'സത്യം പുറത്തുവരും, അന്ന് പല മുഖംമൂടികളും പിച്ചിച്ചീന്തപ്പെടും'; തിലകന്റെ വിലക്ക് ഓർമിപ്പിച്ച് വിനയൻ

9 months ago 8

vinayan thilakan

തിലകൻ, വിനയൻ | Photo: Facebook/ Vinayan Tg

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍ സി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. നടന്‍ തിലകനെതിരായ സിനിമാ സംഘടനകളുടെ വിലക്ക് ഓര്‍മിപ്പിച്ചാണ് വിനയന്റെ പ്രതികരണം. വിലക്കിന്റെ വേദനയോടെ തന്നെ ഭൂമിയില്‍നിന്നു വിടവാങ്ങിയ തിലകന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണമെന്ന് വിനയന്‍ ഫെയസ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍നിന്ന്:

2010 മുതല്‍ മഹാനടന്‍ തിലകനെ സിനിമയില്‍ നിന്നും വിലക്കി മാറ്റി നിര്‍ത്തിയത് മയക്കുമരുന്ന് ഉപയോഗിച്ചതിനല്ല.. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല..

'ചില സിനിമാ സംഘടനകള്‍ മാഫിയകളെ പോലെ പെരുമാറുന്നു' എന്നു പറഞ്ഞതിനാണ് ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകള്‍ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്..

നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനല്‍ പ്രവൃത്തിയാണല്ലോ തിലകന്‍ ചേട്ടന്‍ അന്നു ചെയ്തത്.. അല്ലേ...?

ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയില്‍നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം...

ഒരുത്തന്‍ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റില്‍ വച്ച് തന്നെ അപമാനിച്ചു..

വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകള്‍ക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിന്‍വലിക്കാന്‍ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പര്‍ വണ്‍ ആണന്നു തന്നെ കാണിക്കുന്നതാണ്..

ഇതിനു മുന്‍പ് ഇവരേക്കാള്‍ പ്രഗത്ഭരായ മൂന്നാലു നടിമാര്‍ വിസില്‍ ബ്ലോവേഴ്‌സ് ആകാന്‍ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓര്‍ത്തുപോയിക്കാണും..

മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടിഘോഷിച്ചുവന്ന ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?... പ്രേക്ഷകര്‍ക്കതു നോക്കി നില്‍ക്കാനല്ലേ കഴിയു..

സര്‍ക്കാരാണെങ്കില്‍ ഇതിഹാസങ്ങള്‍ക്ക് മുന്നില്‍ കണ്ണഞ്ചി നില്‍ക്കുന്നൂ...

പക്ഷേ സത്യത്തെ സ്വര്‍ണ്ണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ...

അതിവിടെ യാഥാര്‍ത്ഥ്യമാകും ഉറപ്പാണ്...

അന്നു പല മുഖംമൂടികളും പിച്ചി ചീന്തപ്പെടും...

Content Highlights: Vinayan reacts to actress`s allegations against Shine Tom Chacko

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article