17 September 2025, 08:24 AM IST
"സെപ്റ്റംബർ 19-ന് നിശ്ചയിച്ചിരുന്ന റീറിലീസ് മാറ്റിവെച്ചിട്ടുണ്ടെന്നത് ചാനൽ വാർത്തകളിൽനിന്നാണ് മനസ്സിലാക്കിയത്. ഇതിന്റെ കാരണമറിയില്ല. സാമ്രാജ്യത്തിന്റെ രണ്ടാംഭാഗം ഇറങ്ങിയതും എന്റെ അറിവോ സമ്മതമോ കൂടാതെയാണ്."

സാമ്രാജ്യം എന്ന ചിത്രത്തിന്റെ പോസ്റ്റർ, സംവിധായകൻ ജോമോൻ | ഫോട്ടോ: അറേഞ്ച്ഡ്, വി.പി. പ്രവീൺകുമാർ | മാതൃഭൂമി
രാമനാട്ടുകര: മമ്മൂട്ടി നായകനായെത്തിയ ‘സാമ്രാജ്യം’ എന്ന തന്റെ കന്നിച്ചിത്രം ഫോർ കെ ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യാമികവോടെ റീ റിലീസിനൊരുങ്ങുന്നത് തന്റെ അറിവോടെയല്ലെന്ന് സംവിധായകൻ ജോമോൻ. ‘യൂട്യൂബിലിറങ്ങിയ ട്രെയിലർ കണ്ടപ്പോഴാണ് ഇക്കാര്യമറിയുന്നത്. അത് ഏറെ വിഷമമുണ്ടാക്കി’ -കോഴിക്കോട് ചെറുവണ്ണൂരിലെ വീട്ടിലിരുന്ന് ജോമോൻ പറഞ്ഞു.
‘നിർമാതാവായ അജ്മൽഹസന്റെ താത്പര്യപ്രകാരം മാത്രമാണ് ചിത്രം വീണ്ടുമെത്തുന്നത്. ഇതുസംബന്ധിച്ച് താനുമായി നിർമാതാവ് ഒരു ചർച്ചയും നടത്തിയിട്ടില്ല. വളരെ വികലമായാണ് ട്രെയിലർ ഇറക്കിയിട്ടുള്ളത്. ചിത്രത്തിന്റെ സംഗീതസംവിധായകനായ ഇളയരാജയ്ക്ക് പകരം മറ്റൊരാളുടെ സംഗീതശകലങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നത്. സെപ്റ്റംബർ 19-ന് നിശ്ചയിച്ചിരുന്ന റീറിലീസ് മാറ്റിവെച്ചിട്ടുണ്ടെന്നത് ചാനൽ വാർത്തകളിൽനിന്നാണ് മനസ്സിലാക്കിയത്. ഇതിന്റെ കാരണമറിയില്ല. സാമ്രാജ്യത്തിന്റെ രണ്ടാംഭാഗം ഇറങ്ങിയതും എന്റെ അറിവോ സമ്മതമോ കൂടാതെയാണ്.
1990-കളിൽ പുറത്തിറങ്ങിയ ‘സാമ്രാജ്യം’ എന്ന ചിത്രം അക്കാലത്തെ ട്രെൻഡ്‌സെറ്ററായിരുന്നു. തെലുങ്കുനാട്ടിൽ നാനൂറിലേറെ ദിവസം ഓടിയ ചിത്രമാണിത്. തെലുങ്കിലെ സൂപ്പർനടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഏക മലയാളചിത്രവും ‘സാമ്രാജ്യ’മാണ്. എന്നിട്ടും ചിത്രത്തിന് ഈയൊരവസ്ഥ ഉണ്ടായത് വിഷമിപ്പിച്ചെന്ന് ജോമോൻ പറഞ്ഞു.
പുതിയൊരു സിനിമയുമായി വീണ്ടും മലയാളത്തിൽ സജീവമാകാനൊരുങ്ങുകയാണ് അദ്ദേഹം.
Content Highlights: "Samraajyam" Re-Release Controversy: Director Jomon Unaware of 4K Dolby Atmos Version
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·