മാതൃഭൂമി ന്യൂസ്
18 April 2025, 10:42 AM IST

നടി വിൻ സി അലോഷ്യസ് | സ്ക്രീൻഗ്രാബ്
കൊച്ചി: നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ മൊഴിയെടുക്കാൻ എക്സൈസ് അനുമതി തേടി. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ താത്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നും വിൻസിയുടെ കുടുംബം പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകാനില്ലെന്ന് വിൻ സി കഴിഞ്ഞദിവസംതന്നെ വ്യക്തമാക്കിയിരുന്നു. ആരോപിക്കപ്പെട്ടയാളുടേയും സിനിമയുടെ പേരും പുറത്തുവന്നതിൽ അവർ അമർഷവും സങ്കടവും പ്രകടിപ്പിച്ചിരുന്നു.
പ്രതികരണമെല്ലാം അവസാനിപ്പിക്കുന്നുവെന്നും പറയാനുള്ളതെല്ലാം കഴിഞ്ഞദിവസം പറഞ്ഞുതീർത്തതാണെന്നും വിൻ സി വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് കുടുംബവും ഇതേ നിലപാട് സ്വീകരിച്ചിരിക്കുന്നത്. കൊച്ചിയിൽനിന്നുള്ള എക്സൈസ് സംഘമാണ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ വിൻ സിയുടെ അനുമതി തേടിയത്. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ താത്പര്യമില്ലെന്ന് നടിയുടെ അച്ഛൻ അറിയിക്കുകയായിരുന്നു.
ഷൈൻ ടോം ചാക്കോയുടേയോ സിനിമയുടേയോ പേര് പുറത്തുവിടരുതെന്ന് തന്നോട് സംസാരിച്ച സംഘടനകളോടും വ്യക്തികളോടും നൂറുവട്ടം പറഞ്ഞതാണെന്ന് വിൻ സി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നിട്ടും അവരത് ചെയ്തിട്ടുണ്ടെങ്കിൽ എന്താണ് അവരുടെ ബോധമെന്നും വിൻ സി ചോദിച്ചു. ആ ബോധമില്ലായ്മയുടെ കയ്യിലാണല്ലോ പരാതി സമർപ്പിച്ചത് എന്ന കുറ്റബോധമാണ് ഇപ്പോൾ തനിക്കുള്ളതെന്നും അവർ പറഞ്ഞു.
ആ നടന്റെ പേര് പുറത്തുപറഞ്ഞാൽ സമൂഹത്തിനുമുന്നിൽ ഹീറോ ആകുമെന്ന് അറിയാം. സിനിമയുടെ പേരിനെ മോശമാക്കാൻ പറ്റില്ല എന്നതുകൊണ്ട് പരാതിപ്പെടാതിരുന്നിട്ടുണ്ട്. എങ്കിലും ആ സിനിമയിൽ പ്രവർത്തിച്ച സഹപ്രവർത്തകയും വിഷമം അറിയിച്ചിട്ടുണ്ട്. ഒരു വ്യക്തി പരാതിപ്പെടാതിരിക്കാനുള്ള കാരണങ്ങൾ പലതായിരിക്കും. ചിലപ്പോൾ ഭയമായിരിക്കും. നിലപാടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമെന്നല്ലാതെ ഇനി ഒരു പ്രശ്നം വന്നാൽ പരാതിയുമായി എവിടേയും പോവില്ല. ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞ് ചുക്കാൻ പിടിക്കുന്നവർ ആദ്യം നന്നാവട്ടെ. എന്നിട്ട് പ്രജകളെ നന്നാക്കാമെന്നും വിൻ സി വിമർശിച്ചിരുന്നു.
Content Highlights: Vincy Aloshious refuses Excise inquiry
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·