സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി; 'വീട്ടില്‍ കയറി വകവരുത്തും, കാര്‍ ബോംബുവെച്ച് തകര്‍ക്കും', അന്വേഷണം

9 months ago 9

14 April 2025, 11:05 AM IST

salman khan

സൽമാൻ ഖാൻ | Photo: AFP

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. വീട്ടില്‍ കടന്നുകയറി താരത്തെ വധിക്കുമെന്നും അദ്ദേഹത്തിന്റെ കാര്‍ ബംബുവെച്ച് തകര്‍ക്കുമെന്നുമാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വൊര്‍ളി പോലീസ് സ്‌റ്റേഷനില്‍ അജ്ഞാത വ്യക്തിക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുംബൈ ഗതാഗത വകുപ്പിന്റെ വൊര്‍ളി ഓഫീസില്‍ വാട്‌സാപ്പ് മെസേജായാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും ആധികാരികത സംബന്ധിച്ചുമാണ് ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തുന്നത്.

അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്‍മാന്‍ ഖാന് നിരവധി വധഭീഷണികള്‍ വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. മുംബൈയിലെ അദ്ദേഹത്തിന്റെ വീടായ ഗാലക്സി അപാര്‍ട്മെന്റിലെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസും വൈദ്യുതിവേലിയും അടുത്തിടെ സ്ഥാപിച്ചിരുന്നു. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്‌കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനവേലിലുള്ള സല്‍മാന്റെ ഫാം ഹൗസിലും സെക്യൂരിറ്റികളുടെ ഒരു നീണ്ടനിരയുണ്ട്. അതിനിടെയാണ് വീണ്ടും വധഭീഷണി സന്ദേശം.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ ബിഷ്ണോയ് സമുദായത്തില്‍നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. ജോധ്പുരില്‍ വെച്ച് സല്‍മാന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ഭീഷണി മുഴക്കിയത്. പിന്നീട് കഴിഞ്ഞ ഏപ്രില്‍ 14-ന് ഗാലക്സി അപാര്‍ട്മെന്റിന് നേരെ വെടിവെപ്പുണ്ടായിരുന്നു. പുലര്‍ച്ചെയായിരുന്നു ആക്രമണം. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സല്‍മാന്റെ അപാര്‍ട്മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബിഷ്ണോയിയുടെ സംഘമാണ് ഇതിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. ജനുവരിയില്‍ രണ്ട് അജ്ഞാതര്‍ വ്യാജപ്പേരില്‍ തന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നെന്ന് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.

Content Highlights: histrion salman khan gets different decease threat, lawsuit filed

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article