സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമര്‍ദനം; മരുമകളുടെ പരാതിയില്‍ സംവിധായകന്‍ എസ്. നാരായണിനെതിരേ കേസ്

4 months ago 4

11 September 2025, 11:59 AM IST

s narayanan pavithra pavan narayan

എസ്. നാരായണൻ, മകൻ പവൻ നാരായണിന്റെ വിവാഹച്ചടങ്ങിൽനിന്ന്‌ | Photo: Facebook/ Anand Audio, Screen grab/ YouTube: Namma KFI

ബെംഗളൂരു: പ്രശസ്ത കന്നഡ സംവിധായകന്‍ എസ്. നാരായണിനെതിരേ സ്ത്രീധനപീഡനക്കേസ്. മരുമകള്‍ പവിത്രയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് വീട്ടില്‍നിന്ന് ഇറക്കിവിട്ടുവെന്നുമാണ് പരാതി.

കന്നഡയിലെ പ്രധാന സംവിധായകരില്‍ ഒരാളാണ് എസ്.നാരായണ്‍. ബെംഗളൂരു ജ്ഞാനഭാരതി പോലീസിലാണ് പവിത്ര പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ പേരില്‍ നാരായണും മകന്‍ പവനും ക്രൂരമായി മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു.

പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു. എസ്. നാരായണിന് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ പണം ആവശ്യമായി വന്നിരുന്നു. അന്ന് കുറച്ചുപണം തന്റെ മാതാപിതാക്കള്‍ നാരായണിന് നല്‍കി. ഇത് പിന്നീട് തിരിച്ചുനല്‍കിയില്ലെന്നും പവിത്ര പരാതിയില്‍ പറയുന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നാരായണും ഭാര്യയും മകന്‍ പവനുമായിരിക്കുമെന്ന് പവിത്ര പരാതിയില്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ടാണ് ജ്ഞാനഭാരതി പോലീസ് കേസെടുത്തത്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Content Highlights: S. Narayan faces dowry harassment charges filed by his daughter-in-law

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article