
നടൻ ടോം ഹോളണ്ട് | ഫോട്ടോ: AFP
സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നായകൻ ടോം ഹോളണ്ടിന് പരിക്കേറ്റു. യുകെയിലെ ചിത്രീകരണത്തിനിടെ വെള്ളിയാഴ്ചയാണ് സംഭവം. ടോം ഹോളണ്ടിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗൗരവമുള്ളതല്ലെങ്കിലും സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്ക് താരം കുറച്ചുദിവസത്തേക്ക് ചിത്രീകരണത്തിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.
വെള്ളിയാഴ്ച ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഹോളണ്ടിന് തലയ്ക്ക് നിസ്സാരമായ പരിക്കേറ്റത്. എങ്ങനെയാണ് പരിക്ക് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം പരിക്കേറ്റിട്ടും, ഹോളണ്ട് ശനിയാഴ്ച ലണ്ടനിലെ ക്രിസ്റ്റീസ് ലേല സ്ഥാപനത്തിൽ, പ്രതിശ്രുതവധുവും സഹതാരവുമായ സെൻഡേയയോടൊപ്പം 'ദ ബ്രദേഴ്‌സ് ട്രസ്റ്റി'ന് വേണ്ടിയുള്ള ഒരു ചാരിറ്റി പരിപാടിയിൽ അവതാരകനായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു.
സോണിയും മാർവൽ സ്റ്റുഡിയോസും ചേർന്നാണ് 'സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ' നിർമ്മിക്കുന്നത്. നിർമ്മാണത്തിന്റെ അടുത്ത ഘട്ടങ്ങൾ വിലയിരുത്താൻ ഇരുകമ്പനികളും തിങ്കളാഴ്ച യോഗം ചേരുമെന്ന് 'വെറൈറ്റി' റിപ്പോർട്ട് ചെയ്തു. റിലീസ് തീയതിയിലെ മാറ്റങ്ങളെക്കുറിച്ചോ കാലതാമസങ്ങളെക്കുറിച്ചോ സ്റ്റുഡിയോകൾ പ്രസ്താവന പുറത്തിറക്കിയിട്ടില്ല. അഭിനേതാക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അവർ ഊന്നിപ്പറഞ്ഞു.
ഹോളണ്ട് അഭിനയിക്കുന്ന സ്പൈഡർ-മാൻ ഫ്രാഞ്ചൈസിയിലെ നാലാം ഭാഗമായ 'ബ്രാൻഡ് ന്യൂ ഡേ', സോണിക്കും മാർവൽ സ്റ്റുഡിയോസിനും ഒരു നിർണ്ണായക പ്രോജക്റ്റാണ്. ഇതിന് മുൻപിറങ്ങിയ 'സ്പൈഡർ-മാൻ: നോ വേ ഹോം' എന്ന ചിത്രം വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയിരുന്നു. മുൻപത്തെ മൂന്ന് സ്പൈഡർ-മാൻ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ വാട്ട്സിൽ നിന്ന് മാറി, ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സെൻഡേയ, ജേക്കബ് ബറ്റാലോൺ, പുതുമുഖങ്ങളായ സാഡി സിങ്ക്, ട്രാമെൽ ടിൽമാൻ എന്നിവരും ചിത്രത്തിലുണ്ട്. മാർക്ക് റഫലോ, ജോൺ ബെർന്താൾ എന്നിവർ തങ്ങളുടെ മാർവൽ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കും.
ഓഗസ്റ്റ് ആദ്യം ഗ്ലാസ്‌ഗോയിലാണ് 'ബ്രാൻഡ് ന്യൂ ഡേ'യുടെ ചിത്രീകരണം ആരംഭിച്ചത്. 2026 ജൂലൈ 31-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സോണിയും മാർവൽ സ്റ്റുഡിയോസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിർമ്മാണത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തത വരുമെന്നാണ് റിപ്പോർട്ട്.
Content Highlights: Tom Holland sustained a mild concussion portion filming `Spider-Man: Brand New Day`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·