സ്റ്റണ്ട്മാന്റെ മരണം; 'സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചു', മൗനംവെടിഞ്ഞ് പാ രഞ്ജിത്

6 months ago 8

sm raju pa ranjith

എസ്.എം. രാജു, പാ രഞ്ജിത്ത്‌ | Photo: Facebook/ Stunt Silva, PTI

'വേട്ടുവം' സിനിമയുടെ ചിത്രീകരണത്തിനിടെ സംഘട്ടന കലാകാരന്‍ എസ്. മോഹന്‍രാജ് എന്ന എസ്.എം. രാജുവിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ പാ. രഞ്ജിത്ത്. രാജുവിന്റെ വേര്‍പാട് ഹൃദയഭേദകമാണെന്ന് പാ. രഞ്ജിത്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അനുശോചിച്ചു. എല്ലാചിത്രത്തിലുമെന്നപോലെ തുടങ്ങിയ ക്രാഷ് രംഗത്തിന്റെ ചിത്രീകരണം ദൗര്‍ഭാഗ്യകരമായ മരണത്തില്‍ കലാശിച്ചു. സംഭവം തങ്ങളെ ഞെട്ടലിലും ഹൃദയവേദനയിലുമാഴ്ത്തിയെന്നും നീലം പ്രൊഡക്ഷന്‍സിന്റെ പേരില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പാ. രഞ്ജിത്തിന്റെ നിര്‍മാണക്കമ്പനിയാണ് നീലം പ്രൊഡക്ഷന്‍സ്.

ആര്യയെ നായകനാക്കി പാ. രഞ്ജിത്ത് സംവിധാനംചെയ്യുന്ന 'വേട്ടുവം' എന്ന ചിത്രത്തിനുവേണ്ടി സാഹസികമായി കാര്‍ ചാടിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് രാജു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാ. രഞ്ജിത്ത് അടക്കം നാലുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ്, സംഭവത്തിന് രണ്ടുദിവസത്തിന് ശേഷം പാ. രഞ്ജിത്ത് അനുശോചനക്കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

പാ. രഞ്ജിത്ത് പങ്കുവെച്ച കുറിപ്പ്:
നീലം പ്രൊഡക്ഷന്‍സ്
അനുശോചനക്കുറിപ്പ്

'വേട്ടുവത്തി'ന്റെ തമിഴ്‌നാട് നാഗപട്ടണം ജില്ലയിലെ സെറ്റില്‍വെച്ച് കഴിവുറ്റ സംഘട്ടന കലാകാരനും വളരെക്കാലത്തെ സഹപ്രവര്‍ത്തകനുമായി മോഹന്‍രാജിനെ ഞങ്ങള്‍ നഷ്ടമായി. അദ്ദേഹത്തിന്റെ ഭാര്യ, മക്കള്‍, കുടുംബം, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി മോഹന്‍രാജ് അണ്ണനെ സ്‌നേഹിച്ചിരുന്നവര്‍ക്കെല്ലാം ഈ വേര്‍പാട് ഹൃദയഭേദകമാണ്.

ഏതൊരു ക്രാഷ് രംഗത്തിന്റേയും ചിത്രീകരണത്തിലുമെന്ന പോലെ, വിശദമായ ആസൂത്രണത്തോടേയും അതീവ ജാഗ്രതയോടേയും പ്രാര്‍ഥനകളുമായി ആംഭിച്ച ഒരുദിവസം പക്ഷേ ദൗര്‍ഭാഗ്യകരമായ ഒരു മരണത്തില്‍ കലാശിച്ചു. സംഭവം ഞങ്ങളെ ഞെട്ടലിലും ഹൃദയവേദനയിലുമാഴ്ത്തി.

സ്റ്റണ്ട് ടീമിലെ സഹപ്രവര്‍ത്തകരും ക്രൂവിലെ ഞങ്ങളും മോഹന്‍രാജ് അണ്ണനെ വളരേയേറെ വിലമതിക്കുകയും ബഹുമാനിക്കുകയുംചെയ്തിരുന്നു. സ്റ്റണ്ട് രംഗങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വിദഗ്ധനായിരുന്ന അദ്ദേഹത്തിന്റെ ആസൂത്രണത്തേയും വ്യക്തതയേയും നിര്‍വഹണശേഷിയേയും ഞങ്ങള്‍ എപ്പോഴും ആശ്രയിച്ചിരുന്നു. സ്റ്റണ്ട് ഡയറക്ടര്‍ ദിലീപ് സുബ്ബരായന്റെ വൈദഗ്ധ്യത്തെ ഞങ്ങള്‍ വിശ്വസിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചു. എന്നാല്‍, തയ്യാറെടുപ്പുകളും മുന്‍കരുതലുകളും വൃഥാവിലായി, ഞങ്ങള്‍ക്ക് സമാനതകളില്ലാത്ത അനുഭവപരിചയവും നേട്ടങ്ങളുമുള്ള, തന്റെ പ്രവൃത്തികൊണ്ട് കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും സംവിധായകരുടേയും അഭിമാനമുയര്‍ത്തിയ ഒരു മനുഷ്യനെ നഷ്ടമായി. അത് വല്ലാതെ ഉലച്ചിരിക്കുകയാണ്. അദ്ദേഹത്തോട് ഞങ്ങള്‍ക്ക് എന്നും ബഹുമാനവും സ്‌നേഹവും ആരാധനയും ഉണ്ടാകും.

ഈ മരണം ഞങ്ങളെ തളര്‍ത്തുന്നതാണ്. ഒരു ഭര്‍ത്താവും, പിതാവും, അവിശ്വസനീയമായ ഒരു സ്റ്റണ്ട് ആര്‍ട്ടിസ്റ്റും, ഒരു നല്ല മനുഷ്യനുമായിരുന്ന മോഹന്‍ രാജ് അണ്ണന്റെ വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായി ദുഃഖിക്കുന്നു. ഒരു മികച്ച സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള തന്റെ ജോലിയുടെ പേരില്‍ ഓര്‍മ്മിക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്, അങ്ങിനെ തന്നെ അദ്ദേഹം ഞങ്ങളുടെ ഓര്‍മ്മകളില്‍ എന്നും നിലനില്‍ക്കും.

Content Highlights: Pa. Ranjith expresses grief implicit decease of S. Mohanraj during filming of `Vettuvam`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article