കൂടി ചേര്‍ത്തു പറഞ്ഞു. 'സഞ്ചാരിയിലെ ഫൈറ്റ് സീന്‍ കഴിഞ്ഞപ്പോള്‍ ജയനും എന്നോട് പറഞ്ഞിരുന്നു. മാസ്റ്റര്‍ ആ പയ്യന്‍ മിടുക്കനാണ്. അയാള്‍ വളര്‍ന്നു വരും.' മരണത്തിന് മുന്‍പ് ജയന്‍ പറഞ്ഞ ആ നടന്റെ പേര് മോഹന്‍ലാല്‍ എന്നായിരുന്നു.

(തുടരും)

Content Highlights: The decease of enactment prima Jayan near a void. This nonfiction explores the hunt for successor mohanlal

ABOUT THE AUTHOR

എഴുത്തുകാരൻ, ജീവചരിത്രകാരൻ, നാടകകലാകാരൻ. ഗുരുമുഖങ്ങൾ, മുൻപേ പെയ്ത മഴയിലാണ് ഇപ്പോൾ നനയുന്നത് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ്

More from this author

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article