സിങ്കപ്പൂരിലെ സ്കൂളിൽ വൻ തീപ്പിടിത്തം; പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു, ശ്വാസതടസവും

9 months ago 8

വിശാഖപട്ടണം: സിങ്കപ്പുർ റിവർ വാലിയിലെ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഇളയമകൻ മാർക്ക് ശങ്കറിന് പരിക്ക്. മാർക്കിന് ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി പരിക്കുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ ഒരാൾ മരിച്ചെന്ന് റിപ്പോർട്ടുണ്ട്. വിവരമറിഞ്ഞതിനെത്തുടർന്ന് ഔദ്യോ​ഗികപരിപാടികളെല്ലാം റദ്ദാക്കി സിങ്കപ്പൂരിലേക്ക് തിരിച്ചിരിക്കുകയാണ് പവൻ കല്യാൺ.

ചൊവ്വാഴ്ചയാണ് പവൻ കല്യാണിന്റെ മകൻ പഠിക്കുന്ന സിങ്കപ്പൂരിലെ സ്കൂളിൽ തീപ്പിടിത്തമുണ്ടായത്. മാർക്കിന്റെ കൈകളിലും കാലുകളിലും പൊള്ളലേറ്റു. പുക ശ്വസിച്ചതിനാൽ ശ്വാസതടസവും അനുഭവപ്പെട്ടു. പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ. അപകട വിവരം അറിയുമ്പോൾ അല്ലൂരി സീതാരാമ രാജു ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പവൻ കല്യാൺ. ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കിയാണ് അദ്ദേഹം സിങ്കപ്പൂരേക്ക് തിരിച്ചത്. ഇക്കാര്യങ്ങൾ പവൻ കല്യാണിന്റെ ജനസേനാ പാർട്ടി എക്സിലൂടെ അറിയിച്ചിട്ടുണ്ട്.

അപകടവിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി പവൻ കല്യാണുമായി ഫോണിൽ സംസാരിച്ചു. മാർക്ക് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചതായും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയതായും മന്ത്രിയും ജനസേനാ പാർട്ടി നേതാവുമായ നഡേന്ദ്ല മനോഹർ അറിയിച്ചു.

സംഭവത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ മുഖ്യമന്ത്രിയും വൈഎസ്ആർ കോൺ​ഗ്രസ് പാർട്ടി നേതാവുമായ വൈ.എസ് ജ​ഗൻമോഹൻ റെഡ്ഡി എന്നിവർ നടുക്കം രേഖപ്പെടുത്തി. സിങ്കപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർക്ക് ശങ്കർ വേഗം സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്ന് ചന്ദ്രബാബു നായിഡു സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.

സിങ്കപ്പൂരിലെ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ പവൻ കല്യാണിന്റെ മകൻ മാർക്ക് ശങ്കറിന് പരിക്കേറ്റ വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്ന് വൈ.എസ് ജ​ഗൻമോഹൻ റെഡ്ഡി പറഞ്ഞു. ഈ സങ്കടകരമായ സമയത്ത് താൻ പവൻ കല്യാണിന്റെ കുടുംബത്തോടൊപ്പമാണ്. മാർക്കിന് വേഗത്തിലും പൂർണ്ണസുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും ജ​ഗൻ മോഹൻ റെഡ്ഡി പറഞ്ഞു.

ആന്ധ്രാ പ്രദേശ് ​ഗവർണർ എസ്.അബ്ദുൾ നസീറും അപകടവിവരമറിഞ്ഞ് ആശങ്ക പ്രകടിപ്പിച്ചു. തീപ്പിടിത്തത്തിൽ 15 പേർക്ക് പരിക്കുണ്ട്. പവൻ കല്യാണിന്റെ സഹോദരനും നടനുമായ ചിരഞ്ജീവിയും ഭാര്യയും വിവരമറിഞ്ഞ് സിങ്കപ്പൂരേക്ക് തിരിച്ചിട്ടുണ്ട്.

Content Highlights: Pawan Kalyan`s Son Injured successful Singapore School Fire

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article