10 വര്‍ഷംകൊണ്ട് 1.24 കോടി:  ഈ നിക്ഷേപ തന്ത്രം വിജയിക്കുമോ? 

5 months ago 6

പ്രതിമാസം 1.50 ലക്ഷം രൂപ വരുമാനമുള്ള കുടുംബത്തിന് പത്ത് വര്‍ഷം കൊണ്ട് 1.24 കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കാന്‍ കഴിയുമോ? വീട്ട് വാടക, ഇഎംഐ, പലചരക്ക് സാധനങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം എന്നിങ്ങനെ നിരവധി ചെലവുകളുണ്ടാകും. മെട്രോ നഗരങ്ങളിലാണെങ്കില്‍ ചെലവില്‍ കാര്യമായ വര്‍ധനവുണ്ടാകും. ഒരു ലക്ഷത്തിന് മുകളില്‍ വരുമാനമുണ്ടെങ്കില്‍ പോലും പണം മിച്ചംവെച്ച് നല്ലൊരുതുക സമ്പാദിക്കുന്നത് വിദൂര സ്വപ്‌നമായി തോന്നാം. എന്നാല്‍ ചിട്ടയായ സമീപനത്തിലൂടെ പത്ത് വര്‍ഷം കൊണ്ട് എങ്ങനെ 1.24 കോടി രൂപ സമാഹരിക്കാമെന്ന് സാമ്പത്തിക ഉപദേഷ്ടാവായ വിജയ് മഹേശ്വരി ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വിശദീകരിക്കുന്നു.

ചെലവുകള്‍:

  • 3,500 രൂപ-ആരോഗ്യ ഇന്‍ഷുറന്‍സ് (പരിരക്ഷ 50 ലക്ഷം)
  • 3,500 രൂപ- ടേം ഇന്‍ഷുറന്‍സ് (പരിരക്ഷ 1.5 കോടി)
  • 60,000 രൂപ-വാടകയും മറ്റ് ബില്ലുകളും
  • 30,000 രൂപ-ഇഎംഐ(വീട്, കാറ്)

ആകെ: 97,000 രൂപ.

നിക്ഷേപിക്കാന്‍ ബാക്കിയുള്ളതുക: 53,000 രൂപ.

തുക വര്‍ധിപ്പിക്കാതെ 10 വര്‍ഷം മാസംതോറും 53,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണ് മുന്നോട്ടുവെയ്ക്കുന്നത്.

  • ഹ്രസ്വകാല ലക്ഷ്യങ്ങള്‍: ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍-15,000 രൂപ.
  • ഇടക്കാല ലക്ഷ്യങ്ങള്‍: ഹൈബ്രിഡ് ഫണ്ടുകള്‍-15,000 രൂപ.
  • ദീര്‍ഘകാല ലക്ഷ്യങ്ങള്‍: ഇക്വിറ്റി ഫണ്ടുകള്‍-20,000 രൂപ.
  • കരുതല്‍ നിക്ഷേപം: സ്വര്‍ണം-3000 രൂപ

മുന്നോട്ടുവെയ്ക്കുന്ന നേട്ടക്കണക്കുകള്‍:

  • ഡെറ്റ് ഫണ്ടുകളിലെ 15,000 രൂപയുടെ പ്രതിമാസ നിക്ഷേപം 27 ലക്ഷമാകും.
  • ഹൈബ്രിഡ് ഫണ്ടുകളിലെ 15,000 രൂപയുടെ എസ്‌ഐപി 33 ലക്ഷം രൂപയായി വളരും.
  • ഇക്വിറ്റി ഫണ്ടിലെ 20,000 രൂപയുടെ എസ്‌ഐപി 58 ലക്ഷമാകും.
  • സ്വര്‍ണത്തിലെ 3,000 രൂപ വീതമുള്ള നിക്ഷേപത്തിന്റെ മൂല്യം ആറ് ലക്ഷമാകും.

ഇതുപ്രകാരം മൊത്തം ലഭിക്കുന്ന തുക 1.24 കോടി രൂപ.

എത്ര ശതമാനം വാര്‍ഷിക റിട്ടേണ്‍ പ്രകാരമാണ് ഈ വിലയിരുത്തല്‍ എന്ന് നോക്കാം.

ഡെറ്റ് ഫണ്ട്:

  • എസ്‌ഐപി തുക- 15,000 രൂപ.
  • സമ്പാദ്യം-27 ലക്ഷം രൂപ.
  • ആദായ നിരക്ക്- 7.60%

ഹൈബ്രിഡ് ഫണ്ട് നിക്ഷേപം

  • എസ്‌ഐപി തുക- 15,000 രൂപ.
  • സമ്പാദ്യം- 33 ലക്ഷം രൂപ.
  • ആദായ നിരക്ക്- 11.10%

ഇക്വിറ്റി എസ്‌ഐപി

  • എസ്‌ഐപി തുക- 20,000 രൂപ.
  • സമ്പാദ്യം- 58 ലക്ഷം രൂപ.
  • ആദായ നിരക്ക്- 15.65%

സ്വര്‍ണ്ണം

  • പ്രതിമാസ നിക്ഷേപ തുക- 3,000 രൂപ.
  • സമ്പാദ്യം- 6 ലക്ഷം രൂപ.
  • ആദായ നിരക്ക്- 9.70%

വെല്ലുവിളികള്‍:
പ്രതിമാസ ശമ്പളത്തില്‍നിന്ന് ഇത്രയും തുക മിച്ചം പിടിക്കുന്നത് പലര്‍ക്കും വെല്ലുവിളിയായേക്കാം. അതുപോലെതന്നെയാണ് ആദായ നിരക്കും. ഡെറ്റ് ഫണ്ട്, ഇക്വിറ്റി ഫണ്ട് എന്നിവയില്‍നിന്ന് ഇത്രയും ആദായം എളുപ്പത്തില്‍ ലഭിക്കാന്‍ സാധ്യതയില്ല. ഡെറ്റില്‍നിന്ന്‌ ശരാശരി ഏഴ് മുതല്‍ എട്ട് ശതമാനംവരെയെ പ്രതീക്ഷിക്കാന്‍ കഴിയൂ.

15.65 ശതമാനം റിട്ടേണ്‍ ആണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍നിന്ന് കണക്കാക്കിയിട്ടുള്ളത്. ഇക്വിറ്റി ഫണ്ടുകളില്‍നിന്ന് 12-13 ശതമാനം ആദായമാണ് സാധാരണ കണക്കാക്കാറുള്ളത്. കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാത്രം. പ്രതിരോധ ആസ്തിയായി കരുതുന്ന സ്വര്‍ണത്തില്‍നിന്ന് നിലവില്‍ മികച്ച ആദായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഭാവിയില്‍ അത്രയും ലഭിക്കണമെന്നില്ല. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ട്രംപിന്റെ താരിഫ് സംഘര്‍ഷവുമൊക്കെയാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ കുതിപ്പിന് പിന്നില്‍. എന്നിരുന്നാലും മികച്ച രീതിയില്‍ വൈവിധ്യവത്കരിച്ച ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പോര്‍ട്‌ഫോളിയോതന്നെയാണ് ദീര്‍ഘകാലയളവില്‍ സമ്പത്ത് കെട്ടിപ്പടുക്കാനുള്ള മികച്ച മാര്‍ഗമെന്നകാര്യത്തില്‍ സംശയമില്ല. കാലംതെളിയിച്ചിട്ടുള്ളതും അതുതന്നെയാണ്.

Content Highlights: ₹1.24 Crore Savings Goal: Is This Investment Plan Feasible for a Typical Household?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article