
വിൻസി അലോഷ്യസ്, പ്രതീകാത്മക ചിത്രം | Photo: Screen grab/ Instagram: vincy_sony_aloshious, Facebook/ AMMA - Association Of Malayalam Movie Artists
കൊച്ചി: ലഹരി ഉപയോഗിച്ച നടനില്‍നിന്ന് സിനിമാ സെറ്റില്‍ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'. വിന്‍സി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റി ഭാരവാഹിയായ ജയന്‍ ചേര്‍ത്തല മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റി യോഗംചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയിട്ടും സിനിമാ സംഘടനകളുടെ നിഷേധാത്മക നിലപാടിനെതിരെ നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
'ഏത് നടനില്‍നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിന്‍സി പേര് വെളിപ്പെടുത്തിയിട്ടില്ല. സ്വകാര്യമായാണെങ്കിലും 'അമ്മ'യില്‍ ആ പേര് അറിയിച്ചാല്‍ തീര്‍ച്ചയായും അതിനെതിരെ നടപടിയെടുക്കും. കമ്മിറ്റിയില്‍ ഐകകണ്‌ഠേന ഇതുസംബന്ധിച്ച് തീരുമാനം എടുത്തു. ഒരിക്കലും 'അമ്മ'യ്ക്ക് ഇത്തരം കാര്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല. പരസ്യമാക്കാന്‍ ആ കുട്ടിക്ക് ചിലപ്പോള്‍ മടി കാണും, രഹസ്യമായി ഞങ്ങളെ അറിയിച്ചാല്‍ മതി. പേര് തന്നാല്‍ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവും', ജയന്‍ ചേര്‍ത്തല പറഞ്ഞു.
'പരാതി തരണമെന്ന് വിന്‍സിയോട് നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിന്‍സിയുടെ ഒരു ചിത്രം ഇപ്പോള്‍ റിലീസാവാന്‍ പോവുകയാണ്. അതിനെ ഈ പരാതിയോ വെളിപ്പെടുത്തലുകളോ ബാധിക്കരുത്. അതുകൊണ്ടാണ് ഇപ്പോള്‍ പരാതി തരാത്തത്. കുറച്ചുദിവസത്തിന് ശേഷം തീര്‍ച്ചയായും വിന്‍സി പരാതി തരും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിന്‍സി സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു 'അമ്മ' നേരത്തെ എടുത്ത നിലപാട്. രേഖാമൂലം വിന്‍സി പരാതി നല്‍കിയിട്ടില്ലെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. അതേസമയം, വിന്‍സി നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ഡബ്യൂസിസി അറിയിച്ചിരുന്നു.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു. വിശദീകരണമെന്നനിലയിലാണ് പുതിയ വെളിപ്പെടുത്തല്‍.
'ലൊക്കേഷനില്‍വെച്ച് എന്റെ വസ്ത്രത്തിന്റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്നംവന്നപ്പോള്‍ അടുത്തുവന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായില്‍നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു'- വിന്‍സി പറഞ്ഞു.
Content Highlights: AMMA Supports Actress Vincy Alocious`s Harassment Claim
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·