
എസ്.എം. രാജു, പാ രഞ്ജിത്ത് | Photo: Facebook/ Stunt Silva, PTI
ചെന്നൈ: സംഘട്ടന കലാകാരന്‍ എസ്. മോഹന്‍രാജ് എന്ന എസ്.എം. രാജുവിന്റെ അപകട മരണത്തില്‍ സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പോലീസ് കേസ്. സംവിധായകന്‍ അടക്കം നാലുപേര്‍ക്കെതിരേയാണ് തമിഴ്‌നാട് കീഴൈയൂര്‍ പോലീസ് കേസെടുത്തത്. രഞ്ജിത്തിന് പുറമേ സംഘട്ടന സംവിധായകന്‍ വിനോദ്, നീലം പ്രൊഡക്ഷന്‍സിന്റെ മാനേജര്‍ രാജ്കമല്‍, കാര്‍ ഉടമ പ്രഭാകരന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. പാ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയാണ് നീലം പ്രൊഡക്ഷന്‍സ്.
ഭാരതീയ ന്യായ സംഹിതയുടെ 194-ാം വകുപ്പ് പ്രകാരമായിരുന്നു നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ, ബിഎന്‍എസിന്റെ 289, 125, 106 (1) വകുപ്പുകള്‍ ചേര്‍ത്ത് കേസ് പുതുക്കി. ഷൂട്ടിങ്ങിന് സിനിമാസംഘം അനുമതി വാങ്ങിയിരുന്നതായി നാഗപട്ടണം എസ്പി എസ്. ശെല്‍വകുമാര്‍ പറഞ്ഞു. പോലീസ് സുരക്ഷയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിന് അനുമതി തേടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാ രഞ്ജിത്തിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കും.
ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനംചെയ്യുന്ന 'വേട്ടുവം' എന്ന സിനിമയ്ക്കുവേണ്ടി സാഹസികമായി കാര്‍ ചാടിക്കുന്നതിനിടെയായിരുന്നു അപകടം. രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
ഉയര്‍ന്നുചാടിയെത്തുന്ന വാഹനത്തിന്റെരംഗം ചിത്രീകരിക്കാനായി ചെരിച്ചുവെച്ച മരപ്പാളികളിലൂടെ വാഹനം ഓടിച്ചു കയറ്റിയപ്പോഴാണ് അപകടമുണ്ടായത്. രാജു ഓടിച്ച എസ്യുവി ആകാശത്തേക്ക് ഉയര്‍ന്നു തകിടം മറിഞ്ഞ് തലകീഴായി നിലംപതിക്കുകയായിരുന്നു.
ചെന്നൈയ്ക്കടുത്ത് കാഞ്ചീപുരത്ത് ജനിച്ച രാജു സിനിമകള്‍ക്കുവേണ്ടി വാഹനാഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതില്‍ മികവു തെളിയിച്ചയാളായിരുന്നു. ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയ്ക്കുവേണ്ടിയാണ് കുറച്ചുദിവസങ്ങളായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. നാഗപട്ടണത്തുവെച്ച് ഞായറാഴ്ചയാണ് അപകടമുണ്ടായത്.
Content Highlights: Pa Ranjith and 3 others booked successful the decease of stuntman S. Mohanraj
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·