13 September 2025, 11:44 AM IST

Photo: Instagram, AFP
സിനിമാ മേഖലയില്‍ നിന്നല്ലാത്തവരെ പോലും ചാമ്പ്യന്മാരാക്കുന്ന വ്യക്തിയാണ് കരണ്‍ ജോഹര്‍ എന്ന് നടി തമന്ന ഭാട്ടിയ. വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി സിനിമകള്‍ നിര്‍മിക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കുന്നുണ്ടെന്നും ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞു.
'ഒരു വ്യക്തിയെന്ന നിലയില്‍ ഊഷ്മള വ്യക്തിത്വത്തിനുടമയാണ് കരണ്‍ ജോഹര്‍ എന്നാണ് ഞാന്‍ കരുതുന്നത്. സിനിമാ വ്യവസായത്തില്‍ നിന്നുള്ളവരെയും ഒപ്പം സിനിമയ്ക്ക് പുറത്തുനിന്നുള്ളവരെയും അദ്ദേഹം പിന്തുണയ്ക്കുന്നു.' തമന്ന പറഞ്ഞു.
കരണ്‍ സ്ത്രീകളെ മനസിലാക്കുന്നുണ്ടെന്നും ആഴത്തിലുള്ള ധാരണ അവരെ കുറിച്ചുണ്ടെന്നും തമന്ന പറഞ്ഞു. എന്നാല്‍ ആ നിലയില്‍ അദ്ദേഹം തിരിച്ചറിയപ്പെട്ടിട്ടില്ല. വര്‍ഷങ്ങളായി അത് തുടരുന്ന വ്യക്തിയാണ് കരണ്‍. സിനിമാ മേഖലയില്‍ തന്റെ ഉത്തരവാദിത്വമെന്തെന്ന് മനസിലാക്കുന്നുണ്ടെന്നും അഭിമാനത്തോടെ അദ്ദേഹമത് നിര്‍വഹിക്കുന്നുവെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.
അതേസമയം താരസന്തതികള്‍ക്ക് അവസരം നല്‍കുന്നതില്‍ വലിയ വിമര്‍ശനം നേരിടുന്ന വ്യക്തിയാണ് കരണ്‍ ജോഹര്‍. കോഫി വിത്ത് കരണ്‍ 5 പരിപാടിയില്‍ നെപ്പോട്ടിസത്തിന്റെ പതാക വാഹകന്‍ എന്നാണ് നടി കങ്കണ റണൗട്ട് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അന്ന് മുതല്‍ ഇതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് പാത്രമാണ് കരണ്‍ ജോഹര്‍.
തമന്ന മുഖ്യവേഷത്തിലെത്തുന്ന കോമഡി വെബ്‌സീരീസ് 'ഡൂ യൂ വാണ പാര്‍ട്ട്‌നര്‍' ന്റെ നിര്‍മാതാവാണ് കരണ്‍ ജോഹര്‍. ഡയാന പെന്റി, ജാവേദ് ജാഫെരി, നകുല്‍ മേത്ത, ശ്വേത തിവാരി തുടങ്ങി നിരവധി താരങ്ങള്‍ വെബ്‌സീരീസില്‍ അണിനിരക്കുന്നുണ്ട്. സെപ്റ്റംബര്‍ 12 നാണ് ആമസോണ്‍ പ്രൈമില്‍ വെബ്‌സീരീസിന്റെ സ്ട്രീമിങ് ആരംഭിച്ചത്.
Content Highlights: Tamannaah Bhatia lauds Karan Johar for supporting some manufacture insiders and outsiders.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·