
ഡോ. പ്രിൻസി ഫ്രാൻസിസ്, പ്രിയദർശന്റെ 'ഒപ്പം' സിനിമയിൽ പ്രിൻസിയുടെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ച രംഗം
'ഒരാളുടെ ചിത്രവും അവരുടെ അനുവാദം കൂടാതെ ഉപയോഗിക്കാന്‍ പാടില്ല. വീട്ടമ്മയാണെങ്കില്‍ പോലും ഏതൊരു സ്ത്രീയ്ക്കും അന്തസ്സുണ്ടെന്ന് എല്ലാവരും തിരിച്ചറിയണം. അതിനായിരുന്നു ഈ പോരാട്ടം..' പറയുന്നത് കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജ് അധ്യാപികയായ ഡോ.പ്രിന്‍സി ഫ്രാന്‍സിസാണ്. പ്രിന്‍സി ടീച്ചറുടെ എട്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തില്‍ വിധി വന്നത് ഇക്കഴിഞ്ഞ ദിവസമാണ്. അനുവാദമില്ലാതെ ടീച്ചറുടെ ഫോട്ടോ ഒപ്പം എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയതിന് എതിര്‍കക്ഷികളായത് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകന്‍ പ്രിയദര്‍ശനും. പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 1,68,000 രൂപയും നല്‍കാനാണ് ചാലക്കുടി മുന്‍സിഫ് എം.എസ്. ഷൈനിയുടെ വിധി.
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒപ്പം സിനിമയുടെ 29-ാം മിനിറ്റില്‍ പോലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് ഡോ. പ്രിന്‍സി ഫ്രാന്‍സിസിന്റെ ചിത്രം നല്‍കിയത്. ഓണാവധി അടിപൊളിയായി തുടങ്ങാന്‍ ഒരു സിനിമ കാണാന്‍ കയറുമ്പോള്‍ ജീവിതം മാറിമറിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രിന്‍സി ടീച്ചര്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
'2016-ലെ ഓണാവധിയായിരുന്നു അത്. അവധിക്കാലം അടിപൊളിയായി തുടങ്ങാമെന്ന് കരുതിയാണ് കുടുംബവുമൊത്ത് സിനിമയ്ക്ക് പോകാമെന്ന് തീരുമാനിച്ചത്. സിനിമ കണ്ടപ്പോഴാണ് ഈ രംഗം ശ്രദ്ധയില്‍ പെടുന്നത്. ആകെ ഷോക്കായി പോയി. മക്കളന്ന് ചെറിയ കുട്ടികളാണ്. ആ സീനില്‍ എന്റെ ഫോട്ടോ കണ്ടതും 'ദേ മമ്മി' എന്നും പറഞ്ഞ് അവര്‍ ബഹളം വെക്കാന്‍ തുടങ്ങി. സിനിമ മുഴുവനാക്കാനുള്ള മാനസികാവസ്ഥ പോലുമില്ലായിരുന്നു. എങ്ങനെ ഇത് സംഭവിച്ചു എന്ന് ആലോചിച്ച് തലപുകച്ചു.'
അവധി കഴിഞ്ഞ് കോളേജിലെത്തിയതോടെയാണ് കാര്യങ്ങള്‍ കയ്യില്‍ നിന്ന് പോയെന്ന് തിരിച്ചറിയുന്നതെന്ന് പ്രിന്‍സി ടീച്ചര്‍ പറയുന്നു. അപ്പോഴേക്ക് എല്ലാവരും സിനിമ കണ്ടിരുന്നു. പലരും 'ആഹാ തട്ടിപ്പോയില്ലേ' എന്നെല്ലാം പറഞ്ഞ് കളിയാക്കാനും തുടങ്ങി. 'പറയുന്നവര്‍ക്ക് അതൊരു തമാശയാണ്. പക്ഷേ അത് എന്നെ ബാധിച്ചത് മോശമായാണ്. ഒപ്പം സിനിമ കണ്ട ബന്ധുക്കളും നാട്ടുകാരുമെല്ലാം ഇത് തന്നെ ചോദിക്കാന്‍ തുടങ്ങിയതോടെ മാനസികമായി തളര്‍ന്നു തുടങ്ങി. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബമാണ് ഞങ്ങളുടേത്. സാധാരണക്കാരാണ്.'
'അതോടെയാണ് ഇതില്‍ ഒരു തീരുമാനമാക്കണമെന്ന് ചിന്തിച്ച് തുടങ്ങിയത്. ആദ്യം സിനിമയുടെ ആര്‍ട് ഡയറക്ടറെയാണ് ബന്ധപ്പെട്ടത്. നിങ്ങള്‍ക്കങ്ങനെ ഒരു പ്രശ്‌നം ഉണ്ടെങ്കില്‍ കേസിന് പൊക്കോളാനാണ് അയാള്‍ പറഞ്ഞത്. അങ്ങനെയാണ് വക്കീലിനെ കണ്ട് നോട്ടീസ് അയക്കുന്നത്. അതിനൊന്നും ഒരു മറുപടിയുമുണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ഒരു അലച്ചിലായിരുന്നു. ആദ്യം എറണാകുളം സൈബര്‍ പോലീസിനെ കണ്ടു. കാരണം ഇന്റര്‍നെറ്റില്‍ നിന്നാണല്ലോ ചിത്രം എടുത്തത്. വീടിരിക്കുന്ന സ്റ്റേഷന്‍ പരിധിയിലാണ് കേസ് കൊടുക്കേണ്ടതെന്ന് അവര്‍ പറഞ്ഞു.' -പ്രിന്‍സി ടീച്ചര്‍ ഓര്‍ത്തെടുത്തു.
'അങ്ങനെ കൊരട്ടി സ്റ്റേഷനില്‍ പരാതി കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് ചെല്ലാന്‍ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവിടെയെത്തിയ ഞങ്ങളോട് അവര്‍ പറഞ്ഞത് മാനനഷ്ടത്തിന് കേസ് കൊടുക്കുക എന്ന ഓപ്ഷനേ ഉള്ളൂ എന്നാണ്. പക്ഷേ പലരും പറഞ്ഞു മാനനഷ്ടത്തിന് കേസ് കൊടുത്താല്‍ വിധി വരാന്‍ വൈകുമെന്നും അതുകൊണ്ട് എറണാകുളത്ത് സിനിമാ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്ന വക്കീലിനെ കണ്ട് ഹൈക്കോടതിയില്‍ കേസ് കൊടുത്താല്‍ കുറച്ചുകൂടെ നല്ലതാവുമെന്ന്. അദ്ദേഹത്തിന്റെ പേര് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നില്ല. പിന്നീട് സ്വന്തം സ്ഥലത്തെ മുന്‍സിപ്പല്‍ കോടതിയില്‍ കേസ് കൊടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞതുപ്രകാരമാണ് 2017-ല്‍ ചാലക്കുടിയില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുന്നത്. അപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. ആ കേസിലാണ് ഇപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിധി വരുന്നത്.'
തന്റെ ബ്ലോഗില്‍ നിന്ന് എടുത്ത ചിത്രമാണ് സിനിമയില്‍ ഉപയോഗിച്ചതെന്ന് പറയുന്ന ടീച്ചര്‍ ഈ പ്രശ്‌നത്തോടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് പോലും മാറി നില്‍ക്കുന്ന അവസ്ഥയുണ്ടായെന്നും പറഞ്ഞു.
'ജോലി കിട്ടിയ സമയം ബാങ്ക് അക്കൗണ്ട് തുടങ്ങാനെടുത്ത ഫോട്ടോ ആണത്. എനിക്ക് ആ സമയത്ത് ഒരു ബ്ലോഗ് ഉണ്ടായിരുന്നു. അവിടെ മാത്രമേ ആ ചിത്രം ഞാന്‍ അപ്‌ലോഡ് ചെയ്തിരുന്നുള്ളൂ. അതുകൊണ്ട് അവിടെ നിന്നും എടുത്തതാകാമെന്നാണ് ഞാന്‍ കരുതുന്നത്. ഈ വിഷയം ഉണ്ടായതോടുകൂടി ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തന്നെ കുറേക്കാലം പേടിയായിരുന്നു. അധ്യാപികയായതുകൊണ്ട് തന്നെ എന്റെ ബ്ലോഗില്‍ എന്റെ കുട്ടികളുടെ ആക്ടിവിറ്റികളും അവരുടെ ചിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഇനി അതാരെങ്കിലും ദുരുപയോഗം ചെയ്താലോ എന്ന് ഭയന്നു. ആകെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു, എല്ലാവരുടെയും മുന്നില്‍ തെറ്റുകാരിയായതുപോലെ. നമ്മുടെ തന്നെ മാനസികാവസ്ഥയുടെ പ്രശ്‌നമാണത്. പക്ഷേ കുടുംബം എല്ലാ പിന്തുണയും തന്ന് കൂടെ നിന്നു. അതുകൊണ്ട് മാത്രമാണ് ഇത്രയും വര്‍ഷം വിട്ടുകൊടുക്കാതെ മുന്നോട്ട് പോകാനായത്.'
വിധി വന്നതില്‍ സന്തോഷമുണ്ടെങ്കിലും സാധാരണക്കാരന് ഒരു വിലയും തരാതെയാണ് സിനിമാക്കാര്‍ പെരുമാറുന്നതെന്ന് ടീച്ചര്‍ ആരോപിക്കുന്നു. ഇത്രയുമായിട്ടും സിനിമയില്‍ നിന്ന് ആ രംഗം നീക്കം ചെയ്യാന്‍ അവര്‍ തയ്യാറായിട്ടില്ലെന്ന് ടീച്ചര്‍ ആരോപിച്ചു.
'സാധാരണക്കാരൊന്നും ഇവരെപ്പോലുള്ളവര്‍ക്ക് മുന്നില്‍ ഒന്നുമല്ല. ഇത്രയും കാലം അവരുടെ വക്കീല്‍ ഞങ്ങളെ കളിപ്പിച്ചു. നമ്മള്‍ കോടതിയില്‍ എത്തിയാലും അവര്‍ക്ക് അസുഖങ്ങളും മറ്റ് ഒഴിവുകഴിവും പറഞ്ഞ് കേസ് നീട്ടിവെപ്പിക്കും. കോടതി താക്കീത് നല്‍കുമ്പോള്‍ അടുത്ത തവണ അവരുടെ വക്കീല്‍ വരും. ഇതാണ് ഏഴെട്ട് കൊല്ലമായി നടന്നു വന്നിരുന്നത്. അവര്‍ക്ക് ഈ രണ്ട് ലക്ഷമൊന്നും വലിയ കാര്യമല്ലല്ലോ.'
'സാധാരണക്കാരിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു കേസുമായി മുന്നോട്ട് പോകുന്നത് എളുപ്പമുള്ള കാര്യമല്ല. പണച്ചിലവ് തന്നെ വലുതാണ്. എനിക്ക് രണ്ട് ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്. പിന്നെ കുടുംബത്തിന്റെ പിന്തുണയും ആവശ്യമാണ്. പക്ഷേ ഞാന്‍ ഒരു അധ്യാപിക കൂടിയാണല്ലോ ഞാന്‍ തന്നെ അനീതിക്കെതിരേ പ്രതികരിക്കാതിരുന്നാല്‍ അത് എന്റെ കുട്ടികള്‍ക്ക് നല്ല മാതൃകയാകില്ലെന്ന തോന്നലിലാണ് കേസ് കൊടുക്കാമെന്ന് തീരുമാനിക്കുന്നത് തന്നെ.'
'ആശിര്‍വാദ് സിനിമാസ് പോലുള്ള വലിയ ബ്രാന്‍ഡ് സമൂഹത്തോട് പ്രതിബദ്ധത കാണിക്കേണ്ടവരാണ്. അവര്‍ തന്നെ ഇങ്ങനെ ചെയ്താലോ? ഇവരിലാരെയും ഈ കാലയളവില്‍ ഞാന്‍ കണ്ടിട്ടില്ല. ഇത്രയും നാളുകളായിട്ടും ആ സിനിമയില്‍ നിന്ന് എന്റെ ഫോട്ടോ നീക്കം ചെയ്തിട്ടില്ല. ഇതാണോ ഇവര്‍ മുന്നോട്ട് വെക്കുന്ന മാതൃക? ഒരു ക്ഷമാപണം പോലും ഇവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.'
'കോടതിവിധിയില്‍ എനിക്ക് സന്തോഷമുണ്ട്. പക്ഷേ എന്റെ എതിര്‍കക്ഷികളോടും മറ്റുള്ളവരോടും ഒന്ന് മാത്രമേ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഒരാളുടെ ചിത്രവും അവരുടെ അനുവാദം കൂടാതെ ഉപയോഗിക്കാന്‍ പാടില്ല. പിന്നെ വീട്ടമ്മയാണെങ്കിലും, ഏതൊരു സ്ത്രീയാണെങ്കിലും അവര്‍ക്കും ഒരു അന്തസ് ഉണ്ട്. അത് എല്ലാവരും തിരിച്ചറിയണം.' -പ്രിന്‍സി ടീച്ചര്‍ പറയുന്നു.
Content Highlights: Dr. Princy Francis, who won defamation lawsuit against Priyadarshan & Antony Perumbavoor talks
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·