
ഭാസി മലാപ്പറമ്പ് (ഇടത്ത്) സത്യൻ (വലത്ത്). ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
മരണം കയ്യെത്തും ദൂരെ പതുങ്ങി നിൽക്കുമ്പോഴും മഹാനടനായ സത്യൻ അഭിനയിക്കാൻ കൊതിച്ച ഒരു കഥാപാത്രമുണ്ട്: ഭാസി മലാപ്പറമ്പ് എഴുതിയ "മനസ്സുകൾ സാഗരങ്ങൾ' എന്ന നോവലിലെ മനഃശാസ്ത്രജ്ഞൻ.
സഫലമാകാത്ത ആ മോഹത്തിന്റെ കഥ സംവിധായകൻ ഹരിഹരൻ വിവരിച്ചു കേട്ടിട്ടുണ്ട്. സത്യൻ നായകനായ കരിനിഴൽ എന്ന സിനിമയുടെ ചിത്രീകരണം ബെംഗളൂരുവിലെ ചാമുണ്ഡേശ്വരി സ്റ്റുഡിയോയിൽ നടക്കുന്നു. ഹരിഹരനാണ് പടത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർ. സത്യൻ മാസ്റ്റർ ഏതോ മാരകരോഗത്തിന് അടിപ്പെട്ടിരിക്കുന്നു എന്ന വാർത്ത ഒളിഞ്ഞും തെളിഞ്ഞും സിനിമാലോകത്ത് പ്രചരിച്ചുകൊണ്ടിരുന്ന കാലം. രക്തം മാറ്റാനായി ഇടയ്ക്കിടെ ചെന്നൈ കിൽപ്പോക്കിലെ കെ ജെ ഹോസ്പിറ്റലിൽ പോകും. പക്ഷേ, അതൊന്നും ആരും അറിയുന്നതിഷ്ടമല്ല സത്യന്. ചെന്നൈയിൽ നിന്ന് ബംഗളൂരുവിൽ വന്നിറങ്ങിയാൽ നേരെ സ്റ്റുഡിയോയിൽ ചെന്ന് മേക്കപ്പിട്ട് ക്യാമറക്ക് മുന്നിൽ ചെന്നു നിൽക്കും. അതായിരുന്നു രീതി. പുലർച്ചെ വരെ നീളും ചിലപ്പോൾ അഭിനയം.
.jpg?$p=47323d3&w=852&q=0.8)
താരതമ്യേന തുടക്കക്കാരനായ "മലബാറുകാരൻ" പയ്യനോട് സഹോദരനിർവിശേഷമായ വാത്സല്യമുണ്ട് സത്യന്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ ഒരിക്കൽ മേക്കപ്പ് റൂമിൽ കടന്നുചെന്ന് കയ്യിലെ പുസ്തകം ഹരിഹരന് കൈമാറുന്നു അദ്ദേഹം. "ഇതൊരു നല്ല കഥയാണ്. ഇതിന് തിരക്കഥ താൻ എഴുതണം. താൻ തന്നെ അത് സംവിധാനം ചെയ്യുകയും വേണം." സ്തംഭിച്ചുപോയെന്ന് ഹരിഹരൻ. അതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്. സത്യനെപ്പോലെ മനസ്സിൽ ആരാധനാവിഗ്രഹമായി കൊണ്ടുനടക്കുന്ന ഒരു മഹാകലാകാരൻ അങ്ങനെ പറഞ്ഞുകേൾക്കുമ്പോൾ എങ്ങനെ വിസ്മയിക്കാതിരിക്കും? "പ്രൊഡ്യൂസർ ആരെന്നതിനെ കുറിച്ച് താൻ വേവലാതിപ്പെടേണ്ട. ഞാൻ തന്നെ പടം നിർമിക്കും...." അതാ വരുന്നു അമ്പരപ്പിച്ചുകൊണ്ട് അടുത്ത വാഗ്ദാനം.

മനുഷ്യ മനസ്സിന്റെ നിഗൂഢതലങ്ങളും ബന്ധങ്ങളുടെ തീവ്രതയും ശൈഥില്യവുമെല്ലാം കടന്നുവരുന്ന കഥയാണ്. അന്തർധാരയായി ഫുട്ബാളുമുണ്ട്. മുഖ്യ കഥാപാത്രങ്ങളിലൊരാളായ പന്തുകളിക്കാരന്റെ വേഷം പ്രേംനസീർ അഭിനയിച്ചാൽ നന്നായിരിക്കും എന്നായിരുന്നു സത്യന്റെ അഭിപ്രായം. മാനസിക വെല്ലുവിളി നേരിടുന്ന നായികയുടെ റോളിൽ ഷീലയാകാം. ഇത്രയും നിർദേശങ്ങൾ മുന്നോട്ടുവെച്ച ശേഷം സത്യൻ മാസ്റ്റർ ഒടുവിൽ പറഞ്ഞ കാര്യമാണ് ഇന്നും ഹരിഹരന്റെ കണ്ണു നിറയ്ക്കുന്നത്: "പിന്നെ ഇതിലൊരു ഡോക്ടറുടെ റോളുണ്ട്. എന്നെ കൊള്ളാമെങ്കിൽ ഞാൻ ചെയ്യാം...." അത്രമാത്രം.
നോവലിന്റെ പേര് തന്നെ മതി സിനിമക്കും എന്നായിരുന്നു സത്യന്റെ അഭിപ്രായം: മനസ്സുകൾ സാഗരങ്ങൾ. ഭാസി മലാപ്പറമ്പിന്റെ കഥയുടെ ആത്മാവ് മുഴുവനുണ്ടല്ലോ ആ രണ്ടു വാക്കുകളിൽ.
"കുറച്ചു നാൾ കഴിഞ്ഞു ഷൂട്ടിങ്ങിനിടെ വീണ്ടും സത്യൻ മാസ്റ്റർ വിളിച്ചു. ചെന്നപ്പോൾ സെറ്റിലെ ഒരു കട്ടിലിൽ മലർന്നുകിടക്കുകയാണ് അദ്ദേഹം. ക്ഷീണിതനാണ്. എങ്കിലും ശബ്ദത്തിലെ ഊർജ്ജസ്വലതയ്ക്ക് കുറവില്ല. എഴുത്ത് ഏതു വരെ ആയി എന്നറിയണം അദ്ദേഹത്തിന്. പുരോഗമിക്കുന്നു എന്നായിരുന്നു എന്റെ മറുപടി." - ഹരിഹരന്റെ ഓർമ്മ. മുഖം തിരിച്ച് ഒരു നിമിഷം വിദൂരതയിൽ കണ്ണുനട്ട ശേഷം സത്യൻ മാസ്റ്റർ പതുക്കെ പറഞ്ഞു; ആത്മഗതമെന്നോണം: "ആ ഡോക്ടറുടെ വേഷമുണ്ടല്ലോ. ഞാനില്ലെങ്കിൽ അത് നമ്മുടെ മാധവൻ നായരെക്കൊണ്ട് ചെയ്യിക്കാം..."
"ഞാനില്ലെങ്കിൽ....." ആ വാക്ക് വല്ലാതെ മനസ്സിനെ നോവിച്ചുവെന്ന് ഹരിഹരൻ. അനിവാര്യമായ മരണം മുന്നിൽ കാണുന്നുണ്ടായിരുന്നോ അദ്ദേഹം? ഏതാനും ദിവസങ്ങൾ കൂടിയേ ജീവിച്ചിരുന്നുള്ളൂ സത്യൻ. 1971 ജൂൺ 15 നാണ് പ്രിയപ്പെട്ട നോവലിലെ പ്രിയപ്പെട്ട കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക എന്ന സ്വപ്നം ബാക്കിവെച്ച് സത്യൻ യാത്രയായത്. "അനുഭവങ്ങൾ പാളിച്ചകൾ"ക്ക് വേണ്ടി വയലാർ എഴുതിയ പോലെ "മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്ന" ദിവസം.
"സത്യന് ഏറ്റവും ഇണങ്ങുന്ന കഥാപാത്രമായിരുന്നു ആ മനഃശാസ്ത്രജ്ഞൻ. എന്തു ചെയ്യാം, മലയാളികൾക്ക് ആ വേഷപ്പകർച്ച ആസ്വദിക്കാൻ ഭാഗ്യമില്ലാതെ പോയി.." - അര നൂറ്റാണ്ടിനിപ്പുറവും ആ നഷ്ടബോധത്തിന്റെ ഓർമ്മകൾ ഉള്ളിൽ സൂക്ഷിക്കുന്ന "മനസ്സുകൾ സാഗരങ്ങ"ളുടെ രചയിതാവ് ഭാസി മലാപ്പറമ്പ് പറയുന്നു. "എഴുതിയ നോവലുകളിൽ എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നുനിൽക്കുന്ന ഒന്ന്. പലരും സിനിമയാക്കാൻ ശ്രമിച്ചതാണ്. പക്ഷേ നടന്നില്ല."
കോഴിക്കോട്ടെ പോളിടെക്നിക്കിൽ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമയ്ക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഭാസി എഴുതിയതാണ് "മനസ്സുകൾ സാഗരങ്ങൾ". പുസ്തകം പ്രസിദ്ധീകരിക്കുക എന്നാൽ ഇന്നത്തെപ്പോലെ എളുപ്പമല്ല അന്ന്. തുടക്കക്കാരന്റെ രചനയാണെങ്കിൽ പറയുകയും വേണ്ട. ചുരുക്കം പ്രസിദ്ധീകരണശാലകളേയുള്ളൂ കേരളത്തിൽ. ഭാഗ്യവശാൽ നാഷണൽ ബുക്ക് സ്റ്റാൾ ആ ദൗത്യം ഏറ്റെടുത്തു. ഇറങ്ങിയ കാലത്ത് ചർച്ച ചെയ്യപ്പെട്ട പുസ്തകമായിരുന്നു അതെന്നോർക്കുന്നു ഭാസി.
ഭാസി മലാപ്പറമ്പിനെ എട്ട് ലോകകപ്പുകൾ റിപ്പോർട്ട് ചെയ്ത ഫുട്‍ബോൾ ലേഖകനായാണ് എന്റെ തലമുറയ്ക്ക് പരിചയം. കളിമൈതാനത്തു നിന്ന് കളിയെഴുത്തിൽ എത്തിപ്പെട്ടയാൾ. സാമൂതിരി ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് പന്തു തട്ടിത്തുടങ്ങിയ ഭാസി ക്രിസ്ത്യൻ കോളേജിനും പോളിടെക്നിക്കിനും വേണ്ടി കളിച്ച ശേഷമാണ് കോഴിക്കോട്ടെ പ്രമുഖ ക്ലബ് ടീമായ യങ്ങ് ചലഞ്ചേഴ്‌സിന്റെ അണിയിലെത്തിയത്. വർഷങ്ങളോളം ചലഞ്ചേഴ്‌സിന്റെ വിശ്വസ്തനായ സ്റ്റോപ്പർ ബാക്കായിരുന്നു. ഇടയ്ക്ക് മൂന്ന് വർഷം അവരെ നയിച്ചു. ജില്ലാ ടീമിന്റെയും നായകനായി.
പോളിയിലെ വിദ്യാഭ്യാസത്തിനുശേഷം പി ഡബ്ലിയു ഡിയിൽ ഓവർസിയറായി ചേർന്ന ഭാസി സർവീസിൽ നിന്ന് വിരമിച്ചത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയാണ്. ജോലിയും കളിയെഴുത്തും ഒരുമിച്ചു കൊണ്ടുപോകാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് കരുതുന്നു ഭാസി. കളിയെഴുതാനുള്ള പ്രചോദനം സുഹൃത്തും നാസയിൽ ശാസ്ത്രജ്ഞനുമായിരുന്ന സുധാകരനായിരുന്നു. ഫുട്‍ബോളിന്റെ ഒരു എൻസൈക്ളോപീഡിയയാണ് സുധാകരൻ. പതുക്കെ ആ ആവേശവും ലഹരിയും ഭാസിയിലേക്കും പടരുന്നു.
ആദ്യം റിപ്പോർട്ട് ചെയ്തത് 1982 ലെ സ്പെയിൻ ലോകകപ്പ്. മാറഡോണ തിളങ്ങിയ 1986 ലെ മെക്സിക്കോ ലോകകപ്പ് ഉൾപ്പെടെ ഏഴ് ടൂർണമെന്റുകൾ കൂടി റിപ്പോർട്ട് ചെയ്യാൻ അവസരമുണ്ടായി. അവസാനം ചെന്നു കണ്ടത് 2014 ലെ ബ്രസീൽ ലോകകപ്പാണ്. ഇന്നത്തെപ്പോലെ വിവരസാങ്കേതികത വികസിച്ചിട്ടില്ലാത്ത കാലമായിരുന്നതിനാൽ, റിപ്പോർട്ടറുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾ നിരവധിയായിരുന്നുവെന്ന് ഭാസി. വിദേശത്തു നിന്ന് റിപ്പോർട്ടുകൾ അയക്കുന്നത് തന്നെ ദുഷ്കരം. ഇതിഹാസതുല്യരായ എത്രയോ കളിക്കാരുടെ കളി നേരിൽ കാണാനും അവരുമായി സംസാരിക്കാനും കഴിഞ്ഞു എന്നതാണ് കളിയെഴുത്തു ജീവിതം നൽകിയ സൗഭാഗ്യങ്ങളിൽ ഒന്ന്. പിന്നെ, എഴുതിയ പുസ്തകങ്ങൾ പലതും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു എന്ന അറിവും. സത്യൻ മാസ്റ്ററെപ്പോലൊരാൾ നമ്മുടെ രചന ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ വലിയൊരു ബഹുമതിയല്ലേ ?
എൺപത് പിന്നിട്ട ഭാസി കോഴിക്കോട്ടെ വീട്ടിൽ മകനോടൊപ്പം കഴിയുന്നു. പഴയപോലെ ഓർമ്മകൾ ചൊൽപ്പടിക്ക് നിൽക്കുന്നില്ല എന്നൊരു വിഷമം മാത്രം. "വെറുതെയിരിക്കുമ്പോൾ കളിയെഴുത്തുമായി നടന്ന പഴയ കാലം ഓർമ്മവരും. മത്സരങ്ങൾക്കെല്ലാം അപ്പുറത്ത് നിഷ്കളങ്കമായ സൗഹൃദമുണ്ടായിരുന്നു അന്നത്തെ മാധ്യമപ്രവർത്തകർക്കിടയിൽ. ജോലി വേറെ സൗഹൃദം വേറെ - അതായിരുന്നു അന്നത്തെ രീതി. ഇന്നിപ്പോൾ കാലം മാറി, സമീപനങ്ങളും."
%20(1).jpg?$p=92e8f70&w=852&q=0.8)
സത്യനെ നായകനാക്കി സംവിധാനത്തിൽ അരങ്ങേറ്റം കുറിക്കാനായില്ല എന്നത് ഹരിഹരന്റെ ജീവിതത്തിലെ നഷ്ടസൗഭാഗ്യങ്ങളിൽ ഒന്ന്. "സത്യൻ മാസ്റ്ററുടെ ഭൗതികദേഹം മീനമ്പാക്കത്തു നിന്ന് പറന്നുയരുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ കണ്ടു നിന്നതോർമയുണ്ട്. തിരികെ വീട്ടിലെത്തിയ ശേഷം ആദ്യം ചെയ്തത് പാതി പൂർത്തിയായ മനസ്സുകൾ സാഗരങ്ങളുടെ തിരക്കഥയെടുത്തു മറിച്ചുനോക്കുകയാണ്. എന്നെ സംവിധായകനായി കാണാൻ ആഗ്രഹിച്ച ആൾ ഇനിയില്ല എന്ന സത്യം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു. ആ തിരക്കഥ പിന്നീട് എഴുതി പൂർത്തിയാക്കാൻ തോന്നിയില്ല. സത്യൻ മാസ്റ്റർ ഏല്പിച്ച പുസ്തകം ഇന്നുമുണ്ട് എന്റെ ശേഖരത്തിൽ. ഐതിഹാസികമായ ഒരു യുഗത്തിന്റെ ഓർമ്മപ്പെടുത്തൽ പോലെ..." - ഹരിഹരൻ പറയുന്നു.
Content Highlights: Sathyan Manasukal Saagaram Hariharan Malayalam Cinema Unfulfilled Dream 1971 Bhasi Malapparambu
ABOUT THE AUTHOR
ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്.എം. മുൻ മ്യൂസിക്ക് ഹെഡ്
![]()
മാതൃഭൂമി.കോം വാട്സാപ്പിലും






English (US) ·