സ്‌പോട്ടിഫൈയില്‍ ടെയ്‌ലര്‍ സ്വിഫ്റ്റിനേയും എഡ് ഷീരനേയും പിന്നിലാക്കി അര്‍ജിത് സിങ്

6 months ago 7

Arijit Singh

അർജിത് സിങ് | Photo: PTI, AFP

സ്‌പോട്ടിഫൈയില്‍ ഏറ്റവും കൂടതല്‍ ഫോളോവേഴ്‌സുള്ള ഗായകനായി അര്‍ജിത് സിങ്. വോള്‍ട്ട് ഡോട് എഫ്എമ്മിന്റെ ജൂലൈയിലെ പട്ടികപ്രകാരം സ്‌പോട്ടിഫൈയില്‍ 151 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് അര്‍ജിത് സിങിനുള്ളത്.

ലോക പ്രശസ്ത ഗായകരായ ടെയ്ലര്‍ സ്വിഫ്റ്റ്, എഡ് ഷീരന്‍, ബില്ലി എലിഷ്, ദ വീക്കെന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന ആബേല്‍ ടെസ്ഫായെ എന്നിവരെ പിന്തള്ളിയാണ് അര്‍ജിത് സിങ് മുന്നിലെത്തിയത്.

139.6 മില്യണ്‍ ഫോളോവേഴ്സുമായി ടെയ്ലര്‍ സ്വിഫ്റ്റാണ് രണ്ടാം സ്ഥാനത്ത്. അടുത്തിടെ അര്‍ജിത് സിങിനൊപ്പം സഫയര്‍ എന്ന ഗാനം പങ്കിട്ട എഡ് ഷീരന്‍ 121 ദശലക്ഷം ഫോളോവേഴ്സുമായി മൂന്നാം സ്ഥാനത്തുണ്ട്. ബില്ലി എലിഷ് (114 ദശലക്ഷം) നാലാം സ്ഥാനത്തും, ദ വീക്കെന്‍ഡ് (107.3 ദശലക്ഷം) അഞ്ചാം സ്ഥാനത്തുമെത്തി.

മുമ്പും അര്‍ജിത് സിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. 2024-ല്‍ എഡ് ഷീരനും ടെയ്ലര്‍ സ്വിഫ്റ്റിനും ശേഷം സ്‌പോട്ടിഫൈയില്‍ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട മൂന്നാമത്തെ ഗായകനായിരുന്നു അര്‍ജിത്.

സ്‌പോട്ടിഫൈയില്‍ 100 മില്യണിലധികം ഫോളോവേഴ്സിനെ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഗായകനാണ് ദേശീയ പുരസ്‌കാരജേതാവുകൂടിയായ അര്‍ജിത് സിങ്. ഏറ്റവും കൂടുതല്‍ പേര്‍ ഫോളോ ചെയ്യുന്ന കലാകാരന്മാരുടെ പട്ടികയില്‍ ലോകമെമ്പാടുമുള്ള 99 ഗായകരുണ്ട്. അര്‍ജിത് സിങ്ങിനെ കൂടാതെ 11 ഇന്ത്യന്‍ ഗായകര്‍ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

65.6 ദശലക്ഷം ഫോളോവേഴ്സുമായി എ.ആര്‍. റഹ്‌മാന്‍ 14-ാം സ്ഥാനത്തും ഗായിക നേഹ കക്കര്‍ 25-ാം സ്ഥാനത്തും(48.5 ദശലക്ഷം), സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ 37-ാം സ്ഥാനത്തു(40.3 ദശലക്ഷം ഫോളോവേഴ്സ്)മുണ്ട്. ഗായിക ശ്രേയാ ഘോഷാല്‍ 61-ാം സ്ഥാനത്തും(30.9 ദശലക്ഷം ഫോളോവേഴ്സ്) ഗായകന്‍ അര്‍മാന്‍ മാലിക് 88-ാം സ്ഥാനത്തു(23.3 ദശലക്ഷം ഫോളോവേഴ്സ്)മാണുള്ളത്.

Content Highlights: Arjit Singh surpasses Taylor Swift, Ed Sheeran, Billie Eilish & The Weeknd to go Spotify`s most

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article