'ഹൃദയപൂര്‍വ്വ'ത്തിന്റെ ഭാഗമായത് സ്വപ്‌നസാക്ഷാത്കാരമെന്ന് ബേസില്‍; നന്ദി പറഞ്ഞ് അഖില്‍ സത്യന്‍

4 months ago 4

19 September 2025, 02:59 PM IST

mohanlal hridayapoorvam basil joseph sathyan anthikad akhil sathyan

ബേസിൽ ജോസഫ് മോഹൻലാലിനും സത്യൻ അന്തിക്കാടിനുമൊപ്പം | Photo: Instagram/ Basil Joseph

'ഹൃദയപൂര്‍വ്വം' ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷം പങ്കുവെച്ച്‌ സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. പ്രശസ്തരായ രണ്ട് 'ഇതിഹാസങ്ങള്‍ക്കൊപ്പം' പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് 'ഒരു സ്വപ്‌നം യാഥാര്‍ഥ്യമായതുപോലെ' ആയിരുന്നുവെന്ന് ബേസില്‍ ജോസഫ് കുറിച്ചു. ചിത്രത്തിന്റെ ഭാഗമായതില്‍ ബേസിലിന് ചീഫ് അസോസിയേറ്റ് ഡയറക്ടറായ അഖില്‍ സത്യന്‍ നന്ദി അറിയിച്ചു.

'ഈ രണ്ട് ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് സ്വപ്‌നസാക്ഷാത്കാരംപോലെയായിരുന്നു. എന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട സിനിമകളില്‍ ഭൂരിഭാഗവും ഈ കൂട്ടുകെട്ടിന്റേതായിരുന്നു. അതൊരു നൊസ്റ്റാള്‍ജിയയാണ്. വര്‍ഷങ്ങള്‍ക്കുശേഷം, അവരുടെ 'ഹൃദയപൂര്‍വ്വം' എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ കഴിഞ്ഞതുപോലും വലിയ ബഹുമതിയായിരുന്നു. സത്യന്‍ അന്തിക്കാട് സാറിനും മോഹന്‍ലാല്‍ സാറിനും അനൂപ് സത്യനും നന്ദി', എന്നായിരുന്നു ബേസിലിന്റെ കുറിപ്പ്. മോഹന്‍ലാലിനും സത്യന്‍ അന്തിക്കാടിനും ഒപ്പമുള്ള ചിത്രവും ബേസില്‍ പങ്കുവെച്ചു.

ബേസിലിന്റെ പോസ്റ്റില്‍ കമന്റ് ആയാണ് 'ഹൃദയപൂര്‍വ്വ'ത്തിന്റെ ഭാഗമായതിന് അനൂപ് സത്യന്‍ നന്ദി അറിയിച്ചത്. 'ബേസില്‍, താങ്കളുടെ കൂടെ പ്രവര്‍ത്തിക്കുന്നത് വളരേ രസകരമായിരുന്നു. 'ഹൃദയപൂര്‍വ്വ'ത്തിന്റെ ഭാഗമായതിന് നന്ദി', എന്നായിരുന്നു അനൂപിന്റെ മറുപടി. 'ആ 'റൂമര്‍' പുറത്തുവിട്ട മനുഷ്യനും നന്ദി', എന്നും അനൂപ് കമന്റില്‍ കൂട്ടിച്ചേര്‍ത്തു.

ഓണം റിലീസായി എത്തിയ സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വ്വം' തീയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സത്യന്‍ അന്തിക്കാടിനൊപ്പം മക്കളായ അനൂപ് സത്യനും അഖില്‍ സത്യനും ചിത്രത്തില്‍ ഒന്നിച്ചുവെന്ന പ്രത്യേകതയുണ്ട്. ചിത്രത്തില്‍ ബേസില്‍ ജോസഫ് അതിഥിവേഷത്തിലെത്തിയിരുന്നു.

Content Highlights: Basil Joseph Calls 'Hridayapoorvam' Role a Dream Come True with Mohanlal & Sathyan Anthikad

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article