
ജെഎസ്കെ പോസ്റ്റർ, സംവിധായകൻ പ്രവീൺ നാരായണൻ | Photos: instagram, surface drawback / mathrubhumi news
കൊച്ചി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാന്‍ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ടതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് വീണ്ടും സെന്‍സര്‍ ചെയ്യാനായി ഉടന്‍ സമര്‍പ്പിക്കുമന്നും പ്രവീണ്‍ പറഞ്ഞു.
'24 മണിക്കൂറിനുള്ളില്‍ പുതിയ പതിപ്പ് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. നാളെ ഉച്ചയോടെ ചിത്രം നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. രണ്ട് സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയില്‍ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ അംഗീകരിച്ചേ മതിയാകൂ.' -പ്രവീണ്‍ നാരായണന്‍ പറഞ്ഞു.
'ചില സീനുകള്‍ ഒഴിവാക്കണമെന്ന് ആദ്യം പറഞ്ഞിരുന്നു. അത് സാധ്യമല്ലെന്ന് ഞങ്ങള്‍ കൃത്യമായി പറഞ്ഞു. ആ സീനുകള്‍ക്ക് സിനിമയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കി നിര്‍മ്മാതാക്കള്‍ എന്റെ കൂടെ തന്നെ നിന്നു.' -അദ്ദേഹം തുടര്‍ന്നു.
'സെന്‍സര്‍ ബോര്‍ഡ് രാവിലെ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തെ കുറിച്ച് മെറിറ്റില്‍ സംസാരിക്കുകയാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. അതില്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പോലും പറയാന്‍ പറ്റാത്ത കാര്യങ്ങളാണ്. ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാന്‍ സാധ്യത കുറവാണ്.'
'സിനിമ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സിനിമയുടെ പ്രൊഡക്ഷനിലുള്ളവരെല്ലാം കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി എന്റെ പിറകില്‍ നില്‍ക്കുന്നവരാണ്. ചിത്രം റീ സെന്‍സറിങ്ങിന് നല്‍കിക്കഴിഞ്ഞാല്‍ മൂന്ന് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി സെന്‍സര്‍ ബോര്‍ഡിനോട് പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ 18-ന് ചിത്രം തിയേറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.' -പ്രവീണ്‍ നാരായണന്‍ പറഞ്ഞു.
പേരുമാറ്റാൻ നിർമാതാക്കൾ
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റണമെന്ന സെൻസർ ബോർഡിന്റെ പുതിയ നിർദേശം ബുധനാഴ്ചയാണ് നിർമ്മാതാക്കൾ അംഗീകരിച്ചത്. ടൈറ്റിൽ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യൽ കൂടി ചേർത്ത് പേര് ജാനകി വി. എന്നാണ് മാറ്റുക. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി. എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. ജാനകി എന്ന പേര് ടൈറ്റിലില്‍ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.
സിനിമയുടെ റിലീസ് വൈകുന്നത് നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കും. ഒടിടിയുമായും നിര്‍മ്മാതാക്കള്‍ക്ക് കരാറുണ്ട്. ആ കരാറും ലംഘിക്കപ്പെടുന്നതിന്റെ വക്കിലാണുള്ളത്. ഇത് വലിയ പ്രതിസന്ധിയാണുണ്ടാക്കുക. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് നിര്‍മ്മാതാക്കളും സംവിധായകനുമെല്ലാം ചേര്‍ന്ന് പേര് മാറ്റാമെന്ന് തീരുമാനിച്ചത്. കേസുമായി മുന്നോട്ട് പോയാല്‍ നൂറ് ശതമാനം വിജയിക്കുമെന്ന് അറിയാം. പക്ഷേ ഇവിടെ വിജയിച്ചാലും അപ്പീല്‍ പോകാന്‍ കഴിയും. അതുവഴി സിനിമയുടെ റിലീസ് വീണ്ടും വൈകുകയാണ് ചെയ്യുകയെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.
Content Highlights: Janaki vs State of Kerala manager Praveen Narayanan reacts connected precocious tribunal case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·