മാതൃഭൂമി ന്യൂസ്
30 April 2025, 05:15 PM IST

ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിർ | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിനോട് ഫ്ളാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് ഫ്ളാറ്റുടമയ്ക്ക് അസോസിയേഷൻ കത്തുനൽകി. രണ്ടുദിവസം മുൻപാണ് മറൈൻ ഡ്രാവിലെ സമീർ താഹിറിന്റെ ഫ്ളാറ്റിൽനിന്ന് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായത്.
തൃശ്ശൂർ സ്വദേശിയാണ് സമീർ താഹിർ താമസിക്കുന്ന ആഡംബര ഫ്ളാറ്റിന്റെ ഉടമ. ഈ ഫ്ളാറ്റ് സമീർ താഹിറിന് വാടകയ്ക്ക് നൽകിയിരുന്നതാണ്. ബുധനാഴ്ച ഫ്ളാറ്റ് അസോസിയേഷൻ അടിയന്തര യോഗം ചേർന്നിരുന്നു. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങൾക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും കാണിച്ചാണ് ഫ്ളാറ്റ് ഉടമയ്ക്ക് അസോസിയേഷൻ കത്തുനൽകിയത്. സമീർ താഹിറിനെ ഉടനടി ഫ്ളാറ്റിൽനിന്ന് ഒഴിപ്പിക്കണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ തുടർനടപടികളുണ്ടാവുമെന്നാണ് ഫ്ളാറ്റ് അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രമുഖരടക്കം താമസിക്കുന്ന ഫ്ളാറ്റാണിത്. ഉടമകളെക്കാൾ കൂടുതൽ വാടകക്കാരാണുള്ളത് എന്നതാണ് കൊച്ചി നഗരത്തിലെ ഫ്ളാറ്റുകൾ നേരിടുന്ന പ്രധാന പ്രതിസന്ധി. 260 യൂണിറ്റുകളാണ് ഇപ്പോൾ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കെട്ടിടസമുച്ചയത്തിലുള്ളത്. ഇതിൽ 200 എണ്ണത്തിൽ മാത്രമാണ് താമസക്കാരുള്ളത്. അതിൽത്തന്നെ നല്ലൊരു പങ്കും വാടകക്കാരാണ്.
കഴിഞ്ഞ കുറച്ചുനാളുകളായി സമീർ താഹിർ താമസിക്കുന്ന ഫ്ളാറ്റ് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചത്. ഏറ്റവുമൊടുവിലാണ് സംവിധായകരായ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും എക്സൈസ് പിടികൂടിയത്. സ്ഥിരം ലഹരി ഉപയോഗത്തിനുള്ള ഇടത്താവളമായാണ് സമീർ താഹിറിന്റെ ഫ്ളാറ്റിനെ എക്സൈസ് അധികൃതർ കാണുന്നത്. ഇതെല്ലാമാണ് കർശനമായ നടപടിയിലേക്ക് നീങ്ങാൻ ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ പ്രേരിപ്പിച്ചത്.
Content Highlights: Kochi level relation demands eviction of manager Samir Thahir aft hybrid cannabis seizure





English (US) ·