
ബി. സരോജാ ദേവി, പരമദാസൻ | Photo: PTI, Special Arrangement
മുഹമ്മ(ആലപ്പുഴ): ‘എംജിആർ- സരോജാദേവി നടിക്കും പടം ‘പടഗോട്ടി’ മുഹമ്മ ഹോബി ടാക്കീസിൽ ഉടൻ വരുന്നു’. 1964-ൽ കേട്ട ഈ അനൗൺസ്‌മെന്റിനു പിന്നാലെ ടാക്കീസ് നിറഞ്ഞു. എംജിആറിനെയും ബി. സരോജാദേവിയെയും മാത്രം കാണാനായിരുന്നില്ല ആളുകളുടെ ഇടിച്ചുകുത്തിയുള്ള വരവ്. മുഹമ്മക്കാരുടെ ദാസൻ എന്ന പരമദാസനെ കാണാൻ കൂടിയായിരുന്നു അത്.
സിനിമയിൽ സരോജാദേവിയുടെ മുത്തഴഗി എന്ന കഥാപാത്രത്തിന്റെ സാഹസികരംഗങ്ങൾക്കു ജീവൻ നൽകിയത് ഡ്യൂപ്പായ ദാസനായിരുന്നു. വെള്ളവും വള്ളവും നിറഞ്ഞ പാതിരാമണലിലെ സിനിമ ചിത്രീകരണം സരോജയ്ക്ക് ദുഷ്കരമായതോടെയാണ് ഡ്യൂപ്പിനെ വെച്ചത്.
സരോജാദേവിയോടു സാമ്യമുള്ള ഒരുപാടു സ്ത്രീകളെ നാട്ടിൽനിന്നും അല്ലാതെയും കൊണ്ടുവന്നു. പക്ഷേ, സംവിധായകൻ ടി. പ്രകാശ് റാവുവിനു തൃപ്തിയായില്ല. അതിനിടെയാണ് കുമ്മിയടിയും കൈകൊട്ടിക്കളിയുമായി നടക്കുന്ന ചായക്കടക്കാരൻ ദാസനെക്കുറിച്ച് സിനിമക്കാരോട് ആരോ പറഞ്ഞത്.
ഉടൻ അവർ ദാസന്റെ വീട്ടിലെത്തി. കാര്യം പറഞ്ഞപ്പോൾ ദാസേട്ടൻ സമ്മതിക്കുകയായിരുന്നുവെന്ന് ഭാര്യ ബേബിദാസ് (ലളിതാ ദാസ്) ഓർക്കുന്നു.
മേക്കപ്പ്‌മാൻ ദാസനെ പെൺവേഷം കെട്ടിച്ചു. ഒറ്റനോട്ടത്തിൽ സരോജാദേവി തന്നെ. നാട്ടുകാർക്കുപോലും സരോജാദേവിയെയും ദാസനെയും തിരിച്ചറിയാനായില്ലെന്ന് അന്ന് ഷൂട്ടിങ് കണ്ടവർ പറയുന്നു.
സരോജാദേവിയുടെ കഥാപാത്രം വള്ളം തുഴയുന്ന രംഗങ്ങളിലെല്ലാം അഭിനയിച്ചത് ദാസനാണ്. അങ്ങനെ, എംജിആറിനൊപ്പം ദാസനും അന്ന് ഹീറോയായി. ആ സിനിമയ്ക്കുശേഷം സരോജാദേവിയുടെ ഡ്യൂപ്പായി പിന്നെയും വിളിവന്നു. ‘വിവാഹം കഴിഞ്ഞ സമയമായിരുന്നതിനാൽ അദ്ദേഹത്തെ വിടാൻ മനസ്സുവന്നില്ല’- ബേബി പറഞ്ഞു. ദാസന്റെ അച്ഛൻ വാവയും ബേബിയെ പിന്തുണച്ചു. സിനിമയിൽ അഭിനയിക്കുമ്പോൾ ദാസന് 30 വയസ്സായിരുന്നു. 1995-ൽ മരിച്ചു.
Content Highlights: Story of Dasan, the unsung leader who doubled for Saroja Devi successful the classical Tamil movie Padagotti
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·