'സൈറ്റുകളുടെ സെര്‍വര്‍ തകര്‍ത്ത ബുക്കിങ്'; അതിവേ​ഗം വിറ്റഴിഞ്ഞ് എമ്പുരാന്റെ ടിക്കറ്റുകൾ, റിപ്പോർട്ട്

10 months ago 6

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ എമ്പുരാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ടിക്കറ്റ് തേടി സൈറ്റുകളിലെല്ലാം ആരാധകപ്രവാഹമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോയുടെ സെര്‍വര്‍ തകര്‍ന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒട്ടുമിക്ക ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലും എമ്പുരാന്റെ ടിക്കറ്റിനായി ആരാധകരുടെ ഓട്ടമാണ്. ടിക്കറ്റുകളെല്ലാം അതിവേഗമാണ് വിറ്റഴിക്കപ്പെടുന്നത്. ആദ്യദിവസത്തെ ആദ്യ ഷോയുടെ ടിക്കറ്റുകള്‍ ഒട്ടുമിക്ക തയേറ്ററുകളിലും വിറ്റുതീര്‍ന്നുകഴിഞ്ഞു. ആരാധകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിയുമെന്നാണ് പലരും വിലയിരുത്തുന്നത്.

മാർ‌ച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. കേരളത്തിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. തമിഴ്‌നാട്ടില്‍ ശ്രീഗോകുലം മൂവീസാണ് ചിത്രം റിലീസ് ചെയ്യുന്നത് ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എംപുരാന്‍ എത്തുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.

ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.

Content Highlights: empuraan movie booking tract clang report

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article