
എസ്.ജെ. സൂര്യ | സ്ക്രീൻഗ്രാബ്
25 വർഷങ്ങൾക്കുമുൻപ് വിജയ്, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എസ്.ജെ. സൂര്യ സംവിധാനം ചെയ്ത ചിത്രമാണ് ഖുഷി. തമിഴിലെ ക്ലാസിക് പ്രണയചിത്രങ്ങളിലൊന്നായി കണക്കാക്കുന്ന സിനിമ റീ റിലീസിനൊരുങ്ങുകയാണ്. ഇതിനുമുന്നോടിയായി അണിയറപ്രവർത്തകർ ചെന്നൈയിൽ വാർത്താസമ്മേളനം നടത്തി. വാർത്താസമ്മേളന വേദിയിലെ സ്ക്രീനിൽ 'ഖുഷി'യിലെ ഒരു ഗാനം പ്ലേ ചെയ്യുമ്പോൾ എസ്.ജെ. സൂര്യ കണ്ണുപൊത്തി ചിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
ദേവയാണ് 'ഖുഷി'യിലെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ചിത്രത്തിലെ കട്ടിപ്പുടി കട്ടിപ്പുടി ഡാ എന്ന ഗാനത്തിന് ഇന്നും ആരാധകരുണ്ട്. ഈ ഗാനം വീണ്ടും കണ്ടപ്പോഴുള്ള എസ്.ജെ. സൂര്യയുടെ പ്രതികരണമാണ് ശ്രദ്ധയാകർഷിക്കുന്നത്. ഗാനം സ്ക്രീനിൽ കണ്ട സംവിധായകൻ ആദ്യം പുഞ്ചിരിക്കുന്നതും, പിന്നീട് ചിരിക്കാൻ തുടങ്ങുന്നതും, അടുത്തുള്ളയാൾ ഉച്ചത്തിൽ ചിരിക്കുമ്പോൾ കണ്ണുകൾ പൊത്തുന്നതും കാണാം. അദ്ദേഹത്തിന്റെ മറുവശത്തിരുന്നയാളും പാട്ടിനെക്കുറിച്ച് എന്തോ പറഞ്ഞത് അദ്ദേഹത്തെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഒരു ഫാൻ പേജിൽ വന്ന വീഡിയോക്ക് നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. അദ്ദേഹത്തിന് നാണം വരുന്നു എന്നാണ് ഒരാൾ തമാശയായി പ്രതികരിച്ചത്. ഗാനം കണ്ടിട്ട് അദ്ദേഹത്തിനുതന്നെ അസ്വസ്ഥത തോന്നിയിട്ടുണ്ടാവും. ദയവായി ഈ സിനിമയിൽ നിന്ന് ഈ ഗാനം ഒഴിവാക്കൂ, അത് വളരെ അരോചകമാണ് എന്നെല്ലാമാണ് മറ്റു കമന്റുകൾ.
വാർത്താസമ്മേളനത്തിൽ ഈ ഗാനത്തേക്കുറിച്ച് എസ്.ജെ. സൂര്യ സംസാരിച്ചിരുന്നു. "ഒരു പ്രേക്ഷകനെപ്പോലെ സിനിമ ആസ്വദിക്കാൻ സംവിധായകന് കഴിയില്ല. കാരണം പ്രേക്ഷകർ അത് പുതുമയോടെയാണ് കാണുന്നത്. വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു പ്രേക്ഷകനായി ഞാൻ ഈ ഗാനം കാണുന്നത്. അതെ, അതൊരു ഗ്ലാമറസ് ഗാനമാണ്, പക്ഷേ ദേവയുടെ സംഗീതം മനോഹരമാണ്." എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാധ്യമങ്ങൾക്കായി ഏതാനും വരികൾ പാടുകയും ചെയ്തു.
2001-ൽ പവൻ കല്യാൺ, ഭൂമിക ചൗള എന്നിവരെ വെച്ച് ഇതേ പേരിൽ സൂര്യ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഒരുക്കിയിരുന്നു. തമിഴ് പതിപ്പ് ഇപ്പോൾ സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യും. വിജയ് അടുത്തതായി അഭിനയിക്കുന്ന 'ജന നായകൻ' 2026-ലെ പൊങ്കലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. എസ്.ജെ. സൂര്യ ഇന്ന് തിരക്കുള്ള നടൻകൂടിയാണ്.
Content Highlights: Director SJ Suryah`s absorption to the opus `Kattipudi Kattipudida` from his movie `Kushi`, Video Viral





English (US) ·