13 July 2025, 03:29 PM IST

'സൂപ്പർമാനി'ലെ ചുംബനരംഗങ്ങളിലൊന്ന്, സൂപ്പർമാൻ പോസ്റ്റർ | Photos: Screen drawback from Superman trailer, facebook.com/superman
വെള്ളിത്തിരയെ വിസ്മയിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച തീയേറ്ററിലെത്തിയ സൂപ്പര്‍മാന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജെയിംസ് ഗണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ഡേവിഡ് കോറെന്‍സ്‌വെറ്റ്, റെയ്ച്ചല്‍ ബ്രോസ്‌നതാന്‍, നിക്കോളാസ് ഹൗള്‍ട്ട് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചിത്രം കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിയ ഇന്ത്യയിലെ പ്രേക്ഷകര്‍ പക്ഷേ നിരാശയിലാണ്. സിനിമ മോശമായതായിരുന്നില്ല കാരണം. മറിച്ച് സെന്‍സര്‍ ബോര്‍ഡിന്റെ യുക്തിരഹിതമായ കത്രിക പ്രയോഗമാണ് പ്രേക്ഷകര്‍ക്ക് കല്ലുകടിയായത്.
ചിത്രത്തിലെ ചുംബനരംഗങ്ങള്‍ക്കാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) കത്രിക വെച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തികച്ചും സാധാരണമായ പ്രണയരംഗങ്ങളും ചുംബനരംഗങ്ങളും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ചോദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ആഗോള റിലീസായ സൂപ്പര്‍മാന്‍ പോലൊരു ചിത്രത്തിലെ ലളിതമായ ഒരു ചുംബനരംഗം പോലും സ്‌ക്രീനില്‍ അനുവദിക്കാത്ത സെന്‍സര്‍ ബോര്‍ഡിന്റെ പക്വതയില്ലായ്മയെ പലരും വിമര്‍ശിച്ചു.
ചിത്രത്തിലെ 33 സെക്കന്‍ഡ് നീളുന്ന രംഗങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിയത്. ലൈംഗികച്ചുവയുള്ള ദൃശ്യങ്ങള്‍ (Visually Sensual) എന്നുപറഞ്ഞാണ് ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ നിര്‍മ്മാതാക്കള്‍ ഇത് അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സൂപ്പര്‍മാനും ലോയിസും ചുംബിച്ചുകൊണ്ട് വായുവില്‍ ഒഴുകിനടക്കുന്ന രംഗമാണ് ബോര്‍ഡ് വെട്ടിയത്. ട്രെയിലറില്‍ ഉള്‍പ്പെടെ കാണിച്ച ഈ ചുംബനരംഗം, പക്ഷേ, ഇന്ത്യന്‍ സ്‌ക്രീനുകളില്‍ നിന്ന് പൂര്‍ണമായി നീക്കിയിട്ടുണ്ട്. ഇതിന് പുറമെ സൂപ്പര്‍മാന്റെ ഇന്ത്യന്‍ പതിപ്പില്‍ ചില വാക്കുകള്‍ മ്യൂട്ട് ചെയ്തിട്ടുമുണ്ട്. നേരത്തേ ബ്രാഡ് പിറ്റിന്റെ എഫ് 1 എന്ന ചിത്രത്തിലെ നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി മുഷ്ടിചുരുട്ടിയ ഇമോജിയാക്കി സെന്‍സര്‍ബോര്‍ഡ് മാറ്റിയിരുന്നു. ഇതുവഴി ആ ഇമോജിയിലൂടെ ഉദ്ദേശിച്ച അര്‍ഥം തന്നെ മാറിപ്പോയെന്ന് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: ‘What's incorrect with CBFC?’; Indian viewers slam CBFC for cutting kissing scenes successful Superman movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·