പാടി അഭിനയിച്ച പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരികൾ തിരഞ്ഞെടുക്കാമോ? മനോജ്കുമാറിനോടാണ് ചോദ്യം. ഓർമ്മകളുടെ ഇടനാഴിയിലൂടെ തിരിച്ചുനടന്നശേഷം മനോഹരമായ ഒരു ഗാനത്തിന്റെ വരികളുമായി തിരിച്ചെത്തുന്നു മനോജ്: ‘കുച്ഛ് പാകർ ഖോനാ ഹേ, കുച്ഛ് ഖോകർ പാനാ ഹേ, ജീവൻ കാ മത്‌ലബ് തോ ആനാ ഔർ ജാനാ ഹേ...’ ചിലത് നേടുമ്പോൾ ചിലതെല്ലാം നഷ്ടപ്പെടുന്നു, ചിലത് നഷ്ടപ്പെടുമ്പോൾ മറ്റുചിലത് കൈവരുന്നു; നേട്ടങ്ങളും നഷ്ടങ്ങളും തന്നെയല്ലേ ജീവിതത്തിന്റെ കാതൽ?
അരനൂറ്റാണ്ടിലേറെക്കാലംമുൻപ് പുറത്തുവന്ന ‘ശോർ’ എന്ന ചിത്രത്തിൽ സന്തോഷ് ആനന്ദ് എഴുതി ലക്ഷ്മീകാന്ത് പ്യാരേലാലിന്റെ ഈണത്തിൽ മുകേഷും ലതയും ചേർന്ന് പാടിയ ‘ഏക് പ്യാർ കാ നഗ്‌മാ ഹേ’ എന്ന അപൂർവസുന്ദരഗാനത്തിന്റെ ചരണം. ‘‘എന്റെ ജീവിതമുണ്ട് ആ വരികളിൽ.’’ ചോദ്യംചോദിച്ച ലേഖകനോട് മനോജ് പറഞ്ഞു. ഭാഗധേയങ്ങൾ മാറിമറിഞ്ഞ സ്വന്തം ചലച്ചിത്രയാത്രതന്നെയാണ് ആ വരികളിൽ പ്രതിഫലിക്കുന്നതെന്ന് മനോജ്.
സ്വന്തം സിനിമകളിലെല്ലാം അർഥദീപ്തമായ ഗാനങ്ങൾ വേണമെന്ന് നിർബന്ധമുണ്ടായിരുന്നു മനോജിന്. സംവിധാനംചെയ്ത പടങ്ങളിൽമാത്രമല്ല, അഭിനയിച്ചവയിലും. മുകേഷായിരുന്നു എന്നും ഇഷ്ടഗായകൻ. ചാന്ദ് സി മെഹ്‌ബൂബ, മേ തോ ഏക് ഖ്വാബ് ഹൂം (ഹിമാലയ് കി ഗോദ് മേ), മേ നാ ഭൂലൂംഗാ (രോട്ടി കപ്ഡാ ഔർ മകാൻ), കോയീ ജബ് തുംഹാരാ (പൂരബ് ഔർ പശ്ചിം), തേരി യാദ് ദിൽ സെ (ഹരിയാലി ഔർ രാസ്ത), തും ബിൻ ജീവൻ കൈസെ ബീത്താ (അനിത)... എല്ലാം മുകേഷിന്റെ ശബ്ദത്തിൽ മനോജ് പാടി അഭിനയിച്ച വിഷാദമധുരഗാനങ്ങൾ.
റഫിയുടെ സൂപ്പർഹിറ്റ് പാട്ടുകളിൽ ചിലതിനൊത്ത് ചുണ്ടനക്കാൻ ഭാഗ്യമുണ്ടായതും മനോജിനുതന്നെ. പഥർ കേ സനം (പഥർ കേ സനം), രഹാ ഗർദിഷോം മേ (ദോ ബദൻ), ദൂർ രഹ് കർ (അമാനത്ത്), ജാനേ ചമൻ ഷോലാ ബദൻ (ഗുംനാം) എന്നിവ ഉദാഹരണം. ദേശഭക്തിപ്രമേയമായ സിനിമകളിലാണ് മനോജ് കുമാർ - മഹേന്ദ്ര കപൂർ കൂട്ടുകെട്ടിന്റെ ഇന്ദ്രജാലം നാം കേട്ടത്: മേരെ ദേശ് കി ധർത്തീ (ഉപ്കാർ), ഭാരത് കാ രഹ്‌നേവാലാ ഹൂം (പൂരബ് ഔർ പശ്ചിം) തുടങ്ങിയ പാട്ടുകളിലൂടെ. മഹേന്ദ്രകപൂറിന് ഏറ്റവും മികച്ച ഗായകനുള്ള 1967-ലെ ദേശീയ അവാർഡ് നേടിക്കൊടുത്ത പാട്ടാണ് മേരെ ദേശ് കി ധർത്തി.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക് പ്രണയഗാനങ്ങളിലൊന്നിന് നാം കടപ്പെട്ടിരിക്കുന്നതും മനോജിനോടുതന്നെ: പാടി അനശ്വരമാക്കിയത് ലതാജിയാണെങ്കിലും: ‘ലഗ് ജാ ഗലേ കേ ഫിർ യേ ഹസീൻ രാത് ഹോ ന ഹോ...’ ഭാഗ്യംകൊണ്ടുമാത്രം ‘വോ കോൻ ഥി’ (1964) യിൽ ഇടംനേടിയ പാട്ടാണ് ‘ലഗ് ജാ ഗലേ’. വരികൾക്കും ഈണത്തിനും ഗൗരവം കൂടിപ്പോയതിനാൽ പാട്ട് സിനിമയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു സംവിധായകൻ രാജ് ഖോസ്‌ലെയുടെ നിലപാട്. പക്ഷേ, നായകൻ മനോജ്കുമാർ വഴങ്ങിയില്ല. ആ പാട്ടായിരിക്കും സിനിമയുടെ മുഖ്യ ആകർഷണമെന്നകാര്യത്തിൽ സംശയമില്ലായിരുന്നു അദ്ദേഹത്തിന്. മനസ്സില്ലാമനസ്സോടെ പാട്ട് സിനിമയിൽ ഉൾപ്പെടുത്താൻ ഖോസ്‌ല സമ്മതിക്കുന്നു. രാജാ മെഹ്ദി അലി ഖാൻ എഴുതി മദൻ മോഹൻ ചിട്ടപ്പെടുത്തിയ ‘ലഗ് ജാ ഗലേ’ ജനം ഏറ്റുപാടിയതും തലമുറകൾക്കപ്പുറത്തേക്ക് വളർന്ന് ക്ലാസിക് പരിവേഷം ആർജിച്ചതും പിൽക്കാലചരിത്രം. നന്ദിപറയേണ്ടത് മനോജിനോടാണ്.
Content Highlights: histrion manojkumar movie songs
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·