സ്വന്തം ലേഖിക
21 April 2025, 12:24 PM IST

സിയാദ് കോക്കർ| ഫോട്ടോ: സിദ്ദീഖുൽ അക്ബർ
കൊച്ചി: ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമയിൽ ഇപ്പോൾ ഉയർന്ന് കേൾക്കുന്ന രണ്ട് പേരുകൾക്കപ്പുറത്ത് പല മുതിർന്ന താരങ്ങളും ലഹരി ഉപയോഗിക്കുന്നകാര്യം അറിയാമെന്നും എന്നാൽ അവരുടെ ആരുടേയും പേര് പുറത്ത് വരുന്നില്ലെന്നും നിർമാതാവ് സിയാദ് കോക്കർ. സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം വേണമെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങളെ വിശകലനം ചെയ്യുമെന്നും സിയാദ് കോക്കർ പറഞ്ഞു.
ഇന്ന് മലയാള സിനിമയിൽ വളരെ വൈബ്രന്റ് ആയി നിൽക്കുന്ന പലരും ലഹരി ഉപയോഗിക്കുന്നതായി അറിയാം. അവരുടെ ആരുടേയും പേരെടുത്ത് പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം അതിനുള്ള തെളിവുകൾ ഇപ്പോൾ കൈയിലില്ല.
സിനിമ മേഖലയിലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വിവാദങ്ങളിൽപ്പട്ട പലരേയും മുൻപ് മാറ്റി നിർത്തി പല പരീക്ഷണങ്ങളും നടത്തിയിരുന്നു. അന്ന് നിങ്ങൾക്ക് തൊഴിലവസരം നിഷേധിക്കാനുള്ള അധികാരമുണ്ടോയെന്നാണ് പലരും ചോദിച്ചത്. എന്നാൽ അതൊന്നും ഞങ്ങൾ കാര്യമായെടുക്കുന്നില്ല. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും ഷൈൻ ടോം ചാക്കോയ്ക്കെതിരേ ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദങ്ങളെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശകലനം ചെയ്യുമെന്നും സിയാദ് കോക്കർ പറഞ്ഞു.
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ പേരുകളാണ് മാധ്യമങ്ങളും ജനങ്ങളുമെല്ലാം പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ വിപുലമായ അന്വേഷണം ആരും നടത്തുന്നില്ല. ഇവർ മാത്രമാണോ ലഹരി ഉപയോഗിക്കുന്നത്. ഇവർക്ക് മുകളിലുള്ള പലരും ഉപയോഗിക്കുന്നതായി അറിയാം. എന്നാൽ അവരാരും പുറത്ത് വരുന്നില്ല. സിനിമ നിർമാണത്തെ ബാധിക്കാത്ത രീതിയിൽ ഷാഡോ പോലീസ് ഉൾപ്പെടെയുള്ള പരിശോധനകൾ വേണമെന്നതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അഭിപ്രായമെന്നും അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സിയാദ് കോക്കർ പറഞ്ഞു.
ഒരു ക്യാമറാമാൻ കഞ്ചാവുമായി സിനിമ സെറ്റിലേക്ക് പോകുന്ന വഴിക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ അന്വേഷണം എവിടം വരെയായി. ആർക്ക് വേണ്ടിയാണ് കൊണ്ടുപോയത് എവിടെ നിന്ന് കിട്ടി എന്നതെല്ലാം അന്വേഷിക്കണം. അങ്ങനെയേ ഇതിനെ തുടച്ചു നീക്കാനായി സാധിക്കുകയുള്ളൂ. അയാളെ അറസ്റ്റ് ചെയ്യുന്നു എന്നതിന് അപ്പുറത്ത് മറ്റ് വിവരങ്ങളൊന്നും പുറത്ത് വരുന്നില്ലായെന്നുള്ളതാണ് സത്യം. അതെല്ലാം പുറത്ത് വന്നാൽ മാത്രമേ ഇതിനെ തുടച്ചു നീക്കാനായി സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു
Content Highlights: Malayalam Film Industry Drug Scandal: Producer Siyad Kokker Speaks Out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·