'സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതിവാദികളുടെയും സ്വഭാവം ഒന്ന്'; എമ്പുരാനെ പിന്തുണച്ച് ബെന്യാമിൻ

9 months ago 7

31 March 2025, 03:45 PM IST

Empuraan and Benyamin

'എമ്പുരാൻ' സിനിമയുടെ പോസ്റ്റർ, ബെന്യാമിൻ | ഫോട്ടോ: Facebook, സി.ആർ. ​ഗിരീഷ്കുമാർ | മാതൃഭൂമി

കൊച്ചി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പ്രതികരണവുമായി എഴുത്തുകാരൻ ബെന്യാമിൻ. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിനെയും തിരക്കഥാകൃത്ത് മുരളി ​ഗോപിയേയും അദ്ദേഹം അഭിനന്ദിച്ചു. ഫാസിസം ഇന്ത്യയിൽ എവിടെ വരെയെത്തി എന്ന ചർച്ചകൾ നടക്കുന്ന ഇക്കാലത്ത് അതിനെ അളക്കാനുള്ള ഒരു സൂചകമായി ഈ സിനിമ മാറിയെന്ന് അദ്ദേഹം എഴുതി.

പെരുമാൾ മുരുകന്റെയും എസ് ഹരീഷിന്റെയും ദീപിക പദുക്കോണിന്റെയും അനുഭവങ്ങൾ മുന്നിലുള്ളപ്പോഴും ആരെയാണ് ഉന്നം വയ്ക്കുന്നതെന്ന് കൃത്യമായി മനസ്സിലാവുന്ന സീനുകൾ ആലോചിക്കാനും ഉൾപ്പെടുത്താനും കാണിച്ച മനസിനെ അഭിനന്ദിക്കാതെ വയ്യെന്ന് ബെന്യാമിൻ പറഞ്ഞു. നിർമ്മാതാക്കളുടെ താത്പര്യം പ്രമാണിച്ച് ഇനി അവ മുറിച്ചു മാറ്റിയാലും അവ ഈ അന്തരീക്ഷത്തിൽ നിലനിൽക്കുക തന്നെ ചെയ്യും. മറന്നുകളഞ്ഞു എന്ന് വിചാരിച്ച ചിലത് ഓർമ്മിപ്പിച്ചതിന്റെ വേവലാതി ഈ സിനിമക്ക് പിന്നാലെ ആക്രമണ സ്വഭാവത്തോടെ ഓടുന്നവർക്കുണ്ടെന്നും ബെന്യാമിൻ എഴുതി.

"ചിലരെ വേവലാതിപ്പെടുത്തുകയും മുറിപ്പെടുത്തുകയും ആകുലതയിൽ ആക്കുകയും ദേഷ്യപിടിപ്പിക്കുകയും ഒക്കെ തന്നെയാണ് കലയുടെ ദൗത്യം. എല്ലാവരെയും തൃപ്തിപ്പെടുത്തുക കലയുടെ ദൗത്യമല്ല. ഇനി, ഇപ്പോൾ ഈ സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലമാകുന്ന ചില ഫേസ്ബുക്ക് പത്രക്കാരുടെയും ബുജികളിടെയും ചാനൽ **കളുടെയും പേജുകൾ കാണുമ്പോൾ ചിരിയാണ് വരുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് പൃഥ്വിയുടെ ഒരു സിനിമ പുറത്തിറങ്ങിയിരുന്നു. അന്ന് ആ സിനിമ ഞങ്ങളുടെ തമ്പുരാക്കന്മാരെ മോശമാക്കിയേ എന്ന് നിലവിളിച്ചവരാണ് അവറ്റകൾ. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി ഞങ്ങൾ നിശ്ചയിക്കും എന്ന് ആക്രോശിച്ചവരാണവർ.

സ്വന്തം ആസനത്തിൽ ചൂടേറ്റാൽ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ. ഇവറ്റകളുടെ പിന്തുണയിൽ നിന്നല്ല ധീരമായ രചനകൾ ഉണ്ടാവേണ്ടത്. സ്വന്തം ആത്മവിശ്വാസത്തിൽ നിന്നും ബോധ്യത്തിൽ നിന്നുമാണ് അത് പിറക്കേണ്ടത്. അപ്പോൾ ആരുടെ പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും തല ഉയർത്തി നിൽക്കാനാവും. അങ്ങനെ തല ഉയർത്തി നിൽക്കാൻ കരുത്ത് കാണിച്ച മുരളി ഗോപിക്കും പൃഥ്വിക്കും അഭിനന്ദനങ്ങൾ." ബെന്യാമിൻ പറയുന്നു.

Content Highlights: Benjamin`s Support for Empuraan: A Bold Film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article