03 April 2025, 10:23 AM IST

സിക്കന്ദറിന്റെ പോസ്റ്റർ | Photo: facebook.com/BeingSalmanKhan
ഏറെ പ്രതീക്ഷയോടെയെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം സിക്കന്ദര്‍ ബോക്‌സ് ഓഫീസില്‍ കിതയ്ക്കുന്നു. എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ ഈദ് റിലീസായെത്തിയ ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരുന്നത്. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുവന്ന മോശം റിപ്പോര്‍ട്ടുകള്‍ ചിത്രത്തിന് തിരിച്ചയിയായി. ബുധനാഴ്ച (ഏപ്രില്‍ 2) ചിത്രത്തിന്റെ വരുമാനത്തില്‍ 50 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബോക്‌സ് ഓഫീസ് ട്രാക്കര്‍ സാക്‌നില്‍ക് റിപ്പോര്‍ട്ടുകള്‍ പ്രകാരം ബുധനാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ 9.75 കോടി രൂപയാണ്.
മാര്‍ച്ച് 30-ന് റിലീസ് ചെയ്ത സിക്കന്ദര്‍, ആദ്യ ദിവസം 26 കോടി രൂപയാണ് ഇന്ത്യയില്‍നിന്ന് നേടിയത്. അടുത്ത ദിവസം ചിത്രം 29 കോടി രൂപയും ചൊവ്വാഴ്ച (ഏപ്രില്‍ ഒന്ന്) 19.5 കോടി രൂപയും നേടി. എന്നാല്‍ ബുധനാഴ്ച ചിത്രത്തിന്റെ ഇന്ത്യയിലെ കളക്ഷന്‍ 9.75 കോടി രൂപയായി ഇടിഞ്ഞു. 200 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ക്ക് ശേഷം ആഭ്യന്തര ബോക്‌സ് ഓഫീസില്‍നിന്ന് ആകെ 84.25 കോടി രൂപയാണ് നേടിയത്. 35 കോടി വിദേശ വിപണിയില്‍ നിന്ന് കളക്ട് ചെയ്തതോടെ ലോകമെമ്പാടുമായി 123.75 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ സല്‍മാന്‍ ഖാന്‍ ഫിലിംസ് അവകാശപ്പെട്ടത് ചിത്രം ആഗോളതലത്തില്‍ 141.5 കോടി രൂപ നേടിയെന്നാണ്.
മോശം പ്രതികരണങ്ങളെ തുടര്‍ന്ന് മിക്കയിടങ്ങളിലും ആളില്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈദിന് ശേഷം സിക്കന്ദറിന്റെ പ്രദര്‍ശനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ തിയേറ്ററുകള്‍ തീരുമാനിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂറത്ത്, അഹമ്മദാബാദ്, ഭോപ്പാല്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലും ഷോകള്‍ വെട്ടിക്കുറച്ചു. ഈദ് ദിനത്തില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതിനും 10 നും ഇടയില്‍ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയില്ലെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ സിനിമയുടെ പരാജയത്തില്‍ നിരാശ പ്രകടിപ്പിച്ച് സല്‍മാന്‍ ഖാനും രംഗത്തെത്തി. ബോളിവുഡിന്റെ പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്നാണ് സല്‍മാന്റെ പരാതി. മറ്റുള്ള താരങ്ങളുടെ സിനിമ താന്‍ പ്രമോട്ട് ചെയ്യാറുണ്ടെന്നും എന്നാല്‍ തന്റെ സിനിമയെക്കുറിച്ച് ബോളിവുഡ് മുഴുവന്‍ മൗനത്തിലാണെന്നും സല്‍മാന്‍ പറഞ്ഞു. മറ്റുള്ളവര്‍ ചിന്തിക്കുന്നത് തനിക്ക് പിന്തുണയുടെ ആവശ്യം ഇല്ലെന്നാണ്. എന്നാല്‍ അതങ്ങനെയല്ല.ഞാനും പിന്തുണ അര്‍ഹിക്കുന്നുവെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Salman Khan Film Sikandar Sees Massive 50% Drop, Mints Rs 9.75 Crore
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·